വർക്കല: പ്രകൃതി സൗന്ദര്യം നിറഞ്ഞുതുളുമ്പുന്ന പാപനാശം തീരം വീണ്ടും അംഗീകാരത്തിന്റെ നിറവിൽ. സഞ്ചാരികൾ കണ്ടിരിക്കേണ്ട ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളിലൊന്നായി സഞ്ചാരികളുടെ ബൈബിളെന്ന് അറിയപ്പെടുന്ന ലോൺലി പ്ലാനെറ്റ് ബീച്ച് ഗൈഡ് ബുക്കിൽ ഇടം പിടിച്ചതോടെ തീരത്തിന്റെ പ്രശസ്‌തി വർദ്ധിക്കുന്നതിനൊപ്പം കൂടുതൽ സഞ്ചാരികളുമെത്തും.
വൈവിദ്ധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമാണ് പാപനാശം തീരം. തീരത്തോടു ചേർന്ന് കുന്നുകളുള്ള അപൂർവം സ്ഥലമാണിവിടം. ചിലക്കൂർ ആലിയിറക്കം മുതൽ ഇടവ വെറ്റക്കട വരെ എട്ട് കിലോമീറ്ററോളം ദൂരത്ത് കുന്നുകളുണ്ട്. കുന്നിൻമുകളിൽ നിന്നുള്ള കടൽക്കാഴ്ച സഞ്ചാരികളുടെ ഇഷ്ടവിനോദമാണ്. കുന്നിന്റെ താഴ്ഭാഗത്തായി ഔഷധഗുണമുള്ള നീരുറവകളുമുണ്ട്. യുനസ്കോ മുതൽ നാഷണൽ ജിയോഗ്രാഫിക് ചാനൽവരെ ഇവിടെ പരിശോധിച്ചിട്ടുണ്ട്.
വർക്കലയുടെ പ്രകൃതി മനോഹാരിതയ്‌ക്കും പരിസ്ഥിതി ഘടനയ്ക്കും കോട്ടമുണ്ടാകാതെയുള്ള ടൂറിസം വികസനമാണ് സർക്കാർ നടപ്പാക്കുന്നത്. ക്ലിഫിന്റെ സംരക്ഷണം ഉറപ്പാക്കി അനധികൃത നിർമ്മാണങ്ങളും കൈയേറ്റങ്ങളും തടയുന്നതിനോടൊപ്പം ക്ലിഫിലേക്കുള്ള നടപ്പാത പുനഃക്രമീകരിച്ച് നവീകരിക്കാനുമാണ് ഇടപെടൽ.
പദ്ധതികൾ അതിവേഗം
--------------------------------------
പാർക്കിംഗ് സ്ഥലങ്ങളിലെ തിരക്ക് കുറക്കുന്നതിനുള്ള സാദ്ധ്യതകളും സർക്കാർ പരിശോധിക്കുന്നുണ്ട്. പ്രത്യേക സ്ഥലങ്ങൾ വേർതിരിച്ച് ബഗ്ഗികളും ഇലക്ട്രിക് ഓട്ടോകളും സഞ്ചാരികൾക്കായി ഒരുക്കും. അഞ്ചുതെങ്ങ് മുതൽ കാപ്പിൽ വരെയുള്ള ടൂറിസം സോൺ വിപുലീകരിച്ച് ഘട്ടംഘട്ടമായുള്ള പ്രവർത്തനങ്ങൾ മാസ്റ്റർപ്ലാനിൽ ഉൾപ്പെടുത്തും. അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകുന്നതിനൊപ്പം ബീച്ചിനോടു ചേർന്നുള്ള തണ്ണീർത്തടം ബയോപാർക്കാക്കി വികസിപ്പിക്കും.
പാപനാശത്തെ ടോയ്ലെറ്റ് ബ്ലോക്ക് മാർച്ചിൽ പൂർത്തിയാക്കും. വസ്ത്രം മാറാനുള്ള മുറികളും ഇരിപ്പിടം ഉൾപ്പെടെയുള്ള സൗകര്യങ്ങളുമുണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്. നിർമ്മാണങ്ങൾക്കായി പ്രത്യേക റെഗുലേറ്ററി ഫ്രെയിം വർക്കും ടൂറിസം വകുപ്പിന്റെ മേൽനോട്ടവുമുണ്ടാകും. സുരക്ഷയ്‌ക്കായി ഡിജിറ്റൽ കാമറകളും തെരുവ് വിളക്കുകളും സ്ഥാപിക്കും.
സാഹസിക വിനോദവും
-----------------------------------------
പാരാസെയിലിംഗ്,സ്‌കൂബാ ഡൈവിംഗ്,പാരാഗ്ലൈഡിംഗ്,സർഫിംഗ് തുടങ്ങിയ സാഹസിക കായിക വിനോദങ്ങൾക്ക് ഇവിടെ സൗകര്യമുണ്ട്. ഇന്ത്യയിലെ ക്ലാസിക് സർഫ് സ്‌പോട്ട് എന്നറിയപ്പെടുന്ന വർക്കലയിൽ സ്ഥിരതയാർന്ന തിരമാലകളും സർഫിംഗിന് അനുയോജ്യമായ റോക്കിപോയിന്റ് ബ്രേക്കുകളും ബീച്ച് ഓപ്ഷനുകളും പ്രത്യേകതയാണ്.
ഫ്ലോട്ടിംഗ് ബ്രിഡ്‌ജ് സ്ഥാപിച്ചതോടെ 100മീറ്റർ കടലിലേക്ക് നടന്നുചെന്ന് കടൽക്കാഴ്ചയും പാപനാശം കുന്നുകളും കണ്ട് ആസ്വദിക്കുന്നതിനായി ആയിരക്കണക്കിന് പേരാണ് ഇവിടെയെത്തുന്നത്. സഞ്ചാരികളുടെ സുരക്ഷയ്‌ക്കായി ലൈഫ് ഗാർഡുകളും സുരക്ഷാബോട്ടുകളും സജ്ജമാണ്. ടൂറിസം വികസനത്തിനുള്ള മാസ്റ്റർപ്ലാൻ ഇതിനോടകം തന്നെ സർക്കാർ തയ്യാറാക്കിയിട്ടുണ്ട്.
പ്രതികരണം
സംസ്ഥാന ടൂറിസം വികസനത്തിലെ ആദ്യത്തെ എട്ട് ഡെസ്റ്റിനേഷനുകളിലൊന്നാണ് വർക്കല. ആദ്യഘട്ട വികസനത്തിനായി 50 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. വിനോദസഞ്ചാര വികസന സാദ്ധ്യതകൾ പരമാവധി ഉപയോഗിച്ച് സമ്പദ് വ്യവസ്ഥയിൽ ശക്തവും സുസ്ഥിരവുമായ വളർച്ചയും തൊഴിലവസരവും സാദ്ധ്യമാക്കും.
അഡ്വ.വി.ജോയി, എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |