സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് ജേതാവ്
പാലാ: അപകടത്തിൽ ശരീരത്തിന്റെ വലതുപാതി തളർന്നിട്ടും ഇടതു കൈക്കരുത്തിൽ മുന്നയ്ക്ക് സ്വർണത്തിളക്കം. ഇന്നലെ പാലായിൽ നടന്ന സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ 82 കിലോഗ്രാം വിഭാഗത്തിലാണ് മുന്ന മനോജെന്ന ഈ 20കാരൻ ജേതാവായത്.
എട്ടാം വയസിലുണ്ടായ വാഹനാപകടം ജീവിതത്തെ കീഴ്മേൽ മറിച്ചെങ്കിലും മുന്ന തളർന്നില്ല. തലയ്ക്കേറ്റ ഗുരുതര പരിക്കിനെയും വകവയ്ക്കാതെ മുന്നോട്ടു കുതിച്ചു. രണ്ടുമാസത്തോളം നീണ്ട വിദഗ്ദ്ധ ചികിത്സയ്ക്ക് ശേഷം വീണ്ടും ജീവിതത്തിലേക്ക്. ഫിസിയോ തെറാപ്പിക്കായി കടപ്പാട്ടൂരിലെ ഇവാ ഫിറ്റ്‌നസ് സെന്ററിലെത്തിയത് വഴിത്തിരിവായി.
ട്രെയിനർ ഉണ്ണിരാജിന്റെ നേതൃത്വത്തിൽ സ്വാധീനമുള്ള ഇടതു കൈയ്ക്ക് കൂടുതൽ ബലം വരുത്താനുള്ള പരിശീലനം ആരംഭിച്ചു. പതിയെ പഞ്ചഗുസ്തിയും പരിശീലിപ്പിച്ചു. കഴിഞ്ഞവർഷത്തെ മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
പാലാ ടൗണിലെ ഐക്കോസ് ബാങ്കിന്റെ നീതി മെഡിക്കൽ സ്റ്റോറിലെ സെയിൽസ്‌മാനായ വി.കെ.മനോജിന്റെയും മിനിയുടെയും മൂത്ത മകനാണ് മുന്ന. പാലാ സെന്റ് തോമസ് കോളേജിൽ എക്കണോമിക്‌സ് ഒന്നാം വർഷ ബിരുദവിദ്യാർത്ഥി. സഹോദരൻ നീരജ് സ്വകാര്യ വസ്ത്ര വില്പനശാലയിൽ അക്കൗണ്ടന്റാണ്.
വിഷുദിന പിറ്റേന്ന് ദുരന്തം
2015 ഏപ്രിൽ 15 എന്ന ദിവസം മുന്നയ്ക്ക് മറക്കാനാകില്ല. പനയ്ക്കപ്പാലം വിവേകാനന്ദ വിദ്യാലയത്തിൽ നാലാം ക്ലാസിൽ പഠിക്കുന്ന സമയം. പനയ്ക്കപാലത്തെ വീട്ടിൽ നിന്ന് പേരമ്മയ്ക്കും പേരപ്പനുമൊപ്പം പാലായിലേക്ക് കാറിൽ വരുന്നതിനിടെ ബസുമായി കൂട്ടിയിടിച്ചു. അപകടത്തിൽ സാരമായി പരിക്കേറ്റത് മുന്നയ്ക്ക് മാത്രം. നീണ്ട ഇടവേളയ്ക്ക് ശേഷം പാലാ സെന്റ് തോമസ് സ്‌കൂളിൽ നിന്നാണ് എസ്.എസ്.എൽ.സി.യും പ്ലസ്ടുവും പാസായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |