കേരള സംസ്ഥാന ചരക്ക് സേവന നികുതി (ഭേദഗതി ) ബില്ലിന്റെ ചർച്ചയ്ക്കുള്ള മറുപടി വളരെ സൗമ്യമായും കാര്യഗൗരവത്തോടെയുമാണ് ധനമന്ത്രി ബാലഗോപാൽ ഇന്നലെ
നിയമസഭയിൽ അവതരിപ്പിച്ചത്. പ്രതിപക്ഷത്തു നിന്ന് പലരും തോണ്ടി നോക്കിയെങ്കിലും അദ്ദേഹം രാഷ്ട്രീയ പ്രസംഗത്തിന് മുതിർന്നില്ല. റോജി എം.ജോണും തിരുവഞ്ചൂരുമൊക്കെ ചെറിയ ചില നമ്പരുകളിറക്കിയെങ്കിലും കൊത്താതെ ആ ചൂണ്ടകളെല്ലാം ഒഴിവാക്കി.
പക്ഷേ,സംസ്ഥാനത്തോട് കേന്ദ്രം ഇത്രയൊക്കെ അവഗണന കാട്ടിയിട്ടും കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിച്ച ദിവസമായിട്ടും അതേക്കുറിച്ച് ആരും ഒന്നും പറഞ്ഞില്ലെന്നതായിരുന്നു ബാലഗോപാലിന്റെ പരിഭവം. ചക്കിട്ടപാറയിലെ ജോസഫിന്റെ കാര്യം എല്ലാ ദിവസവും പറയുന്ന , അങ്കമാലിയിലെ പ്രധാനമന്ത്രിയെ പോലെ ചമയുന്ന പലരുമുണ്ട്. കേന്ദ്ര ബഡ്ജറ്റിനെക്കുറിച്ച് ഒന്നും പറയാനില്ല.
ബഡ്ജറ്റ് അവതരിപ്പിക്കുമ്പോഴല്ല, ചർച്ച നടക്കുമ്പോഴാണ് പറയേണ്ട കാര്യങ്ങൾ പറയുന്നതെന്നായി രമേശ് ചെന്നിത്തല. വെറുതെ ബഹളമുണ്ടാക്കേണ്ട കാര്യമുണ്ടോ.?. ചെന്നിത്തല ഒതുങ്ങിയെങ്കിലും ബാലഗോപാൽ കറങ്ങിത്തിരിഞ്ഞ് കേന്ദ്ര ബഡ്ജറ്റിലെത്തി. വീണ്ടും ചെന്നിത്തല എഴുന്നേറ്റു. ബഡ്ജറ്റ് അവതരിപ്പിക്കുമ്പോൾ ഞങ്ങളാരെങ്കിലും എന്തെങ്കിലും പറയാറുണ്ടോ. ചർച്ച വരുമ്പോഴല്ലേ പറയേണ്ടത്.'വാട്ട് ആർ യു ടാക്കിംഗ് മിസ്റ്റർ ബാലഗോപാൽ' എന്ന് ആംഗലേയത്തിലേക്ക് കയറി ചെന്നിത്തല.'ഐ ആം ടാക്കിംഗ് സംതിങ്ങ് റലവന്റ് എബൗട്ട് ദി ബിൽ.യു ആർ ഡിസ്കസിംഗ് നോട്ട് റിലേറ്റഡ് ടു ദി ബിൽ', ബാലഗോപാൽ തിരിച്ചടിച്ചു. ഒരു നിലവെടിയും രണ്ട് അമിട്ടും തുടരെ പൊട്ടിയ പ്രതീതി.
അടുത്ത സമയത്തായി മുഖ്യമന്ത്രി പിണറായി വിജയന് വിനയം അല്പം കൂടുന്നുണ്ടോ എന്നതാണ് റോജി എം.ജോണിന്റെ സംശയം. കഴിഞ്ഞ ദിവസം നിയമസഭയിൽ ഒന്നര മണിക്കൂർ പ്ളസ്ടു ക്ളാസിൽ പൊളിറ്റിക്കൽ സയൻസ് പഠിപ്പിക്കുന്ന അദ്ധ്യാപകനെപ്പോലെ മുഖ്യൻ ക്ളാസെടുത്ത കാര്യം പറഞ്ഞാണ് റോജി തുടങ്ങിയത്. ഇത്ര നേരം സംസാരിച്ചിട്ടും മോദി എന്നൊരു പേർ മുഖ്യമന്ത്രി ഉച്ചരിച്ചില്ലത്രെ. ടിയാനെൻമെൻ സ്ക്വയറിൽ ഇരുന്നതിനേക്കാൾ വിനയത്തോടെയാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി നിന്നതെന്നു കൂടി പറഞ്ഞ റോജി, സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണക്കാരായ രണ്ട് പ്രതികളുടെ പേരും വെളിപ്പെടുത്തി. ഒന്നാം പ്രതി മുണ്ടുടുത്ത മോദിയും രണ്ടാം പ്രതി കോട്ടിട്ട മോദിയും. സെക്രട്ടേറിയറ്റ് പടിക്കൽ കേന്ദ്ര അവഗണനയ്ക്കെതിരെ യോജിച്ചു സമരമിരിക്കാൻ ഭരണപക്ഷത്തെ വെല്ലുവിളിക്കാൻ റോജിയെ പ്രേരിപ്പിച്ചത് ഐ.ബി.സതീഷിന്റെ ഡൽഹി സമരത്തിനുള്ള സ്നേഹപൂർവ്വമായ ക്ഷണമാണ്.
നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയമൊക്കെ അംഗീകരിച്ചു പോയെങ്കിലും ഐ.ബി.സതീഷിന് ഗവർണറെ കൈവിടാൻ മടി. വെള്ളയമ്പലത്ത് ആർ.എസ്.എസ് കേന്ദ്രത്തിൽ ഒരാളിരിപ്പുണ്ട്. മൂക്ക് മുറിച്ച് ശകുനം മുടക്കാൻ. വെള്ളം കണ്ടാൽ ചാടുന്ന മണിച്ചിത്രത്താഴിലെ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രത്തെയാണ് ഇയാൾ ഓർമ്മിപ്പിക്കുന്നതെന്ന് പറഞ്ഞാണ് സതീഷ് ഡൽഹി സമരത്തിന് പ്രതിപക്ഷത്തെ ക്ഷണിച്ചത്.
നിയമസഭയുമായി ബന്ധപ്പെട്ട് ഷില്ലോംഗിൽ ടൂറിന് പോയിട്ട് , നിലത്തുകിടന്ന കപ്പലണ്ടി പെറുക്കേണ്ടി വന്ന ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും രണ്ട് എം.എൽ.എമാരുടെ അമിളി മന്ത്രി എം.ബി.രാജേഷാണ് സഭയെ അറിയിച്ചത്. കപ്പലണ്ടി വാങ്ങി കൊറിച്ച് റോഡിലൂടെ നീങ്ങിയ ഇരുവരും കേടുപറ്റിയ കടലയും തൊലിയും പൊതിഞ്ഞ കടലാസും സാധാരണ നാട്ടിൽ ചെയ്യും പോലെ റോഡിലുപേക്ഷിച്ചു. അപ്പോഴൊരാൾ വരുന്നു, ഷില്ലോംഗിലെ സാധാരണക്കാരൻ. അല്പം മാറി സ്ഥാപിച്ചിട്ടുള്ള വേസ്റ്റ് ബിൻ ചൂണ്ടിക്കാട്ടിയിട്ട്, താഴെയിട്ടതെല്ലാം പെറുക്കി അതിലിടാൻ നിർദ്ദേശിച്ചു. അനുസരിക്കുകയല്ലാതെ മറ്രു മാർഗ്ഗമില്ലല്ലോ. ഒപ്പമുണ്ടായിരുന്ന സൂത്രശാലിയായ മറ്റൊരു എം.എൽ.എ ,പാവങ്ങൾ കപ്പലണ്ടി പെറുക്കുന്ന ദൃശ്യങ്ങൾ പകർത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |