SignIn
Kerala Kaumudi Online
Monday, 18 May 2026 9.32 AM IST

കൊച്ചിയിൽ മാത്രമല്ല,​ ആലപ്പുഴയിലും വരുന്നു യാത്രാവിപ്ലവം,​ ഒന്നരമാസത്തേക്കുള്ള മുഴുവൻ സീറ്റും ബുക്കിംഗായി

d

ആലപ്പുഴ : കുറഞ്ഞ ചെലവിൽ പരിസ്ഥിതിസൗഹൃദ കായൽയാത്ര ഉറപ്പാക്കുന്നതിനായി സോളാർ ബോട്ടുകളിലേക്ക് തട്ടകം മാറ്റുന്ന ജലഗതാഗത വകുപ്പ് ഏപ്രിലിൽ 7പുതിയ സോളാർ ബോട്ടുകൾ നീറ്റിലിറക്കും. 20യാത്രക്കാർക്ക് കയറാവുന്നതാണ് ചെറിയ ബോട്ടുകൾ. 75 പേർക്ക് വീതം കയറാവുന്ന രണ്ട് വലിയ ബോട്ടുകളിൽ ഒന്ന് മുഹമ്മ-കുമരകം റൂട്ടിലാവും സർവീസ് നടത്തുക.

നാല് വർഷം മുമ്പ് സർവീസ് ആരംഭിച്ച വേഗ, സീ കുട്ടനാട് , സീ അഷ്ടമുടി ബോട്ട് സർവീസുകൾ റെക്കാഡ് കളക്ഷൻ നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്. ഈ ബോട്ടുകളുടെ മുതൽമുടക്ക് ഇതിനകം പൂർണമായി സ്വന്തമാക്കാൻ വകുപ്പിന് കഴിഞ്ഞു. വേഗയിൽ അടുത്ത ഒന്നരമാസത്തേക്ക് മുഴുവൻ സീറ്റും ബുക്കിംഗായി.

പുതിയ ബോട്ടുകൾക്ക് 24കോടി

 ബഡ്ജറ്റിൽ അനുവദിച്ച 24 കോടി സോളാർ ബോട്ടുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കും

 75, 35മുതൽ 40 വരെ എന്നിങ്ങനെ യാത്രക്കാർക്ക് കയറാവുന്ന ബോട്ടുകളാണ് നിർമ്മിക്കുന്നത്

 യാത്രക്കാരുടെ എണ്ണം കുറവുള്ള റൂട്ടിൽ ചെറിയ യാത്രാബോട്ടുകൾ സർവീസ് നടത്തും

 പുതിയ ബോട്ടുകൾ നീരണിയുന്നതോടെ പഴയ ഡീസൽ ബോട്ടുകൾ ഒഴിവാക്കും

 സോളാർബോട്ടുകൾക്ക് മറ്റ് ബോട്ടുകളേക്കാൾ അറ്റകുറ്റപ്പണികൾ കുറവാണ്

56,000 : വേഗയുടെ പ്രതിദിന കളക്‌ഷൻ

വേഗ സൂപ്പർ ഹിറ്റ്

ഒരു ദിവസം നീളുന്ന കായൽയാത്രയ്ക്ക് 15,000 മുതൽ 25,000 രൂപ വരെ ഹൗസ് ബോട്ടുകളും മണിക്കൂറിന് അറുന്നൂറും ആയിരവുമൊക്കെ ശിക്കാര വള്ളങ്ങളും ഈടാക്കുമ്പോൾ 400 രൂപയ്ക്ക് അഞ്ച് മണിക്കൂർ ബോട്ട് യാത്രയാണ് വേഗ ഓഫർ ചെയ്യുന്നത്. പ്രതിദിനം 56,000 രൂപയാണ് കളക്ഷൻ. സീ അഷ്ടമുടിയ്ക്കും സീ കുട്ടനാടിനും 39,000 രൂപയും. മുഹമ്മ ബോട്ടുജെട്ടിയിൽ നിന്നുള്ള വാട്ടർ ടാക്‌സിയാണ് മറ്റൊരാകർഷണം. ഒരുമണിക്കൂർ യാത്രയ്ക്ക് ഒരാൾക്ക് 150 രൂപയും 15മിനിറ്റ് യാത്രയ്ക്ക് 40രൂപയുമാണ് ഫീസ്.

കായൽ സഞ്ചാരികളെ ആകർഷിക്കാൻ ആധുനിക സോളാർ ബോട്ടുകൾ കൂടുതൽ നിർമ്മിക്കും. ഏപ്രിലിൽ രണ്ട് യാത്രാ ബോട്ടുകളും 5ചെറു ബോട്ടുകളും സർവീസ് ആരംഭിക്കും. കുറഞ്ഞ ചെലവിൽ സഞ്ചാരികൾക്ക് അന്തർദേശീയ നിലവാരമുള്ള സുരക്ഷിത യാത്രയാണ് ലക്ഷ്യം

-ഷാജി വി.നായർ, മാനേജിംഗ് ഡയറക്ടർ, ജലഗതാഗത വകുപ്പ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ALAPPUZHA, SOLARBOAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA