കൊച്ചി: വാർഷിക റിട്ടേൺ സമർപ്പിക്കുന്നതിൽ വീഴ്ച ആരോപിച്ച് വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള എസ്.എൻ.ഡി.പി യോഗം ഭാരവാഹികളെ അയോഗ്യരാക്കണമെന്ന ആവശ്യം ഇൻസ്‌പെക്ടർ ജനറൽ ഒഫ് രജിസ്‌ട്രേഷൻ (ഐ.ജി) തള്ളി. 2014 മുതൽ 2016വരെ റിട്ടേൺ നൽകിയിട്ടില്ലെന്ന വാദം സാങ്കേതികമായി ശരിയല്ലാത്തതിനാൽ അയോഗ്യരാക്കാനാവില്ലെന്ന് രജിസ്ട്രേഷൻ ഐ.ജി. ശ്രീധന്യ സുരേഷിന്റെ ഉത്തരവിൽ വ്യക്തമാക്കി.
2013മുതൽ 2016വരെ റിട്ടേണുകൾ സമർപ്പിക്കാത്തതിനാൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് എന്നിവരെ അഞ്ചുവർഷത്തേക്ക് അയോഗ്യരാക്കി റിസീവർ ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രൊഫ. എം.കെ. സാനു നൽകിയ ഹർജിയെത്തുടർന്ന് ഇക്കാര്യം പരിശോധിക്കാൻ രജിസ്‌ട്രേഷൻ ഐ.ജിക്ക് 2023 നവംബർ 30ന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.
2013മുതൽ മൂന്നുവർഷം തുടർച്ചയായി റിട്ടേൺ സമർപ്പിക്കാത്തതിനാൽ കമ്പനി നിയമപ്രകാരം 2016 സെപ്തംബർ 12മുതൽ ഭാരവാഹികൾ അയോഗ്യരായി എന്നാണ് ഹർജിയിൽ വാദിച്ചത്. ഇതിന് ആധാരമായി ഉന്നയിച്ച കമ്പനി നിയമത്തിന്റെ 2013 സെപ്തംബർ 12ലെ ഭേദഗതി 2014 ഏപ്രിൽ ഒന്നിനാണ് പ്രാബല്യത്തിൽ വന്നത്. അഞ്ചുവർഷം കാലാവധി കഴിഞ്ഞെന്നും പുനർനിയമനത്തിനാണ് വിലക്കെന്നും പദവിയിൽ തുടരുന്നത് തടയാനാവില്ലെന്നും യോഗം വാദിച്ചു.
2005വരെ വാർഷിക റിട്ടേണുകൾ കമ്പനി രജിസ്ട്രാർക്കാണ് നൽകിയിരുന്നത്. അതിനുശേഷം രജിസ്ട്രേഷൻ വകുപ്പിന് സമർപ്പിച്ചെങ്കിലും ഒറിജിനൽ റെക്കാഡുകൾ ലഭിച്ചശേഷമേ ഫയലിൽ സ്വീകരിക്കൂ എന്നാണ് അറിയിച്ചത്. 2019 സെപ്റ്റംബറിലാണ് ഇവ ലഭ്യമായത്. ഇത് യോഗത്തിന്റെ പിഴവല്ല. 2006-07 മുതൽ 2016-17 വരെ റിട്ടേൺ നൽകാത്തവർക്ക് ഇളവ് നൽകുന്ന സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരം കാലതാമസം ഒഴിവായി. പിഴയായി ഈടാക്കിയ ഒരുലക്ഷംരൂപ തിരികെ ലഭിക്കുകയും പ്രോസിക്യൂഷൻ ഒഴിവാക്കുകയും ചെയ്തു. ഇക്കാരണങ്ങളാലാണ് അയോഗ്യത ഒഴിവായത്. ബൈലാപ്രകാരം അഞ്ചുവർഷത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾക്ക് പിൻഗാമികൾ ചാർജെടുക്കുംവരെ തുടരാം.
കമ്പനി ഡയറക്ടർമാർക്ക് അനിവാര്യമായ ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പർ (ഡിൻ) യോഗം ഭാരവാഹികൾക്കില്ലെന്ന വാദവും നിലനിൽക്കില്ല. 2009 മുതൽ ഭാരവാഹികൾക്കെല്ലാം 'ഡിൻ" ഉണ്ട്. യോഗത്തിനുവേണ്ടി അഡ്വ. എ.എൻ. രാജൻബാബു, അഡ്വ. സിനിൽ മുണ്ടപ്പിള്ളി, അഡ്വ. ഈശ്വർലാൽ എന്നിവർ ഹാജരായി.
സത്യം ജയിച്ചു: വെള്ളാപ്പള്ളി
കള്ളപ്രചാരണങ്ങളിലൂടെ തന്നെയും എസ്.എൻ.ഡി.പി. യോഗത്തെയും വേട്ടയാടിയവർക്കുള്ള കനത്ത തിരിച്ചടിയാണ് ഈ വിധി. യോഗത്തെ റിസീവർ ഭരണത്തിലാക്കാനുള്ള ഗൂഢാലോചനയാണ് പൊളിഞ്ഞത്. തെറ്റായ കാര്യങ്ങൾ പറഞ്ഞ് കോടതികളെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയവർക്കുള്ള താക്കീതാണ് ഈ ഉത്തരവ്. എന്താണ് സത്യമെന്ന് ജനങ്ങൾക്ക് അറിയാനുള്ള അവസരം കൂടിയാണ് ഈ കേസിലൂടെ ഉണ്ടായത്.
വെള്ളാപ്പള്ളി നടേശൻ,
ജനറൽ സെക്രട്ടറി,
എസ്.എൻ.ഡി.പി. യോഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |