SignIn
Kerala Kaumudi Online
Friday, 18 September 2026 10.58 PM IST

സി.പി.എം പട്ടികയായി,ഇനി പ്രചാരണം തീപാറും

cpm

തിരുവനന്തപുരം : കേന്ദ്ര കമ്മറ്റിയംഗങ്ങളായ മുതിർന്ന നേതാക്കൾ മുതൽ ചെറുപ്പക്കാർ വരെ ഉൾപ്പെടുന്ന സി.പി.എം സ്ഥാനാർത്ഥി പട്ടിക തയ്യാറായതോടെ ഇനി പ്രചാരണം ഉഷാറാകും. പ്രഖ്യാപനം വന്നില്ലെങ്കിലും പ്രചാരണത്തിന് പാർടി നേതൃത്വം മൗനാനുമതി നൽകിക്കഴി‌ഞ്ഞു . രണ്ട് ടേം പൂർത്തിയാക്കിയതിന്റെ പേരിൽ കഴിഞ്ഞ തവണ നിയമസഭാസീറ്റ് നിഷേധിക്കപ്പെട്ട ഡോ.തോമസ് ഐസക്കും ,മന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ട കെ.കെ.ശൈലജയും പട്ടികയിലുണ്ടെന്നത് കൗതുകമായി. അതേ സമയം ജനപ്രിയ നേതാവായ ശൈലജയെ സംസ്ഥാനത്തു നിന്ന് ഡൽഹിയിലേക്ക് അയക്കുന്നതിനുള്ള ശ്രമം സ്നേഹപ്പാരയാണെന്ന വിമർശനവുമുണ്ട്.

തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും എം.എൽ.എയും സി.പി.എമ്മിന്റെ ജനകീയ മുഖങ്ങളിലൊരാളുമായ വി.ജോയി
ആറ്റിങ്ങലിൽ അടൂർ പ്രകാശിന് കടുത്ത വെല്ലുവിളിയാകും. ബി.ജെ.പി സ്ഥാനാർത്ഥിയായി കേന്ദ്രമന്ത്രി വി.മുരളീധരൻ കൂടിയെത്തിയാൽ ശക്തമായ ത്രികോണ മത്സരത്തിനു വഴിയൊരുങ്ങും.

പാർട്ടിയുടെ ബൗദ്ധിക മുഖം കൂടിയായ തോമസ് ഐസക്കിന് പത്തനംതിട്ട വലിയ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും യു.ഡി.എഫിന്റെ കോട്ടയാണ് മണ്ഡലം. ബി.ജെ.പി സ്ഥാനാർത്ഥി പിടിക്കുന്ന വോട്ടും നിർണായകമാകും. എൻ.കെ.പ്രേമചന്ദ്രനെ നേരിാടൻ കൊല്ലത്ത് നിലവിലെ എം.എൽ.എ കൂടിയായ മുകേഷിനെയാണ് മത്സരിപ്പിക്കുന്നത്.മുകേഷിന്റെ താരപദവി പ്രയോജനപ്പെടുമെന്ന പ്രതീക്ഷയാണ് പാർടിക്ക്.

ആലപ്പുഴയിൽ ഒരു തവണ കൂടി ആരീഫിന് തന്നെ അവസരം നൽകുമ്പോൾ എറണാകുളത്ത് കെ.എസ്.ടി.എ നേതാവായ കെ.ജെ ഷൈനെന്ന പുതുമുഖ വനിതയെയാണ് പാർട്ടി രംഗത്തിറിക്കിയിരിക്കുന്നത്. പാലക്കാട് വീണ്ടും എ. വിജയരാഘവനെ ഇറക്കി ഭാഗ്യ പരീക്ഷണം നടത്തുകയാണ്. ആലത്തൂരിൽ ശക്തനായ സ്ഥാനാർത്ഥി എന്ന നിലയിലാണ് മന്ത്രി കെ.രാധാകൃഷ്ണനെ നിയോഗിക്കുന്നത്. കോഴിക്കോട് എം.കെ രാഘവനെ നേരിടാൻ സി.ഐ.ടി.യു അഖിലേന്ത്യാ നേതാവും രാജ്യസഭാംഗവുമായ എളമരം കരീമിനെയാണ് കളത്തിലിറക്കുന്നത്.

വടകരയിൽ കെ.മുരളീധരന്റെ ജൈ്തരയാത്രയ്ക്ക് തടയിടുക എന്ന ലക്ഷ്യമാണ് മുൻ ആരോഗ്യമന്ത്രിയും നിലവിലെ എം.എൽ.എയുമായ കെ.കെ ശൈലജയ്ക്കുള്ളത്. . മലപ്പുറത്ത് ഡി.വൈ.എഫ്.ഐയുടെ നേതൃനിരയിൽ നിന്ന് വി.വസീഫ് ഇറങ്ങുമ്പോൾ പൊന്നാനിയിൽ മുൻ ലീഗ് നേതാവ് കൂടിയായ കെ.എസ് ഹംസയ്ക്കാണ് സീറ്റ് നൽകിയിട്ടുള്ളത്. കണ്ണൂരിലും കാസർകോട്ടും ജില്ലാ സെക്രട്ടറിമാരായ എം.വി ജയരാജൻ, എം.വി ബാലകൃഷ്ണൻ എന്നിവരെയും പാർട്ടി ഉറപ്പിച്ചുവെന്നാണ് വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA