തൃശൂർ: സർക്കാർ ഗ്രാന്റ് വൈകുന്നതുമൂലം കലാമണ്ഡലം ജീവനക്കാരുടെ മുടങ്ങിയ രണ്ടുമാസത്തെ ശമ്പളത്തിൽ നവംബറിലേത് കഴിഞ്ഞ ദിവസം നൽകി. ഡിസംബറിലേത് താമസിയാതെ നൽകും. അതേസമയം ശമ്പളത്തിൽ നിന്ന് പിടിക്കുന്ന പി.എഫ്, ഇൻഷ്വറൻസ് തുക അടച്ചിട്ടില്ലെന്നാണ് വിവരം.
ഗ്രാന്റ് വൈകുന്നതിനാൽ ഒരു കൊല്ലത്തിലധികമായി ശമ്പളം കൃത്യമല്ലെന്നും രണ്ട് മാസത്തെ ശമ്പളം മുടങ്ങിയെന്നും കേരളകൗമുദി ഈ മാസം 14ന് റിപ്പോർട്ട് ചെയ്‌തിരുന്നു.
2007ൽ കൽപ്പിത സർവകലാശാലയാക്കിയപ്പോൾ സ്ഥിരം ജീവനക്കാർ കൂടിയെങ്കിലും ആനുപാതികമായി ഗ്രാന്റ് വർദ്ധിപ്പിച്ചില്ല. കുട്ടികൾ കുറവുള്ള ചില കോഴ്‌സുകൾ നിറുത്താനാകില്ല. നിശ്ചിത എണ്ണം അദ്ധ്യാപകരും വേണം.
സാംസ്‌കാരിക സർവകലാശാല പരിഗണനയിൽ
കലാമണ്ഡലത്തെ സാംസ്‌കാരിക സർവകലാശാലയാക്കുന്നത് (കേരള കലാമണ്ഡലം യൂണിവേഴ്‌സിറ്റി ഫോർ ആർട്‌സ് ആൻഡ് കൾച്ചർ) സംബന്ധിച്ച വിശദ പദ്ധതി റിപ്പോർട്ട് സർക്കാർ പരിഗണനയിലെന്നാണ് വിവരം. സാഹിത്യ, സംഗീത നാടക, ലളിതകലാ, ഫോക്‌ലാേർ, ചലച്ചിത്ര അക്കാഡമികൾ, ഗവ. മ്യൂസിക്, ഫൈൻ ആർട്‌സ് കാേളേജുകൾ തുടങ്ങിയവ ഇതിന്റെ കീഴിലാക്കാനാണ് ശുപാർശ. കുഫോസ് പരീക്ഷാ കൺട്രോളറും സ്‌പെഷ്യൽ ഓഫീസറുമായ ഡോ. കെ.പി. സുഭാഷ്ചന്ദ്രനാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
ശമ്പളല്യല്ലോ... ശമ്പളല്യല്ലോ...
ശമ്പളം മുടങ്ങുന്നതിനെപ്പറ്റി ശമ്പളല്യല്ലോ... ശമ്പളലല്ല്യോ... കേരള കലാമണ്ഡലത്തിൽ എന്ന പാട്ട് വാട്‌സാപ്പിൽ പ്രചരിക്കുന്നു. ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ കലാനിലയത്തിലും ശമ്പളമില്ലെന്നും മഹാകവി വള്ളത്തോളും മുകുന്ദരാജയും ഉണ്ടാക്കിയ കലാമണ്ഡലം ഇങ്ങനെയായാൽ നശിക്കുമെന്നും പാട്ടിലുണ്ട്. 'മല്ലികപ്പൂമ്പൊടിയേറ്റിട്ടും ദൈവമേ കാശില്ലായെങ്കിൽ എന്തു ഗതി' എന്ന് ചാൻസലർ മല്ലിക സാരാഭായിയെ ഉദ്ദേശിച്ചുള്ള വരികളും ഉണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |