ആലപ്പുഴ: നൂറുകണക്കിന് വിനോദ സഞ്ചാരികൾ ദിവസേന വന്നുപോകുന്ന ആലപ്പുഴ ബീച്ചിലും പുന്നമടയിലും നിരീക്ഷണ ക്യാമറകൾ റെഡിയാകുന്നു. പൊതുജന പങ്കാളിത്തത്തോടെ ടൂറിസം പൊലീസാണ് അഞ്ച് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ ബീച്ചിലെ പ്രധാന വഴികളിലാണ് അഞ്ച് ക്യാമറകളും സ്ഥാപിക്കുക. ഇതിന് മുന്നോടിയായി കേബിളുകൾ സ്ഥാപിച്ചു. അടുത്ത ആഴ്ച ക്യാമറകൾ മിഴിതുറക്കും.
രണ്ടാം ഘട്ടത്തിലാണ് പുന്നമടയിൽ ക്യാമറകൾ സ്ഥാപിക്കുന്നത്. ഇതോടെ ബീച്ചിലെയും പരിസരത്തെയും സാമൂഹ്യ വിരുദ്ധശല്യത്തിന് അറുതിയാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
'കുടപിടിച്ചാലും' പിടിവീഴും
ആലപ്പുഴ ബീച്ചിൽ പകൽ സമയത്ത് എത്തുന്ന സഞ്ചാരികളിൽ അധികവും കമിതാക്കളാണ് പൊലീസിന്റെ കണ്ണിൽപ്പെടാതിരിക്കാൻ അയ്യപ്പൻ പൊഴിക്ക് തെക്കുഭാഗവും വിജയ് പാർക്കിന് പിന്നിലെ മരച്ചുവടുമാണ് ഇവരുടെ വിഹാര കേന്ദ്രങ്ങൾ. കഴിഞ്ഞ ദിവസത്തെ പൊലീസ് പട്രോളിംഗിനിടെ സ്കൂൾ യൂണിഫോംധാരികൾ ഉൾപ്പടെ 10 ജോടിയോളം കമിതാക്കളാണ് ഓടിമറഞ്ഞത്. ബീച്ചിലേക്ക് ഇറങ്ങുന്നവരുടേത് ഉൾപ്പടെ ഈ ഭാഗത്തെ ദൃശ്യങ്ങൾ വ്യക്തമായി കിട്ടുന്ന തരത്തിലാണ് ക്യാമറ സജ്ജമാക്കുന്നത്. ഇതിന് മുന്നോടിയായി വിജയാപാർക്കിന് സമീപത്തെ കുറ്റിക്കാടുകളും ചെറുമരങ്ങളും ജെ.സി.ബി ഉപയോഗിച്ച് പൊലീസ് കഴിഞ്ഞ ദിവസം നീക്കിയിരുന്നു.
പട്രോളിംഗിന് ആളില്ല
വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി ആറു ജീവനക്കാരുമായി 2001ലാണ് പുന്നമടയിൽ ടൂറിസം പൊലീസ് സ്റ്റേഷൻ ആരംഭിച്ചത്. ബീച്ചിന്റെ സുരക്ഷാചുമതല കൂടി നൽകിയതോടെ 2014ൽ സ്റ്റേഷൻ ബീച്ചിലേക്ക് മാറ്റി. അംഗബലം 14 ആയി ഉയർത്തുകയും ചെയ്തു. രണ്ട് കിലോമീറ്റർ ദൈർഘ്യം വരുന്ന ആലപ്പുഴ ബീച്ചിലെ പട്രോളിംഗും ഭാഗികമായി. ഇപ്പോഴത്തെ അംഗബലം ഏഴാണ്.അവധി ദിവസങ്ങളിൽ തിരക്ക് എത്ര വർദ്ധിച്ചാലും
ആലപ്പുഴ സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളിൽനിന്നോ എ.ആർ ക്യാമ്പിൽ നിന്നോ കൂടുതൽ ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയമിക്കുന്ന പതിവുമില്ല. ഇതോടെ പട്രോളിംഗ് പരിമിതമായി.
ക്യാമറകൾ
1. പാർക്കിന് സമീപം
2. ബിഷപ്പ് ഹൗസ്
3. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് എതിർവശം
4. കാറ്റാടി പാർക്ക്
5. വിജയ പാർക്കിന് സമീപം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |