ലോജിസ്റ്റിക്‌സ് കോഴ്‌സിനെക്കുറിച്ചും സാദ്ധ്യതകളെക്കുറിച്ചും വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും സംശയങ്ങളേറെയുണ്ട്. ഉത്പന്നങ്ങൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ആവശ്യക്കാരിലെത്തിക്കുന്ന പ്രക്രിയയാണ് ലോജിസ്റ്റിക്‌സ്. ലോകത്തെമ്പാടുമുള്ള ഷിപ്പിംഗ്, എയർലൈൻ, റോഡ് ഗതാഗതം, ഫ്രൈറ്റ് ഫോർവേഡിംഗ്, കയറ്റുമതി, ഇറക്കുമതി, സെയിൽസ്, മാർക്കറ്റിംഗ്, ഓഫീസ് നിർവ്വഹണം, കസ്റ്റമർ സർവീസ്, ഡോക്യുമെന്റഷൻ എന്നിവയെല്ലാം ലോജിസ്റ്റിക്‌സിൽപ്പെടുന്നു. ഇതിനായി ലോജിസ്റ്റിക് മാനേജ്‌മെന്റ് വിദഗ്ദ്ധരുടെ ആവശ്യകതയേറെയാണ്. രാജ്യത്ത് പ്രതിവർഷം ഒരുലക്ഷത്തോളം ലോജിസ്റ്റിക്‌സ് വിദഗ്ദ്ധരുടെ ആവശ്യമുണ്ട്. വ്യാപാരവിനിമയ രംഗത്ത് ആഗോളതലത്തിൽ പ്രവർത്തിക്കാൻ ലോജിസ്റ്റിക് വിദഗ്ദ്ധർക്കാകും.
രാജ്യത്തിനകത്തും വിദേശത്തും ലോജിസ്റ്റിക് കോഴ്‌സുകൾക്ക് സാദ്ധ്യതയേറെയാണ്. ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക് മന്ത്രാലയത്തിന്റെ അംഗീകാരമുള്ള കോഴ്‌സുകൾക്കാണ് സാദ്ധ്യതയേറെയും. നിരവധി സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദ, ബിരുദാനന്തര ഡിപ്ലോമാ പ്രോഗ്രാമുകൾ ഈ മേഖലയിലുണ്ട്.
പ്ലസ്ടു പൂർത്തിയാക്കിയവർക്ക് ബി.ബി.എ / ബികോം ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്‌സിന് ചേരാം. ബിരുദധാരികൾക്ക് എം.ബി.എ /പി.ജി ഡിപ്ലോമ ഇൻ ലോജിസ്റ്റിക് & സപ്ലൈ ചെയിൻ മാനേജ്മന്റ് കോഴ്‌സിന് ചേരാം. കൂടാതെ നിരവധി ഹ്രസ്വകാല സ്‌പെഷ്യലൈസേഷൻ കോഴ്‌സുകളുമുണ്ട്.
International Ocean Freight Logistics Professional ഒരു മാസത്തെ മികച്ച സർട്ടിഫിക്കേഷൻ പ്രോഗ്രാമാണ്. ഇന്ത്യ മാരിടൈം യൂണിവേഴ്‌സിറ്റിയിൽ മികച്ച ലോജിസ്റ്റിക് പ്രോഗ്രാമുണ്ട്. കൊച്ചിയിലെ ഫിഷറീസ് സർവകലാശാല, സ്വാശ്രയ കോളേജുകൾ എന്നിവിടങ്ങളിൽ ലോജിസ്റ്റിക് മാനേജ്മന്റ് കോഴ്‌സുകളുണ്ട്. കാക്കനാട് ഇൻഫോപാർക്കിലുള്ള എസ്.സി.എം ഹബ്ബിലും മികച്ച ക്യാമ്പസ് പ്ലേസ്‌മെന്റുണ്ട്. അമേരിക്ക, യു.കെ, കാനഡ, ഓസ്‌ട്രേലിയ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ ലോജിസ്റ്റിക് മാനേജ്‌മെന്റ് പൂർത്തിയാക്കിയവർക്ക് മികച്ച അവസരങ്ങളുണ്ട്.
രാജ്യത്ത് പോർട്ടുകളും, വിമാനത്താവളങ്ങളും കാർഗോ സിസ്റ്റവും കൂടുതലായി രൂപപ്പെടുമ്പോൾ മികച്ച സ്ട്രാറ്റജിക് ഓപ്പറേഷൻസ് രീതി പ്രാവർത്തികമാക്കാൻ ലോജിസ്റ്റിക് മാനേജ്മന്റ് വിദഗ്ദ്ധർക്കാകും. വിഴിഞ്ഞം പോർട്ട് ആരംഭിക്കുന്നതോടെ പോർട്ട് മാനേജ്‌മെന്റിനോടൊപ്പം ലോജിസ്റ്റിക്‌സ് തൊഴിലുകൾക്കു സാദ്ധ്യതയേറും. ഉപരിതല ഗതാഗതമേഖലയിലും, അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികൾ, ഷിപ്പിംഗ് കോർപറേഷൻ ഒഫ് ഇന്ത്യ എന്നിവയിലും ലോജിസ്റ്റിക്‌സിന് അനന്ത സാദ്ധ്യതകളുണ്ട്.
ലോജിസ്റ്റിക്‌സ് മേഖലയിൽ പ്രവർത്തിക്കാൻ താൽപ്പര്യം, അഭിരുചി എന്നിവ പ്രത്യേകം വിലയിരുത്തണം. അംഗീകാരമുള്ള ലോജിസ്റ്റിക് സ്‌കൂളുകളിൽ മാത്രമേ ചേരാവൂ. പ്ലേസ്‌മെന്റ്, യോഗ്യരായ അദ്ധ്യാപകർ, ഭൗതിക സൗകര്യം, വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം എന്നിവ പ്രത്യേകം വിലയിരുത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |