തിരുവനന്തപുരം:ഏറെ വിവാദമുയർത്തിയ സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറുമെന്ന് ബഡ്ജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. സാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കില്ല. കേരളത്തിലെ സാഹചര്യങ്ങൾക്ക് അനുകൂലവും,സുരക്ഷിതവുമായ പുതിയ പെൻഷൻ പദ്ധതി നടപ്പാക്കും.
. പങ്കാളിത്ത പെൻഷൻ പദ്ധതി പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ തുടർ പരിശോധനയ്ക്കായി മൂന്നംഗ സമിതിയെ നിയമിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ പെൻഷൻ പദ്ധതികൾ പഠിച്ചിട്ടാണ് പുതിയ പദ്ധതിയുണ്ടാക്കുക. പങ്കാളിത്ത പെൻഷൻ വിഹിതമായി കേന്ദ്ര സർക്കാരിൽ അടച്ച തുക തിരികെ വാങ്ങാൻ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.2013ലാണ് പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കിയത്.
ആന്ധ്രാപ്രദേശിൽ പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുകയും സ്വന്തമായി പെൻഷൻ പദ്ധതി നടപ്പാക്കാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. അത് കേരളം മാതൃകയായി സ്വീകരിച്ചേക്കും. അവസാനം വാങ്ങുന്ന അടിസ്ഥാന ശമ്പളത്തിന്റെ പകുതി തുക മാസം തോറും കിട്ടുന്ന പങ്കാളിത്ത പെൻഷൻ രീതിയാണിത്. അടിസ്ഥാന ശമ്പളത്തിന്റെ പകുതി തുക പെൻഷൻ കിട്ടത്തക്ക വിധം ബാക്കി തുക സർക്കാർ നൽകാൻ തീരുമാനിച്ചു.പങ്കാളിത്ത പെൻഷൻ കുറവെങ്കിൽ ബാക്കി തുക സർക്കാർ നൽകും. വിലക്കയറ്റം നേരിടാൻ വർഷം 2 തവണ 5% ക്ഷാമാശ്വാസം നൽകും. പെൻഷന്റെ 60% കുടുംബ പെൻഷനും 10,000 രൂപ മിനിമം പെൻഷനും ലഭിക്കുന്നെന്നും ഉറപ്പാക്കും. ആന്ധ്ര മോഡലിനൊപ്പം ഡെത്ത് കം റിട്ടയർമെന്റ് ഗ്രാറ്റുവിറ്റി എക്സ്‌ഗ്രേഷ്യ പെൻഷനും (സർവീസ് കുറവുള്ളവർക്കുള്ള ഔദാര്യ പെൻഷൻ) അനുവദിക്കുകയും പെൻഷൻ ഫണ്ടിലേക്കുള്ള സർക്കാർ വിഹിതം 14% ആക്കുകയും ചെയ്താൽ കേരളത്തിലെ പങ്കാളിത്ത പെൻഷൻകാർക്ക് വലിയ നേട്ടമാകും.
സ്റ്റാറ്റ്യൂട്ടറി പെൻഷൻ
അവസാന 10 മാസത്തെ അടിസ്ഥാന ശമ്പളത്തിന്റെ ശരാശരിയെ 2 കൊണ്ട് ഹരിക്കും. ഈ തുകയെ ആകെ സേവന വർഷങ്ങൾ കൊണ്ടു ഗുണിച്ചശേഷം 30 കൊണ്ട് ഹരിക്കും. ഇതാണു പ്രതിമാസ പെൻഷൻ. അവസാനം വാങ്ങിയ ശമ്പളത്തിന്റെ പകുതിയോളം തുക ലഭിക്കും. വർഷം 2 തവണ ക്ഷാമാശ്വാസവും ലഭിക്കും.
പങ്കാളിത്ത പെൻഷൻ
അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 10% വീതം ജീവനക്കാരും സർക്കാരും പെൻഷൻ ഫണ്ടിൽ നിക്ഷേപിക്കും.. 60–ാം വയസ്സിൽ വിരമിക്കുമ്പോൾ 60% തുക പിൻവലിക്കാം. ബാക്കി 40% അക്കൗണ്ടിൽ നിലനിർത്തും. അതിൽ നിന്നു പെൻഷൻ നൽകും.
ഡി.എ.ഒരു ഗഡു ഏപ്രിലിൽ നൽകും
സർക്കാർ ജീവനക്കാർ കുടിശികയുള്ള ആറു ക്ഷാമബത്ത കുടിശികയിൽ ഒരു ഗഡു ഏപ്രിൽ മാസത്തെ ശമ്പളത്തിനൊപ്പം മേയ്മാസത്തിൽ വിതരണം ചെയ്യും.വിരമിച്ച സർക്കാർ ജീവനക്കാർക്ക് പ്രതിമാസ വരുമാനം ഉറപ്പാക്കുന്ന ആന്വിറ്റി പദ്ധതി കൊണ്ടുവരും.. കേന്ദ്ര സർക്കാരിന്റെ കേരള വിരുദ്ധ നടപടികൾ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് കുടിശിക വരാനിടയാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |