തിരുവനന്തപുരം: ഏറ്റവും കൂടുതൽ അടിയന്തര പ്രമേയ നോട്ടീസുകൾ ചർച്ചചെയ്ത റെക്കാഡ് പതിനഞ്ചാം നിയമസഭയ്ക്ക്. ഏഴു നോട്ടീസുകളാണ് ഇതുവരെയുള്ള സമ്മേളനങ്ങളിൽ സഭ നിറുത്തിവച്ച് ചർച്ച ചെയ്തത്. പതിനാലാം കേരള നിയമസഭയുടെ അഞ്ചുവർഷ കാലയളവിനിടയിൽ ആകെ 6 അടിയന്തര പ്രമേയങ്ങളാണ് ചർച്ച ചെയ്തത്. ഒന്നാം കേരള നിയമസഭ മുതൽ ഇതുവരെ 37 അടിയന്തര പ്രമേയങ്ങൾ ചർച്ച ചെയ്തു. അതിൽ മൂന്നിലൊന്നും പതിനാല്, പതിനഞ്ച് നിയമസഭകളിലാണ്.
പതിനഞ്ചാം കേരള നിയമസഭയുടെ പത്താംസമ്മേളനം പൂർത്തിയാക്കി സഭ ഇന്നലെ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. 2023-24ലെ ബഡ്ജറ്റിലേക്കുള്ള അന്തിമ ഉപധനാഭ്യർത്ഥനകളും വോട്ട് ഓൺ അക്കൗണ്ടും സംബന്ധിച്ച ചർച്ച പൂർത്തിയാക്കി ധനവിനിയോഗ ബില്ലുകൾ പാസാക്കി. 11 ദിവസമാണ് സമ്മേളിച്ചത്. മൂന്നു ബില്ലുകൾ പാസാക്കി.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസ് സഭ നിറുത്തിവച്ച് ചർച്ചചെയ്തു. നക്ഷത്രചിഹ്നമിട്ട 270 ചോദ്യങ്ങൾക്കും നക്ഷത്രചിഹ്നമിടാത്ത 3243 ചോദ്യങ്ങൾക്കും ഉത്തരം ലഭ്യമാക്കി. രണ്ട് പ്രമേയങ്ങൾ സഭ ഐകകണ്ഠ്യേന പാസാക്കിയെന്നും സ്പീക്കർ എ.എൻ.ഷംസീർ അറിയിച്ചു.
കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിർവഹണവും സംബന്ധിച്ച ചട്ടങ്ങളിൽ കലോചിതമായ പരിഷ്കാരങ്ങൾ വരുത്താൻ രൂപീകരിച്ച അഡ്‌ഹോക്ക് കമ്മിറ്റിയുടെ ശുപാർശകൾ ചട്ടങ്ങൾ സംബന്ധിച്ച സമിതി പരിശോധിച്ച് ഭേദഗതികളടക്കം ഉൾപ്പെടുത്തി സമർപ്പിച്ച റിപ്പോർട്ട് സഭ അംഗീകരിച്ചു. ഇത് നിലവിൽ വരുന്നതോടെ സഭാചട്ടങ്ങൾ കൂടുതൽ ചലനാത്മകമാകുമെന്ന് സ്പീക്കർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |