ഇസ്ലാമാബാദ്: ദിവസങ്ങൾ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിൽ സഖ്യസർക്കാർ രൂപീകരണത്തിനുള്ള അധികാര - പങ്കിടൽ സമവാക്യത്തിന് അന്തിമ അംഗീകാരം നൽകി മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പി.എം.എൽ - എന്നും (പാകിസ്ഥാൻ മുസ്ലിം ലീഗ്- നവാസ്) ബിലാവൽ ഭൂട്ടോ സർദ്ദാരിയുടെ പി.പി.പിയും (പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ).
നവാസിന്റെ സഹോദരനും മുൻ പ്രധാനമന്ത്രിയുമായ ഷെഹ്ബാസ് ഷെരീഫിനെ പ്രധാനമന്ത്രിയാക്കാനും ബിലാവലിന്റെ പിതാവ് ആസിഫ് അലി സർദ്ദാരിയെ പ്രസിഡന്റാക്കാനും കരാറായി. ഷെഹ്ബാസ് പ്രധാനമന്ത്രിയാകുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും മറ്റ് പദവികളിലും പ്രവിശ്യ സർക്കാരിലും തീരുമാനമെത്താതിരുന്നതോടെ ചർച്ചകൾ നീളുകയായിരുന്നു. ഫെബ്രുവരി 29ന് നാഷണൽ അസംബ്ലിയുടെ ആദ്യ സെഷൻ ചേരും. ഇതിന് ശേഷം പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടക്കും.
ഈ മാസം 8ന് 336 അംഗ നാഷണൽ അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷമായ 134 സീറ്റ് ആരും നേടിയില്ല. 93 സീറ്റുമായി മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പി.ടി.ഐ (പാകിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ്) സ്വതന്ത്രരാണ് മുന്നിലെത്തിയത്. ഇതോടെയാണ് സഖ്യസർക്കാരിനായി നവാസും ബിലാവലും കൈകോർത്തത്. പി.എം.എൽ - എന്നിന് 75ഉം പി.പി.പി 54ഉം വീതം സീറ്റുണ്ട്. മറ്റ് നാല് ചെറുപാർട്ടികളും ഇവരുടെ സഖ്യത്തിന്റെ ഭാഗമാണ്.
തീരുമാനങ്ങൾ
ഷെഹ്ബാസ് ക്യാബിനറ്റിൽ പി.പി.പി ഭാഗമാകില്ലെങ്കിലും പ്രസിഡന്റ്, സെനറ്റ് ചെയർമാൻ, നാഷണൽ അസംബ്ലി ഡെപ്യൂട്ടി സ്പീക്കർ പദവികൾ വഹിക്കും
പഞ്ചാബ് ക്യാബിനറ്റിലും പി.പി.പി ഭാഗമാകില്ല. എന്നാൽ അവിടുത്തെ ഗവർണർ പദവി വഹിക്കും
പഞ്ചാബിൽ നവാസിന്റെ മകൾ മറിയം മുഖ്യമന്ത്രിയാകും. രാജ്യത്തെ ആദ്യ വനിതാ മുഖ്യമന്ത്രി
ബലൂചിസ്ഥാനിൽ പി.എം.എൽ - എന്നിന്റെ പിന്തുണയോടെ പി.പി.പി സർക്കാർ രൂപീകരിക്കും
സിന്ധ്, ബലൂചിസ്ഥാൻ ഗവർണർ പദവികളും നാഷണൽ അസംബ്ലി സ്പീക്കർ സ്ഥാനവും പി.എം.എൽ - എന്നിന്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |