തിരുവനന്തപുരം: അന്താരാഷ്ട്ര തലത്തിൽ കേരളത്തെ മികച്ച വെൽനെസ്സ്, ഫിറ്റ്നസ് ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നാല് ദിവസങ്ങളിലായി നടക്കുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടി (ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റ് കേരള) ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കായിക മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തിന്റെ കായിക ചരിത്രത്തിൽ ആദ്യമായി കായിക നയം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ ദേശീയ, അന്തർദേശീയ കായിക വിദഗ്ധരും നിക്ഷേപകരും സംരംഭകരും പങ്കെടുക്കും.
രാജ്യത്ത് ആദ്യമായൊരു സംസ്ഥാനം കായിക മേഖലയിൽ സമ്പൂർണ കായിക നയം രൂപപ്പെടുത്തി ദേശീയ കായിക ചരിത്രത്തിൽ പുത്തൻ അധ്യായം രചിക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. . സംസ്ഥാന സർക്കാരിന്റെ പ്രകടന പത്രികയിൽ പറഞ്ഞ, കായിക വകുപ്പുമായി ബന്ധപ്പെട്ട 17ഓളം കാര്യങ്ങൾ പൂർത്തീകരിക്കാൻ കഴിഞ്ഞതായി കായിക മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. "കായിക മികവിന്റെ പാരമ്യത്തിലേക്ക് കേരളത്തെ എത്തിക്കാനുള്ള അടിസ്ഥാന കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഉച്ചകോടി നടത്തുന്നത്. ഹോം സ്പോർട്സ്, കമ്മ്യൂണിറ്റി സ്പോർട്സ്, വുമൺ സ്പോർട്സ് എന്നിവയിലൂന്നിയുള്ള പ്രവർത്തനങ്ങളാണ് കായിക മേഖലയിൽ നടത്താൻ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഓരോ പഞ്ചായത്തിലും ഒരു മാതൃക നടപ്പാത, ഓപ്പൺ ജിംനേഷ്യം, നീന്തൽ പരിശീലന കേന്ദ്രം എന്നിവയും ആരംഭിക്കും."- മന്ത്രി പറഞ്ഞു.
കൊച്ചി, കോഴിക്കോട്, തൃശൂർ, പത്തനംതിട്ട എന്നിവടങ്ങളിൽ ഡൊമസ്റ്റിക് സ്റ്റേഡിയങ്ങളും നിലവിലുള്ള വികസിപ്പിക്കുന്നതിനുമായി 450 കോടിയുടെ പദ്ധതികൾ പുരോഗമിക്കുകയാണ്. മീരാൻ ഗ്രൂപ്പും സ്കോർലൈൻ സ്പോർട്സും കേരള ഫുട്ബോൾ അസോസിയേഷനുമായി ചേർന്ന് 8 സ്റ്റേഡിയങ്ങളും 4 ഫുട്ബോൾ അക്കാദമികളുടെ വികസനത്തിനുമായി 800 കോടിയുടെ പദ്ധതിക്ക് സന്നദ്ധത അറിയിച്ചു. കേരളത്തിൽ ഇ- സ്പോർട്സ് വികസിപ്പിക്കുന്നതിനു രാജ്യത്തെ പ്രമുഖ ഇ- സ്പോർട്ടിംഗ് കമ്പനികളായ നോ സ്കോപ്പിംഗ്, ബീറ്റാ ഗ്രൂപ്പും ചേർന്ന് 350 കോടി രൂപയുടെ പദ്ധതികൾക്ക് സന്നദ്ധത പ്രകടിപ്പിച്ചു.
സ്പീക്കർ എ. എൻ. ഷംസീർ, റവന്യു മന്ത്രി കെ. രാജൻ, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, കൃഷി മന്ത്രി പി. പ്രസാദ്, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, എം എൽ മാരായ കടകംപ്പള്ളി സുരേന്ദ്രൻ, വി. ജോയി, വി. കെ പ്രശാന്ത് , കെ. അൻസാലൻ, സി കെ ഹരീന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി, ചീഫ് സെക്രട്ടറി വി. വേണു ഐ എ എസ്, കായിക- യുവജനകാര്യ സെക്രട്ടറി പ്രണബ് ജ്യോതി നാഥ് ഐഎഎസ്, ഒളിമ്പ്യൻ അശ്വിനി നച്ചപ്പ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |