ഇന്ത്യൻ തൊഴിലാളിവർഗം എണ്ണമറ്റ സമരങ്ങളിലൂടെ നേടിയെടുത്ത സംഘടിക്കുവാനും സമരം ചെയ്യാനുമുള്ള അവകാശങ്ങൾ കവർന്നെടുക്കാനുള്ള കേന്ദ്രസർക്കാരിന്റെ നടപടികൾക്കെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭങ്ങൾ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി ദേശീയ നിലവാരത്തിൽ തൊഴിലാളികളും ഇതര ജീവനക്കാരുടെ സംഘടനകളും സംയുക്തമായി നടത്തുന്ന ദേശീയ പണിമുടക്കിന് ജൂലായ് 9ന് രാജ്യം സാക്ഷ്യം വഹിക്കുകയാണ്. കഴിഞ്ഞ കുറെ നാളുകളായി ഇന്ത്യയിലെ തൊഴിലാളിവർഗ പ്രസ്ഥാനം തിരയൊഴിഞ്ഞ സാഗരം പോലെയാണ്. സമരപരമ്പരകളുടെ ഇടിമുഴക്കത്തോടെ വീണ്ടും തൊഴിലാളിവർഗം സമരഭൂമിയിൽ അണിനിരക്കാനുള്ള അണിയറ പ്രവർത്തനങ്ങൾ രാജ്യവ്യാപകമായി നടക്കുന്നു. കൊടികളുടെ നിറം നോക്കാതെ സങ്കുചിത താത്പര്യങ്ങളെല്ലാം മാറ്റിവച്ച് തൊഴിലാളിവർഗം ചരിത്രത്തിലതിന്റെ നിർണായക ദൗത്യം നിർവഹിക്കാനുള്ള തയ്യാറെടുപ്പുകൾ നടന്നുവരുന്നു. ഈ പണിമുടക്ക് തൊഴിലാളിവർഗം ബ്രിട്ടീഷ് ഭരണാധികാരികളിൽനിന്ന് നിരന്തര പണിമുടക്കങ്ങളും സമരങ്ങളും നടത്തി നേടിയെടുത്ത സംഘടിക്കാനും, സമരം ചെയ്യാനുമുള്ള അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെയുള്ള പ്രതിഷേധമാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബ്രിട്ടീഷ് കോളനിവാഴ്ചയ്‌ക്കെതിരെ പൊട്ടിപ്പുറപ്പെട്ട സമരങ്ങളുടെ ഭാഗമായി കേരളത്തിലും ഉജ്ജ്വലമായ സ്വാതന്ത്ര്യ സമരപോരാട്ടങ്ങൾക്ക് പുന്നപ്രയിലും, വയലാറിലും തൊഴിലാളികൾ പുതിയ ചരിത്രം കുറിച്ചു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ആവരവങ്ങളുമായി നരേന്ദ്രമോദി ഭരിക്കുമ്പോൾ, ഇന്ത്യയിൽ ബ്രിട്ടീഷുകാർ തൊഴിലാളികൾക്ക് നൽകിയ പരിമിതമായ ജനാധിപത്യ അവകാശങ്ങൾ ഒന്നൊന്നായി കശാപ്പുചെയ്യാനുള്ള നിയമനിർമ്മാണം നടത്താൻ നിർലജ്ജം മുന്നോട്ടുവരുന്ന കാഴ്ച നിർഭാഗ്യകരമാണ്. ദേശീയസ്വാതന്ത്ര്യ സമരപരമ്പരകളിൽ നൂറുകണക്കിന് ദേശാഭിമാനികൾ ജീവത്യാഗം ചെയ്തപ്പോൾ 'ഹിന്ദു മഹാസഭ' രൂപീകരിച്ച് ഇന്ത്യയിൽ യുവജനങ്ങളെ ബ്രിട്ടീഷുകാരുടെ ചോറ്റുപട്ടാളത്തിലേക്ക് റിക്രൂട്ടുചെയ്ത അപമാനകരമായ ദൗത്യം നിർവഹിച്ചവരുടെ പുതിയ സംഘടനയാണ് 'സംഘപരിവാർ' അവർ നയിക്കുന്ന നിലവിലുള്ള ഭരണകൂടത്തിൽ നിന്ന് ഇന്ത്യൻ തൊഴിലാളിവർഗം ഒരിക്കലും നീതി പ്രതീക്ഷിക്കേണ്ടതില്ല. തിരഞ്ഞെടുപ്പുകൾ ജനാധിപത്യപരമായി നടത്താതെ തന്നിഷ്ടംപോലെ നടത്തി ഭരണത്തിലിരിക്കുന്നവർ തന്നെ ഭരണം സ്വന്തം കൈപ്പിടിയിലൊതുക്കാനുള്ള ഗൂഢശ്രമങ്ങളും ആരംഭിച്ചുകഴിഞ്ഞു. ജർമ്മൻ ഫാസിസത്തിന്റെ പുതിയ പതിപ്പാണ് മോദി സർക്കാരിന്റെ ഒരു ഭാഷ, ഒരു റേഷൻ കാർഡ്, ഒറ്റത്തവണ തിരഞ്ഞെടുപ്പ്, ഒരു ദൈവം, ഒരു രാഷ്ട്രം ഇതാണ് മോദിയുടെ പ്രഖ്യാപിത ലക്ഷ്യം.
ദേശീയ പണിമുടക്കിന്റെ
കാരണം
'കൊവിഡ് മഹാമാരി'യുടെ പേരിൽ ചോദ്യോത്തരങ്ങളില്ലാതെ, ആവശ്യമായ ചർച്ചകളില്ലാതെ ഭൂരിപക്ഷത്തിന്റെ ബലംപ്രയോഗിച്ച് ലോകസഭ പാസാക്കിയ നിരവധി കരി നിയമങ്ങളിലോന്നാണ് '29' തൊഴിൽ നിയമങ്ങളെ അംഗഭംഗം വരുത്തി '4' ലേബർ കോഡുകളിലാക്കി പാസാക്കിയത്. പ്രസ്തുത നിയമം പാസാക്കുന്നതിനുമുമ്പ് തന്നെ ചില കുത്തക കമ്പനികളിൽ മാനേജ്‌മെന്റ് നിർദ്ദേശിക്കുന്ന രീതിയിൽ തൊഴിലാളികൾ ഹാജർ ബുക്കിൽ ഒപ്പിട്ടില്ലെങ്കിൽ ജോലി നിഷേധിക്കുകയും വേതനം റദ്ദാക്കുകയും ചെയ്ത സംഭവങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടിരുന്നു. 2019-20-ൽ നിയമം പാസായെങ്കിലും അനുബന്ധ നിയമനടപടികൾ പല സംസ്ഥാനങ്ങളും കൈക്കൊള്ളാൻ സന്നദ്ധമായില്ല. ബി.ജെ.പിയുടെ ട്രേഡ് യൂണിയൻ സംഘടനയായ ബി.എം.എസ് ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു.
ഈ പശ്ചാത്തലത്തിൽ ഇന്ത്യയിലെ 10 കേന്ദ്ര ടി.യു സംഘടനകൾ ജൂലായ് 9-ന് ദേശീയപണിമുടക്ക് പ്രഖ്യാപിച്ചു. പണിമുടക്കുമായി സഹകരിക്കാൻ അസംഘടിത മേഖലകളിലെ തൊഴിലാളി സംഘടനകളും കൂടാതെ വിവിധ സർവീസ് സംഘടനകളുടെ ഫെഡറേഷനുകളും പണിമുടക്കു തീരുമാനവുമായി മുന്നോട്ടുവന്നു.
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിയമങ്ങൾക്കനുസരണമായി നടപടികൾ സ്വീകരിക്കാൻ തമിഴ്നാട് സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ പരസ്യമായി പ്രഖ്യാപിച്ചു. എന്നിട്ടും കേന്ദ്ര തൊഴിൽ വകുപ്പുമന്ത്രി ലേബർ കോഡ് നടപ്പിലാക്കാനുള്ള വ്യാജപ്രചരണങ്ങൾ രാജ്യവ്യാപകമായി തുടർന്നുകൊണ്ടിരുന്നു. മോദി സർക്കാരിന്റെ തൊഴിലാളി ദ്രോഹനടപടികൾ ചെറുത്തുതോല്പിക്കാൻ തൊഴിലാളികൾ നിർബന്ധിതരാവുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |