SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.23 PM IST

ഭിന്നശേഷിക്കാർക്ക് എല്ലാ സഹായവും : മുഖ്യമന്ത്രി

Increase Font Size Decrease Font Size Print Page
cm

തിരുവനന്തപുരം: ഭിന്നശേഷി ജീവിത വിജയത്തിന് തടസമല്ലെന്ന് തെളിയിച്ച നിരവധി പേരുണ്ടെന്നും, ഭിന്നശേഷിയെ പോരായ്മയായി കണ്ട് ഒതുങ്ങിക്കൂടാതെ അതിജീവിക്കാൻ കഴിയുമെന്ന് ഓരോരുത്തരും നിശ്ചയിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭിന്നശേഷിക്കാരുമായി നടത്തിയ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭിന്നശേഷിക്കാർക്ക് സാദ്ധ്യമായ എല്ലാ സഹായവും ഉറപ്പാക്കി നവകേരളം ഭിന്നശേഷി സൗഹൃദമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഭിന്നശേഷിയുള്ളവർ പൊതുസമൂഹത്തിൽ നേരിടുന്ന അസമത്വവും വിവേചനവും അവസാനിപ്പിക്കുകയെന്നത് ആധുനിക ജനാധിപത്യ സമൂഹത്തിന് അത്യന്താപേക്ഷിതമാണ്. കാഴ്ച, കേൾവി, സംസാര ശേഷി എന്നിവയിലോ ശാരീരികമായോ ബുദ്ധിപരമായോ പിന്നാക്കം നിൽക്കുന്നവരെ അതൊന്നുമില്ലാത്തവരോടു മത്സരിക്കാൻ നിയോഗിക്കുന്നതു നീതിയല്ല. അതു ഭിന്നശേഷിയുള്ളവർ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക മേഖലകളിൽ എക്കാലവും പിന്നാക്കം തന്നെ നിൽക്കുന്നുവെന്ന് ഉറപ്പു വരുത്തുകയാണ് ചെയ്യുക. ഭിന്നശേഷിയുള്ളവരെ സവിശേഷമായി കാണുകയും അവർക്കു വേണ്ട പ്രത്യേക പദ്ധതികൾ ആവഷ്‌ക്കരിക്കുകയും ചെയ്യണം.

നടപ്പാതകളിൽ

കൈവരികൾ

ഭിന്നശേഷിയുള്ളവരെക്കൂടി സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാനുള്ള ശ്രമത്തിലാണു സർക്കാർ. ഭിന്നശേഷിക്കാർക്കായി നടപ്പാതകളിൽ കൈവരികൾ സ്ഥാപിക്കും. കുടുംബശ്രീ മാതൃകയിൽ ഭിന്നശേഷി സ്വയംസഹായ സംഘങ്ങൾ രൂപീകരിക്കും. ഭിന്നശേഷിക്കാർ നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്ക് വിപണി ഉറപ്പാക്കും. ഭിന്നശേഷി വിഭാഗങ്ങൾക്കുള്ള ഏകീകൃത തിരിച്ചറിയൽ രേഖ യു.ഡി.ഐ.ടി കാർഡ് പദ്ധതി നടപ്പാക്കാത്തവർക്കെതിരേ കർശന നിയമ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി ഡോ. ആർ. ബിന്ദു അദ്ധ്യക്ഷയായി. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, അഡിഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ, ഡയറക്ടർ എച്ച്. ദിനേശൻ എന്നിവരും വേദിയിലെത്തി. ഭിന്നശേഷി മേഖലയിൽനിന്നുള്ള അഡ്വ. ജയ ഡാളി, ഗിരീഷ് കീർത്തി, ഡോ. പി.റ്റി. ബാബുരാജ്, കൃഷ്ണകുമാർ ഗോകുൽ രത്നാകർ, കൺമണി എസ്, വിജയൻ ഒ, ജോബി എ.എസ്, മുരളീധരൻ വി, ജിനു മോൾ മാരിയറ്റ് തോമസ്, ഡോ. എം.കെ.സി. നായർ, ഡോ. ജാവേദ് അനീസ്, ഡോ. ജയപ്രകാശ് ആർ, ഫാ. റോയ് വടക്കേൽ തുടങ്ങിയവർ പങ്കെടുത്തു.

TAGS: CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY