ഏഷ്യൻ കപ്പിൽ ഇന്നലെ സിറിയയും ഇന്ത്യയെ തോൽപ്പിച്ചു
1-0
ദോഹ : മൂന്നാം മത്സരത്തിൽ സിറിയയോടും തോറ്റതോടെ ഇന്ത്യയുടെ എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാൾ സ്വപ്നങ്ങൾ അവസാനിച്ചു. ഇന്നലെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ തോൽവി വഴങ്ങിയത്. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയോടും രണ്ടാം മത്സരത്തിൽ ഉസ്ബക്കിസ്ഥാനോടുമാണ് ഇന്ത്യ തോറ്റിരുന്നത്.
ഈ ടൂർണമെന്റിൽ ഒരു ഗോൾ പോലും നേടാനാകാതെയാണ് സുനിൽ ഛെത്രിയും സംഘവും മടങ്ങുന്നത്. 76-ാം മിനിട്ടിൽ ഒമർ ഖിർബിനിലൂടെയാണ് സിറിയ വിജയ ഗോൾ നേടിയത്. മത്സരത്തിലുടനീളം മികവ് പുലർത്തിയത് സിറിയൻ താരങ്ങളാണ്.20 ഓളം ഷോട്ടുകൾ അവർ തൊടുത്തപ്പോൾ ഇന്ത്യയ്ക്ക് എട്ട് ഷോട്ടുകൾ മാത്രമാണ് തൊടുക്കാനായത്. ഇതിലൊന്ന് മാത്രമായിരുന്നു പോസ്റ്റിലേക്ക് ഉന്നം വച്ചുള്ളതായിരുന്നത്. ഇത് സിറിയൻ പ്രതിരോധം തട്ടികയറ്റുകയും ചെയ്തു.
2019ൽ ഇന്റർ കോണ്ടിനെന്റൽ കപ്പിലാണ് ഇന്ത്യയും സിറിയയും തമ്മിൽ ഇതിന് മുമ്പ് ഏറ്റുമുട്ടിയിരുന്നത്. അന്ന് 1-1ന് സമനിലയിൽ പിരിയുകയായിരുന്നു.
ആറുഗോളുകളാണ് ടൂർണമെന്റിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ ഇന്ത്യ വഴങ്ങിയത്. ആദ്യ മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്കാണ് ഓസ്ട്രേലിയ ഇന്ത്യയെ തോൽപ്പിച്ചിരുന്നത്. ഉസ്ബക്കിസ്ഥാൻ മറുപടിയില്ലാത്ത മൂന്നുഗോളുകളാണ് സമ്മാനിച്ചത്.
മാർച്ച് 21ന് അഫ്ഗാനിസ്ഥാനെതിരെ ലോകകപ്പ് യോഗ്യതയുടെ രണ്ടാം റൗണ്ട് മത്സരത്തിലാണ് ഇന്ത്യൻ ഫുട്ബാൾ ടീം ഇനി കളിക്കാനിറങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |