SignIn
Kerala Kaumudi Online
Monday, 05 October 2026 6.32 AM IST

ദൗത്യസംഘം ബേലൂർ മഗ്നയുടെ തൊട്ടടുത്ത്; ഉടൻ മയക്കുവെടി വച്ചേക്കുമെന്ന് സൂചന

READ ENGLISH VERSION
belur-magna

വയനാട്: മാനന്തവാടിയിൽ പടമല സ്വദേശി അജീഷ് കുമാറിനെ ചവിട്ടിക്കൊന്ന ബേലൂർ മഗ്ന എന്ന കാട്ടാനയെ ഉടൻ മയക്കുവെടി വച്ചേക്കുമെന്ന് സൂചന. ദൗത്യസംഘം മോഴയാനയുടെ തൊട്ടടുത്തെത്തിയിട്ടുണ്ട്. നാല് കുങ്കിയാനകളും സ്ഥലത്തെത്തി. റേഡിയോ കോളറിൽ നിന്ന് ലഭിച്ച സിഗ്നലിന്റെ അടിസ്ഥാനത്തിലാണ് ആനയുടെ സമീപത്തെത്തിയത്. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ മാനന്തവാടിയിലെത്തി. അഞ്ച് ഡിഎഫ്ഒമാരാണ് ദൗത്യത്തിന്റെ ഭാഗമാകുന്നത്. നാല് വെറ്റിനറി ഓഫിസർമാരും സംഘത്തിനൊപ്പമുണ്ട്.

ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മയക്കുവെടി വച്ചശേഷം ആനയെ മുത്തങ്ങയിലേക്ക് കൊണ്ടുപോകുമെന്നാണ് വനംമന്ത്രി എ കെ ശശീന്ദ്രൻ രാവിലെ അറിയിച്ചത്. ആനയെ കാട്ടിലേക്ക് വിടണോ, കുങ്കിയാന ആക്കണോ എന്നതിൽ പിന്നീട് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. വിക്രം, ഭരത്, സൂര്യ, സുരേന്ദ്രൻ എന്നീ കുങ്കിയാനകളാണ് ദൗത്യസംഘത്തെ സഹായിക്കുന്നത്.

കർണാടക വനംവകുപ്പ് കഴിഞ്ഞ നവംബർ 30ന് റേഡിയോ കോളർ ഘടിപ്പിച്ച് മോലഹളളി വനത്തിലേക്ക് വിട്ട ആനയാണ് ബേലൂർ മഗ്ന (മോഴ). ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് ആന കേരള അതിർത്തിയിൽ പ്രവേശിച്ചത്. മൂന്നു മണിയോടെ മാനന്തവാടി നഗരസഭാ പരിധിയിലെത്തി. രാവിലെ ഏഴു മണി കഴിഞ്ഞ് ജോലിക്കാരെ വിളിക്കാൻ റോഡിലേക്ക് ഇറങ്ങിയതായിരുന്നു അജീഷ്. ചീറിയടുത്ത ആനയെ കണ്ട് അജീഷും റോഡിലുണ്ടായിരുന്ന മറ്റുള്ളവരും ജീവനും കൊണ്ട് ഓടി. ആന പിന്തുടർന്നതോടെ സുഹൃത്ത് കണ്ടത്തിൽ ജോമോന്റെ വീട്ടുവളപ്പിലേക്ക് അജീഷും കൂടെയുണ്ടായിരുന്ന സഞ്ജുവും ഗേറ്റ് ചാടിക്കടന്നു. ഓടാൻ ശ്രമിക്കവേ, നിലത്തുവീണ അജീഷിനെ ഗേറ്റ് തകർത്ത് കയറിയ ആന എടുത്ത് എറിഞ്ഞ് ചവിട്ടി അരയ്ക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BELUR MAGNA, WILD TUSKER, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA