SignIn
Kerala Kaumudi Online
Sunday, 06 October 2024 2.56 PM IST

പി.എച്ച്.സികളിലും പേവിഷ വാക്സിൻ

Increase Font Size Decrease Font Size Print Page
c

തെരുവു നായ ശല്യം വർദ്ധിച്ചുവരുന്നതു കണക്കിലെടുത്ത് രാജ്യത്തെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും പേവിഷ പ്രതിരോധ വാക്‌സിനും സിറവും നിർബന്ധമായും സ്റ്റോക്ക് ചെയ്യണമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരിക്കുന്നു. തെരുവുനായപ്പേടിയിൽ കഴിയുന്ന കേരളത്തിൽ പല സർക്കാർ ആശുപത്രികളിലും ആവശ്യത്തിനു വാക്സ‌ിൻ സ്റ്റോക്കില്ലെന്നത് യാഥാർത്ഥ്യമാണ്. മുകൾത്തട്ടിലെ ആശുപത്രികളിൽ മാത്രമല്ല, ഏറ്റവും താഴെ തട്ടിലുള്ള പ്രൈമറി ഹെൽത്ത് സെന്ററുകളിലും പേവിഷ വാക്‌സിൻ ലഭ്യതയിൽ കുറവുണ്ടാകരുതെന്നാണ് നിർദ്ദേശം.

രാജ്യത്ത് എല്ലായിടത്തുമുണ്ട് നായശല്യം. വൻ നഗരങ്ങൾ പോലും ഇതിൽ നിന്നു മുക്തമല്ല. തെരുവു നായകൾ പെരുകുന്നതു നിയന്ത്രിക്കാൻ സർക്കാർ തലത്തിൽ സ്വീകരിക്കുന്ന നടപടികൾ ഫലപ്രദമാകുന്നില്ലെന്നു ബോദ്ധ്യപ്പെടുത്തുന്നതാണ് നായയുടെ കടിയേറ്റ് ആശുപത്രികളിലെത്തുന്നവരുടെ വർദ്ധിച്ചുവരുന്ന കണക്കുകൾ.

ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടനുസരിച്ച് ലോകത്തൊട്ടാകെ ഒരുവർഷം പേവിഷബാധയേറ്റ് 55,​000 പേർ മരണമടയുന്നുണ്ട്. ഇവരിൽ ഇരുപതിനായിരത്തോളം പേർ ഇന്ത്യക്കാരാണ്. കടിയേറ്റാലുടൻ കുത്തിവയ്‌പ് എടുക്കുന്നതിലൂടെ പേവിഷ മരണങ്ങൾ തടയാൻ കഴിയും. എന്നാൽ പല കാരണങ്ങളാൽ അതിനു കഴിയാത്തവരാണ് അതിദയനീയമായ മരണത്തിനു കീഴടങ്ങേണ്ടിവരുന്നത്.

പേവിഷ ബാധയേറ്റുകഴിഞ്ഞാൽ ചികിത്സയൊന്നുമില്ലാത്ത രോഗമാണിതെന്ന തിരിച്ചറിവ് ഇല്ലാത്തവരാണ് പലപ്പോഴും ഇരകളാകുന്നത്. സർക്കാർ ആശുപത്രികളിൽ മരുന്ന് ലഭിക്കാത്തതും സ്വകാര്യ ആശുപത്രികളിൽ ഈടാക്കുന്ന വർദ്ധിച്ച വിലയും കുറെപ്പേരെയെങ്കിലും യഥാസമയം കുത്തിവയ്പ് എടുക്കുന്നതിൽ നിന്ന് അകറ്റാറുണ്ട്. ഈ പ്രശ്നത്തിന് പരിഹാരമെന്നവണ്ണമാണ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ വരെ പേവിഷ പ്രതിരോധ മരുന്ന് എപ്പോഴും സ്റ്റോക്കുണ്ടായിരിക്കണമെന്നു കാണിച്ച് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. പേവിഷ പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട് എത്രയായാലും കേന്ദ്രം നൽകാമെന്ന ഉറപ്പും കൂട്ടത്തിലുണ്ട്. നാഷണൽ ഹെൽത്ത് മിഷനു കീഴിലാകും ഇതിനുള്ള സംവിധാനങ്ങൾ.

വളർത്തു നായകളിൽ നിന്നേൽക്കുന്ന ചെറിയൊരു മുറിവുപോലും അപകടകരമായേക്കാമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. അതുകൊണ്ടാണ് കടിയോ മറ്റു തരത്തിലുള്ള മുറിവോ ഏറ്റാൽ ഒട്ടും സമയം കളയാതെ കുത്തിവയ്‌പെടുക്കാൻ ആശുപത്രികളിലെത്തണമെന്ന് പറയാറുള്ളത്. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധയുള്ള കേരളീയർ ഇക്കാര്യത്തിൽ സദാ ശുഷ്കാന്തി കാണിക്കാറുണ്ട്. കുത്തിവയ്പ് എടുക്കാൻ അവർ മുന്നോട്ടു വരാറുമുണ്ട്. എന്നാൽ ഉപേക്ഷ കാരണം അതിനു തയ്യാറാകാത്ത അപൂർവം പേരെങ്കിലും ഇവിടെയുമുണ്ടാകാറുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽക്കൂടി കുത്തിവയ്പിന് സൗകര്യമുണ്ടാക്കിയാൽ വളരെ സഹായകമാകും. കുത്തിവയ്പിനായി താലൂക്ക് - ജില്ലാ ആശുപത്രികളിലോ മെഡിക്കൽ കോളേജ് ആശുപത്രികളിലോ പോകേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്.

പേവിഷ പ്രതിരോധ യത്നങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുന്നതിനൊപ്പം തെരുവു നായ ശല്യം കുറയ്ക്കാനുള്ള നടപടികളും ശക്തമാക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് തുടക്കമിട്ട പരിപാടികൾ വളരെയൊന്നും പുരോഗതി പ്രാപിച്ചിട്ടില്ലെന്ന് എല്ലാവർക്കും അറിയാം. നായശല്യം വല്ലാതെ വർദ്ധിക്കുന്ന അവസരങ്ങളിൽ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടുന്ന സമീപനമല്ല വേണ്ടത്. തെരുവു നായ്‌ക്കളുടെ പെരുപ്പം തടയുന്നതിനുദ്ദേശിച്ച് ആരംഭിച്ച എ.ബി.സി പദ്ധതിപോലും വേണ്ടത്ര വിജയിച്ചില്ല. ബന്ധപ്പെട്ട വകുപ്പുകളുടെ ഉത്സാഹക്കുറവു തന്നെയാണ് കാരണം. അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ് മറ്റൊന്ന്. എവിടെയും തെരുവുനായ ശല്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വിവിധ ഇടങ്ങളിൽ നിന്ന് അടിക്കടി വന്നുകൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ. ആരോഗ്യരംഗത്ത് മികച്ച നേട്ടങ്ങളുമായി നിൽക്കുന്ന സംസ്ഥാനത്തിന് തെരുവു നായകൾ ഭീഷണിയായി മാറാതെ നോക്കേണ്ടത് സർക്കാരിന്റെ കടമയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VACCINES
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.