കൊച്ചി: കേരളത്തിൽ ചാവേറാക്രമണം നടത്താൻ പദ്ധതിയിട്ട കേസിൽ റിയാസ് അബൂബക്കറിന് പത്ത് വർഷം കഠിന തടവ്. കൊച്ചി എൻ ഐ എ കോടതിയുടേതാണ് വിധി. കേസിൽ റിയാസ് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
കേസിൽ റിയാസ് അബൂബക്കർ മാത്രമാണ് പ്രതി. തീവ്രസംഘടനയുടെ ആശയം പ്രചരിപ്പിക്കുക, ഐസിസിൽ ചേർന്ന് പ്രവർത്തിക്കുക, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് റിയാസിനെതിരെ ചുമത്തിയിരിക്കുന്നത്.
ചാവേർ ആക്രമണം നടത്താൻ സ്ഫോടക വസ്തുക്കൾ ശേഖരിക്കുന്നതിനിടയിൽ 2018 മേയ് 15നാണ് റിയാസിനെ എൻ ഐ എ അറസ്റ്റുചെയ്തത്. ശ്രീലങ്കയിൽ സ്‌ഫോടനപരമ്പര ആസൂത്രണം ചെയ്ത നാഷണൽ തൗഹീത് ജമാഅത്ത് നേതാവ് സഹ്റാൻ ഹാഷിമുമായി ചേർന്ന് കേരളത്തിലും ചാവേറാക്രമണത്തിന് റിയാസ് ഗൂഢാലോചന നടത്തിയെന്നാണ് കേസ്.
കാസർകോട് ഐസിസ് റിക്രൂട്ട്മെന്റ് കേസിന്റെ അന്വേഷണത്തിനിടെയാണ് റിയാസ് പിടിയിലായത്. റിയാസിനൊപ്പം പിടിയിലായ കൊല്ലം സ്വദേശി മുഹമ്മദ് ഫൈസൽ, കാസർകോട് സ്വദേശി അബൂബക്കർ സിദ്ദിഖ് എന്നിവരെ മാപ്പുസാക്ഷികളാക്കി. അഫ്ഗാനിലെത്തി ഐസിസിന്റെ ഭാഗമായ അബ്ദുൾ റാഷിദ് അബ്ദുല്ലയുടെ നിർദ്ദേശപ്രകാരമാണ് റിയാസ് ആക്രമണത്തിന് പദ്ധതിയിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |