തിരുവനന്തപുരം: 'ഓപ്പറേഷൻ സുതാര്യത" എന്നപേരിൽ 88വില്ലേജ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. അഴിമതിക്കായി ഓൺലൈൻ സേവനം ലഭ്യമാക്കുന്ന പോർട്ടൽ അട്ടിമറിക്കുന്നെന്ന പരാതിയിലായിരുന്നു റെയ്ഡ്. മിക്കയിടത്തും സേവനാവകാശ നിയമ പ്രകാരം അപേക്ഷകർക്ക് കൃത്യസമയത്തിനകം സേവനങ്ങൾ ലഭ്യമാക്കുന്നില്ല. അപേക്ഷിച്ച് മൂന്നുമാസമായിട്ടും ജില്ലകളിൽ ആയിരക്കണക്കിന് അപേക്ഷകൾ കെട്ടിക്കിടക്കുന്നു. സ്ഥല പരിശോധന ആവശ്യമുണ്ടെന്ന പേരിലും വൻതോതിൽ അപേക്ഷകൾ നടപടിയെടുക്കാതെ മാറ്റിവച്ചിരിക്കുന്നു. ആലപ്പുഴയിൽ 797, പാലക്കാട്ട് 500, കോട്ടയത്ത് 416 അപേക്ഷകൾ ഇങ്ങനെ മാറ്റി. ചില വില്ലേജ് ഓഫീസുകളിൽ മുൻഗണനാ പ്രകാരമല്ലാതെ അപേക്ഷകൾ തീർപ്പാക്കുന്നു. ആലപ്പുഴ പള്ളിപ്പാട് വില്ലേജ് ഓഫീസിൽ ഭൂമി തരംമാറ്റുന്നതുമായി ബന്ധപ്പെട്ട 1048 അപേക്ഷകളിൽ 703 അപേക്ഷകളിലും നടപടിയെടുത്തിട്ടില്ലെന്ന് കണ്ടെത്തി. നെയ്യാറ്റിൻകര, കരകുളം, കൂടൽ, വെളിയമറ്റം, കുറിച്ചി, അയർക്കുന്നം അടക്കം നിരവധി വില്ലേജാഫീസുകളിൽ നേരിട്ട് ലഭിക്കുന്ന അപേക്ഷകൾ രജിസ്റ്ററിൽ രേഖപ്പെടുത്താറില്ല. തിരുവാണിയൂരിൽ സ്ഥലപരിശോധനയ്ക്കായി എത്തിയ വില്ലേജ് ഫീൽഡ് അസിസ്റ്റന്റും പെരുമ്പായിക്കാട് മറ്റൊരു വില്ലേജ് അസിസ്റ്റന്റും മതിയായ കാരണമില്ലാതെ അപേക്ഷകൾ മാറ്റി വച്ചശേഷം അപേക്ഷകരെ വില്ലേജ് ഓഫീസിൽ വരുത്തി ഗൂഗിൾപേ വഴിയും നേരിട്ടും തുകകൾ വാങ്ങി വരുന്നതായും കണ്ടെത്തി. വെങ്ങാനൂർ വില്ലേജാഫീസിലടക്കം ട്രഷറിയിൽ അടയ്ക്കാനുള്ള പണം കൃത്യമായി അടയ്ക്കുന്നില്ലെന്ന് കണ്ടെത്തി. വില്ലേജ് ഓഫീസുകളിലെ പരിശോധനകൾ തുടരുമെന്നും കണ്ടെത്തിയ അപാകതകളെപ്പറ്റി വിശദമായ റിപ്പോർട്ട് സർക്കാരിന് നൽകുമെന്നും വിജിലൻസ് ഡയറക്ടർ ടി.കെ. വിനോദ്കുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |