SignIn
Kerala Kaumudi Online
Thursday, 18 April 2024 1.50 PM IST

ഉച്ചഭക്ഷണത്തിലെ രാഷ്ട്രീയം

k

വീണ്ടുമെത്തുകയാണ് ലോക് സഭാ തിരഞ്ഞെടുപ്പ്. 144 കോടിയിലേറെ ജനസംഖ്യയുള്ള രാജ്യത്തിന്റെ ഭാവി എങ്ങനെയൊക്കെ ആവണമെന്ന് തീരുമാനിക്കേണ്ടത് 96.88 കോടി വോട്ടർമാരാണ്. ഭൂമി ശാസ്ത്രപരമായ വലുപ്പത്തിന്റെയും ജനസാന്ദ്രതയുടെയും ഒക്കെ അടിസ്ഥാനത്തിൽ ഓരോ സംസ്ഥാനത്ത് നിന്നും ലോക് സഭയിലേക്ക് തിരഞ്ഞെടുത്ത് അയയ്ക്കാവുന്ന ജനപ്രതിനിധികളുടെ എണ്ണം നിശ്ചയിച്ചിട്ടുണ്ട്. 3,​33,87,​677​ ജനസംഖ്യയുള്ള കേരള സംസ്ഥാനത്ത് 2,​68,51297​ വോട്ടർമാരാണ് തങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിക്കാൻ വെമ്പൽ കൊണ്ടു നിൽക്കുന്നത്. ഇവരാണ് നമ്മുടെ എം.പിമാരെ നിശ്ചയിക്കേണ്ടത്.

1200 കോടി ചെലവിട്ട് നിർമ്മിച്ച പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഗൃഹപ്രവേശം നടത്തിയതോടെ കൂടും കുടുക്കയുമൊക്കെയായി ലോക് സഭാ സമ്മേളനം അങ്ങോട്ടു മാറ്റുകയും ചെയ്തു. ഇക്കുറി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പുതിയ പാർലമെന്റ് മന്ദിരത്തിലാണ് ഭാഗ്യം സിദ്ധിച്ചാൽ അഞ്ചു വർഷക്കാലം കഴിഞ്ഞുകൂടാൻ യോഗം. ബ്രിട്ടീഷുകാർ നിർമ്മിച്ച പഴയ പാർലമെന്റ് മന്ദിരത്തിന് പകരം സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾക്കിപ്പുറമാണ് ഇന്ത്യൻ ജനാധിപത്യത്തിന് പുതിയ ശ്രീകോവിൽ സജ്ജമായത്. ആധുനിക സൗകര്യങ്ങളുള്ള പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാജ്യത്തിന് സമർപ്പിച്ചത്. 96 വർഷം പഴക്കമുള്ള പഴയ മന്ദിരത്തിന്റെ സ്ഥലപരിമിതിയും ബലക്ഷയവും കണക്കിലെടുത്ത് പുതിയ മന്ദിരം നിർമ്മിക്കാനുള്ള ചർച്ചകൾ 2010ൽ യു.പി.എ സർക്കാർ തുടങ്ങിയെങ്കിലും 2019ൽ മോദി സർക്കാർ സെൻട്രൽ വിസ്ത പദ്ധതിയിൽ അത് പ്രവർത്തിപഥത്തിൽ എത്തിക്കുകയായിരുന്നു.
പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ ലോക് സഭാംഗങ്ങൾക്ക് സജീവമായി സഭാ നടപടികളിൽ പങ്കാളകളാവാം, വേണമെങ്കിൽ ഉറങ്ങാം, ഉറക്കം നടിക്കാം, കണ്ണുംമിഴിച്ച് നടപടിക്രമങ്ങൾ കണ്ടിരിക്കാം, സംസ്ഥാനത്തിന്റെ ഏതെങ്കിലും ആവശ്യങ്ങളോ ആവലാതികളോ അലോസരപ്പെടുത്തുന്നുണ്ടെങ്കിൽ അറിയുന്ന ഭാഷയിൽ വിളമ്പാം, ആവശ്യം അവഗണിക്കുന്ന മറുപടി കിട്ടുമ്പോൾ കോട്ടുവായിട്ട് മനസിൽ സ്വയം തോന്നുന്ന ഇളിഭ്യത മറച്ചുവച്ച് പഞ്ചാരപുഞ്ചിരി പൊഴിച്ച് മടങ്ങാം. എവിടെക്കിട്ടും ഇമ്മാതിരി സൗകര്യം.

ജനാധിപത്യം എന്ന നെടുംതൂണിനെ രക്ഷിക്കണേ. അടുത്ത തിരഞ്ഞെടുപ്പിന് നിറുത്തേണ്ട സ്ഥാനാർത്ഥികളെ സംബന്ധിച്ച് സംസ്ഥാനത്തെ മുന്നണികൾ കൊണ്ടുപിടിച്ചു ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. ചില ലോക് സഭാ മണ്ഡലങ്ങളിൽ സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥികൾ തങ്ങൾക്ക് വേണ്ടി ചുവരെഴുത്തും വോട്ടുപിടുത്തവും കാലേകൂട്ടി തുടങ്ങി. മറ്റു ചില മണ്ഡലങ്ങളിൽ നേർച്ച കോഴികളാക്കാൻ പറ്റിയ മുഖങ്ങൾ തേടി മുന്നണികൾ കവടി നിരത്തുകയാണ്. വലിയ പാർലമെന്ററി വ്യാമോഹമില്ലാത്ത ചിലരെങ്കിലും സ്ഥാനാർത്ഥിപ്പട്ടികയിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും ഓടിച്ചിട്ട് പിടിക്കാനുള്ള ശ്രമങ്ങളും പാർട്ടികൾ നടത്തുന്നുണ്ട്.

ലോക് സഭയുടെ കാലാവധി തീരുന്ന സമയത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊല്ലത്തു നിന്നുള്ള പാർലമെന്റ് അംഗം എൻ.കെ. പ്രേമചന്ദ്രൻ ഉൾപ്പെടെ കുറച്ച് എം.പിമാരെ ക്ഷണിച്ച് പാർലമെന്റ് കന്റീനിൽ ഉച്ചഭക്ഷണം കഴിച്ചത്. ഭൂഗോളം തകിടം മറിയും എന്ന മട്ടിലാണ് കേരളത്തിൽ ഭരണപക്ഷ അംഗങ്ങൾ നിയമസഭയിലും പുറത്തും ഇതേക്കുറിച്ച് വിമർശനം ഉന്നയിച്ചത്. പാർട്ടിയും മുന്നണിയും ഏതോ ആയിക്കോട്ടെ, ലോക് സഭയിൽ പല പ്രധാന വിഷയങ്ങളും ഗൃഹപാഠം ചെയ്ത് നന്നായി പഠിച്ച് നല്ല ഭാഷയിൽ അവതരിപ്പിച്ച് ശ്രദ്ധ നേടിയിട്ടുള്ള അപൂർവ്വം എം.പിമാരിൽ ഒരാളാണ് പ്രേമചന്ദ്രൻ. ഏതു മേഖലയിലും നല്ല പ്രകടനം കാഴ്ചവയ്ക്കുന്ന ആരെയും അതേ മേഖലയിലെ എതിരാളികൾ പോലും അംഗീകരിക്കുന്നത് മാന്യതയുടെ ഭാഗമാണ്. ഒരു പക്ഷേ ഉച്ചഭക്ഷണത്തിന് മോദി പ്രേമചന്ദ്രനെ ക്ഷണിച്ചതും അദ്ദേഹത്തിന്റെ ലോക് സഭയിലെ പ്രകടന മികവിന്റെ അടിസ്ഥാനത്തിലാവാം. അല്ലെങ്കിൽ ചവറ മുതൽ ചവറ വരെ നീളുന്ന പ്രേമചന്ദ്രന്റെ പാർട്ടിയുടെയോ വേതാളത്തെ തോളിലേറ്റുന്ന വിക്രമാദിത്യനെ പോലെ അവരെ ചുമക്കുന്ന വൃദ്ധിക്ഷയം നേരിട്ടുകൊണ്ടിരിക്കുന്ന കോൺഗ്രസ് പ്രബലതയുടെയോ ഒന്നും ഗരിമ കണ്ടുകൊണ്ടാവില്ലെന്നുറപ്പ്. ശ്രദ്ധിക്കപ്പെടും മട്ടിൽ ആരു പ്രവർത്തിച്ചാലും അത് അംഗീകരിക്കപ്പെടും. പ്രധാനമന്ത്രിക്കൊപ്പമുള്ള പ്രേമചന്ദ്രന്റെ ഉച്ചഭക്ഷണമാണ് ഇപ്പോൾ വലിയ സംഭവമായി കേരളത്തിൽ ഇടതുപക്ഷം കൊട്ടിഘോഷിക്കുന്നത്. ഓവു ചാലിൽ കിടന്നുകൊണ്ട് കിണറ്റിൻ കരയിലിരിക്കുന്നവനെ പരിഹസിക്കും പോലെയാണ് ഇത്.

പാവപ്പെട്ടവന്റെയും പണിയെടുക്കുന്നവന്റെയും അപ്പോസ്തലന്മാരായി നിന്ന് അധികാരത്തിലെത്തിയ വിപ്ളവപാർട്ടിയുടെ കുന്തമുനകളായ നേതാക്കന്മാർക്കൊപ്പം തലസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ പന്തിഭോജനത്തിനെത്തിയിട്ടുള്ള പ്രമാണിമാരുടെ രാഷ്ട്രീയ ബന്ധങ്ങൾ ആർക്കുമറിയാത്ത രഹസ്യമൊന്നുമല്ല. അവിടെ വിളമ്പുന്ന ഭക്ഷണത്തിന്റെ കലോറിക മൂല്യവും നെയ് കൊഴുപ്പും കാണില്ല, പാർലമെന്റ് കന്റീനിലെ ഭക്ഷണത്തിന്. ഒരു തുണ്ടു തുണിയെങ്കിലും ഉടുത്തിട്ട് വേണം അർദ്ധനഗ്നനെ പരിഹസിക്കാൻ. ഏതായാലും വിവാദങ്ങൾക്ക് നടുവിൽ കൊല്ലം ലോക് സഭാമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രേമചന്ദ്രൻ തന്നെ മത്സരിക്കുമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയും അനിഷേദ്ധ്യനേതാവുമായ ഷിബു ബേബിജോൺ പ്രഖ്യാപിക്കുകയും ചെയ്തു.

വല്ലാത്ത തിരഞ്ഞെടുപ്പ് ഭാഗ്യമുള്ളയാളാണ് പ്രേമചന്ദ്രൻ. ഇടതുപാളയം വിട്ട് യു.ഡി.എഫ് കൂടാരത്തിലേക്ക് പ്രവേശിച്ച ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രേമചന്ദ്രനെ കൊല്ലത്ത് ചെന്ന് ഒരു പൊതു സമ്മേളനത്തിൽ പ്രശംസിച്ചു. മുഖ്യമന്ത്രിയുടെ അന്നത്തെ ഒറ്റ പ്രശംസാ പ്രയോഗത്തോടെ പ്രേമചന്ദ്രൻ വിജയം ഉറപ്പിച്ചു. ഇക്കുറിയും തിരഞ്ഞെടുപ്പ് അടുത്തതോടെ മുഖ്യമന്ത്രി പ്രശംസിക്കാനിറങ്ങിയില്ലെങ്കിലും അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങൾ പ്രേമചന്ദ്ര വിരോധവുമായി ഇറങ്ങിയിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ സത്ക്കാരത്തിന് രാഷ്ട്രീയ നിറവും വ്യാഖ്യാനവുമൊക്കെ നൽകി പെരുപ്പിച്ച് കാട്ടി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ശ്രമം. പുട്ടിന് തേങ്ങാപ്പീര ഇടും പോലെ എല്ലാ ഇടതുപക്ഷ പ്രമാണിമാരും തങ്ങൾക്ക് കിട്ടുന്ന വേദികളിലെല്ലാം അല്പസമയം പ്രേമചന്ദ്രന് വേണ്ടി നീക്കി വയ്ക്കുന്നുണ്ട്. പറഞ്ഞുപറഞ്ഞു കുറെ വോട്ടുകൾ പ്രേമചന്ദ്രന്റെ പെട്ടിയിൽ വീഴ്ത്തിയിട്ടേ അടങ്ങൂ എന്ന വാശിപോലെ. രാജ്യത്തെയും സംസ്ഥാനത്തെയും എന്തെല്ലാം പ്രശ്നങ്ങൾ ചർച്ച ചെയ്യാനുണ്ട് തിരഞ്ഞെടുപ്പിൽ ഒരു പക്ഷേ ഉയർന്നുവരേണ്ട വിഷയങ്ങൾ. അതിന് പിറകെ പോകാതെയുള്ള ഈ ഊട്ടുപുരാണം ആർക്ക് ഗുണം ചെയ്യാൻ.

ഇതുകൂടി കേൾക്കണേ

രാഷ്ട്രീയ എതിരാളികളെ മാനസികമായും രാഷ്ട്രീയമായും നിശബ്ദരാക്കാൻ തന്ത്രങ്ങൾ മെനയുക സ്വാഭാവികമാണ്. പക്ഷേ ആ വിഷയങ്ങൾക്ക് അതിന്റേതായ ഗൗരവം കൂടി വേണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOKSBHAELECTION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.