കൊച്ചി: വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ അപകടാവസ്ഥയിലുള്ള ചന്ദേർകുഞ്ച് ആർമി ടവറുകളിൽനിന്ന് താമസക്കാരെ എത്രയുംവേഗം ഒഴിപ്പിച്ചശേഷമേ മറ്റ് കാര്യങ്ങളെക്കുറിച്ച് ആലോചിക്കാവൂ എന്ന് പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോർട്ട്. അതീവ ഗുരുതരാസ്ഥയിലാണ് 29 നിലകളുള്ള ബി, സി ടവറുകളെന്ന് ഡിസൈൻവിഭാഗം ജോയിന്റ് ഡയറക്ടറും എക്സിക്യുട്ടീവ് എൻജിനിയറുമായ വി.എം. അസീന ഡിസംബർ 21ന് കളക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ബേസ്മെന്റിലെ കോൺക്രീറ്റ് കോളങ്ങളും ബീമുകളും മറ്റും വലിയ രീതിയിൽ പൊട്ടിയിട്ടുണ്ട്. കെട്ടിടത്തിന്റെ സ്ട്രക്ചറൽ സ്റ്റെബിലിറ്റി അപായകരമായ അവസ്ഥയിലാണ്. വിശദമായ പഠനം നടത്തണമെങ്കിലും അതിനുമുന്നേ താമസക്കാരെ അടിയന്തരമായി ഒഴിപ്പിക്കണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
208 ഫ്ളാറ്റുകളിൽനിന്ന് എത്രയുംവേഗം താമസക്കാരെ ഒഴിപ്പിക്കണമെന്ന് മദ്രാസ് ഐ.ഐ.ടി സംഘം 2023 നവംബർ 5ലും ജി.സി.ഡി.എ എക്സിക്യുട്ടീവ് എൻജിനിയർ ഡിസംബർ 21നും തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ജനുവരി 29നും റിപ്പോർട്ട് നൽകിയെങ്കിലും നൂറുകണക്കിന് പേരുടെ ജീവനും മെട്രോ റെയിൽപ്പാതയ്ക്കും ഭീഷണിയുണ്ടായിട്ടും ഈ റിപ്പോർട്ടുകൾക്കുമേൽ അടയിരിക്കുകയാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി. കളക്ടർ അദ്ധ്യക്ഷനായ അതോറിറ്റി ഇന്നലെവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
അറ്റകുറ്റപ്പണി നടത്തി കെട്ടിടം നിലനിറുത്താനുള്ള ശ്രമങ്ങളിലാണ് പദ്ധതിയുടെ പ്രൊമോട്ടർമാരായ കരസേനയുടെ നിയന്ത്രണത്തിലുള്ള ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ. കൊച്ചി നഗരത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിൽപ്പെട്ടതാണ് ചന്ദേർകുഞ്ച് ആർമി ടവറുകൾ. 2018ലാണ് ഉടമകൾക്ക് കൈമാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |