കൊച്ചി: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ അപ്പീലുകളിലെ ഹെെക്കോടതി വിധിയിൽ സന്തോഷമെന്ന് ടിപി ചന്ദ്രശേഖരന്റെ ഭാര്യയും എംഎൽഎയുമായ കെ കെ രമ. നാടിന് വേണ്ടിയുള്ള വിധിയാണെന്നും പോരാട്ടം അവസാനിക്കുന്നില്ലെന്നും രമ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ഒരു വലിയ തലച്ചോർ സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചിരുന്നു. അത് കണ്ടെത്തുന്നത് വരെ പോരാട്ടം തുടരുമെന്നാണ് രമ പ്രതികരിച്ചത്.
'സിപിഎമ്മിന്റെ പങ്ക് കോടതിയിൽ തെളിഞ്ഞിരിക്കുന്നു. രണ്ട് പുതിയ പാർട്ടി അംഗങ്ങളാണ് കേസിൽ വന്നത്. കെ കെ കൃഷ്ണനും ജ്യോതി ബാബുവും. ഇവർ രണ്ടുപേരും സിപിഎമ്മിന്റെ പ്രധാനപ്പെട്ട നേതാക്കളാണ്. ഇതിന് മുകളിൽ ഗൂഢാലോചനയുണ്ട്. അവരിൽ എത്തുന്നത് വരെ പോരാട്ടം തുടരും. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായ പി മോഹനനെ വെറുതെ വിട്ടത് ചില തെളിവുകളുടെ അഭാവത്തിലാണ്. മോഹനൻ അന്ന് ജില്ലാ സെക്രട്ടറിയാണ്. ജില്ലാ സെക്രട്ടറിയായ മോഹനന്റെ അറിവില്ലാതെ ഇത് ഏരിയ കമ്മിറ്റിയിൽ നടക്കില്ല. കുഞ്ഞനന്തൻ പറഞ്ഞിട്ടുണ്ട് ഇത് പാർട്ടി ആലോചിച്ചിട്ടുണ്ടെന്ന്. കുഞ്ഞനന്തൻ മോഹനനെ വിളിച്ചിട്ടുണ്ട്. മോഹനൻ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് പറയാൻ കഴിയില്ല. അതിനുള്ള തെളിവ് ലഭിച്ചിട്ടില്ലെന്ന് മാത്രമേയുള്ളൂ. മോഹനന് ഇതിൽ പങ്കുണ്ട്. ഒരു രാഷ്ട്രീയത്തിൽ വ്യത്യസ്ത അഭിപ്രായം പറഞ്ഞവരെ നശിപ്പിക്കാൻ ഒരു പാർട്ടി നേതൃത്വം തന്നെ തിരുമാനിക്കുകയാണ്. ഇത് അവർക്കുള്ള ഒരു പാഠമാണ്. ഹെെക്കോടതിയ്ക്ക് നന്ദി'.- കെ കെ രമ പ്രതികരിച്ചു.
ആർ എം പി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ വിചാരണക്കോടതി വിധി ശരിവച്ചുകൊണ്ട് വെറുതെ വിടണമെന്ന പ്രതികളുടെ അപ്പീൽ ഇന്ന് ഹെെക്കോടതി തള്ളിയിരുന്നു. പ്രതികളായിരുന്ന കെ കെ കൃഷ്ണനെയും ജ്യോതി ബാബുവിനെയും വെറുതെവിട്ട വിധിയാണ് റദ്ദാക്കിയത്. ഇരുവരും ഈ മാസം ഇരുപത്തിയാറിന് ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശം നൽകി. ഇവർക്കുള്ള ശിക്ഷ അന്ന് വിധിക്കും. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
വടകരയ്ക്കടുത്ത് ഒഞ്ചിയത്തുവച്ച് 2012 മേയ് നാലിനാണ് ടി പി കൊല്ലപ്പെട്ടത്. ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സി പി എമ്മിൽനിന്ന് വിട്ടുപോയി ആർ എം പി എന്ന പാർട്ടിയുണ്ടാക്കിയതിൽ പ്രതികൾ പകവീട്ടുകയായിരുന്നുവെന്നാണ് കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |