കൊച്ചി: മസാല ബോണ്ട് പുറപ്പെടുവിച്ചത് മുഖ്യമന്ത്രി ചെയർമാനായ കിഫ്ബി ഡയറക്ടർ ബോർഡ് തീരുമാനപ്രകാരമാണെന്ന് മുൻധനമന്ത്രി ഡോ. തോമസ് ഐസക് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി ) അറിയിച്ചു. ധനമന്ത്രിയായിരുന്നപ്പോൾ ബോർഡ് അംഗമെന്ന നിലയിൽ മാത്രമേ കിഫ്ബിയുമായി ബന്ധമുണ്ടായിരുന്നുള്ളൂ. കഴിഞ്ഞ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നൽകിയ നോട്ടീസിന് ദൂതൻ മുഖാന്തിരം കൊച്ചിയിലെ ഇ.ഡി അധികൃതർക്ക് മറുപടിയിലാണ് വിശദീകരണം.
ബോണ്ട് ഇറക്കിയതിൽ തനിക്ക് വ്യക്തിപരമായ ഉത്തരവാദിത്വമില്ല. കിഫ്ബിയുടെ 17 ബോർഡംഗങ്ങൾ ചേർന്നാണ് തീരുമാനങ്ങളെക്കുന്നത്. മുഖ്യമന്ത്രിയാണ് ബോർഡ് ചെയർമാൻ. കിഫ്ബി വൈസ് ചെയർമാൻ, എക്സിക്യുട്ടീവ് കമ്മിറ്റിയംഗം എന്നിവ ധനമന്ത്രിയെന്ന നിലയിലുള്ള എക്സ് ഒഫീഷ്യോ പദവികൾ മാത്രമായിരുന്നു താനെന്ന് അദ്ദേഹം അറിയിച്ചു.
മന്ത്രിസ്ഥാനം ഒഴിഞ്ഞതിനാൽ കിഫ്ബിയുടെ രേഖകളും കണക്കുകളും തനിക്ക് ലഭിക്കില്ലെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ അറിയിച്ചിരുന്നു. ഇതിൽ കൂടുതൽ വ്യക്തത വരുത്തിയാണ് വിശദീകരണം.മസാല ബോണ്ടിറക്കിയതിൽ വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചോയെന്നാണ് ഇ.ഡി അന്വേഷിക്കുന്നത്. ബോണ്ടിലൂടെ ശേഖരിച്ച തുക വിനിയോഗിച്ചതിന്റെ കണക്കുകളാണ് ഇ.ഡി ആവശ്യപ്പെട്ടിരുന്നത്. ആദ്യ നോട്ടീസ് നൽകിയപ്പോൾ അദ്ദേഹവും കിഫ്ബിയും കോടതിയെ സമീപിച്ചിരുന്നു. അനാവശ്യമായി നോട്ടീസ് അയയ്ക്കുകയാണെന്ന് ഹർജിയിൽ പറഞ്ഞിരുന്നു. തുടർന്ന് ഒരു നോട്ടീസ് പിൻവലിക്കുന്നതായി ഇ.ഡി കോടതിയെ അറിയിച്ചിരുന്നു. ഈമാസം 12നും 20 നും ഹാജരാകാൻ തവണ നോട്ടീസ് നൽകിയെങ്കിലും അദ്ദേഹം ഹാജരായില്ല. തുടർന്നാണ് ദൂതൻ വഴി വിശദീകരണം കൈമാറിയത്.
ഇ.ഡിക്ക് വഴികൾ മൂന്ന്
മൂന്നു തവണ നോട്ടീസ് നൽകിയിട്ടും ഹാജരാകാത്ത സാഹചര്യത്തിൽ അടുത്ത നടപടി ഇ.ഡി അധികൃതർ തീരുമാനിക്കും. വീണ്ടും നോട്ടീസ് നൽകി വിളിപ്പിക്കാൻ കഴിയും. ഹാജരാകാൻ തയ്യാറാകാത്ത സാഹചര്യത്തിൽ എവിടെയാണോയുള്ളത്, അവിടെയെത്തി ചോദ്യം ചെയ്യാൻ ഇ.ഡിക്ക് അധികാരമുണ്ട്. ആവശ്യമെങ്കിൽ കസ്റ്റഡിയിലെടുത്ത് ഇ.ഡി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യാനും കഴിയുമെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ പറഞ്ഞിട്ടില്ല: ഐസക്
കിഫ്ബി വായ്പയും മസാലബോണ്ടും ഇറക്കിയത് മുഖ്യമന്ത്രി ചെയർമാനായ ബോർഡ് യോഗമാണെന്നും ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്നും പറഞ്ഞിട്ടില്ലെന്ന് തോമസ് ഐസക്. ഇ.ഡിക്ക് നൽകിയ മറുപടിയിലും അങ്ങനെ സൂചിപ്പിച്ചിട്ടില്ല.
കിഫ്ബി മസാല ബോണ്ട് ഇറക്കിയതിനെ കുറിച്ചും പണത്തിന്റെ വിനിയോഗം സംബന്ധിച്ചും കിഫ്ബി വൈസ് ചെയർമാൻ, എക്സിക്യുട്ടിവ് കമ്മിറ്റി ചെയർമാൻ എന്നീ നിലയിൽ തെളിവു നൽകാൻ ഹാജരാകണമെന്നതാണ് ഇ.ഡി പറഞ്ഞിട്ടുള്ളത്. എന്നാൽ ഈ രണ്ടു പദവികളും ധനമന്ത്രി എന്ന നിലയിൽ വഹിച്ചതാണ്, വ്യക്തിപരമായല്ല. നിയമസഭ പാസാക്കിയ കിഫ്ബി ആക്ടിന്റെ വ്യവസ്ഥകൾ പ്രകാരമാണ് ബോർഡ് രൂപീകരിച്ചത്. മുഖ്യമന്ത്രിയും ധനമന്ത്രിയും ഔദ്യോഗിക സ്ഥാനത്തിന്റെ അടിസ്ഥാനത്തിലാണ് ചെയർമാനും വൈസ് ചെയർമാനുമാകുന്നത്. ഇക്കാര്യമാണ് പറഞ്ഞത്. എക്സിക്യുട്ടീവ് കമ്മിറ്റി ചെയർമാൻ എക്സ് ഓഫീഷ്യോ പദവിയാണ്. അതുകൊണ്ട് തന്നെ രേഖകൾ കൈമാറാൻ നിയമപരമായ ബാദ്ധ്യതയില്ലെന്ന് ഇ.ഡിയെ അറിയിച്ചു.
അതേസമയം കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് ഇ.ഡി അയച്ച സമൻസ് അന്തഃസത്തയ്ക്കു യോജിച്ചതല്ലെന്ന് മുൻമന്ത്രി ഡോ.തോമസ് ഐസക്ക്. അടൂരിൽ മാദ്ധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവശ്യമെങ്കിൽ കോടതിയെ വീണ്ടും സമീപിക്കും. വ്യക്തിപരമായി തനിക്ക് ഉത്തരവാദിത്വമുള്ള സംഭവമല്ല ഇത്. കിഫ്ബി ബോർഡാണ് മസാല ബോണ്ട് സംബന്ധിച്ച തീരുമാനമെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |