തിരുവനന്തപുരം: കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് വിവാദത്തിൽപ്പെട്ട കമ്പനിക്ക് മൈനിംഗ് ലീസ് നൽകിയത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോഴെന്ന് മന്ത്രി പി.രാജീവ്. 2002ൽ മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണിയാണ് നടപടികൾ തുടങ്ങിയതെന്നും മാത്യുകുഴൽനാടൻ എം.എൽ.എയ്ക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ നൽകിയ മറുപടിയിൽ മന്ത്രി വ്യക്തമാക്കി.
സവിശേഷ അധികാരം ഉപയോഗിച്ച് മുഖ്യമന്ത്രി യോഗം വിളിച്ചത് പൊതുവായ കാര്യങ്ങൾക്കായാണ്. കമ്പനിയെ സഹായിക്കാനല്ല.
കമ്പനിക്കെതിരെ അഡ്വക്കേറ്റ് ജനറൽ നിയമോപദേശവും നൽകി. എന്നിട്ടും കമ്പനിയെ സഹായിച്ചെന്ന ആരോപണം അസംബന്ധമല്ലേയെന്ന ചോദ്യത്തിന് കുഴൽനാടൻ മറുപടി പറഞ്ഞിട്ടില്ല.
തോട്ടപ്പള്ളിയിൽനിന്ന് എടുക്കുന്ന മണലിൽ 50 ശതമാനം വീതം ഐ.ആർ.ഇയും കെ.എം.എം.എല്ലും കൈകാര്യം ചെയ്യുന്നു. ഐ.ആർ.ഇ വേർതിരിച്ചെടുക്കുന്ന ഇൽമനൈറ്റ് പൂർണ്ണമായും കെ.എം.എം.എല്ലിന് മാത്രമേ കൊടുക്കാവൂയെന്ന് വ്യവസ്ഥചെയ്യുന്ന എം.ഒ.യുവിന്റെ
പകർപ്പും കാണിച്ചു.
2012ൽ തോട്ടപ്പള്ളി സ്പിൽവേയിൽ നിന്നുതന്നെ ഐ.ആർ.ഇക്ക് മാത്രമായി മണൽ വാരാനുള്ള അപേക്ഷ കിട്ടി ഒരു മാസത്തിനുള്ളിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുമതി നൽകിയതെങ്ങനെയെന്ന് കുഴൽനാടൻ അന്വേഷിക്കേണ്ടതല്ലേ. കൈവശം വയ്ക്കാവുന്നതിനേക്കാൾ കൂടുതൽ ഭൂമിയുടെ രജിസ്ട്രേഷൻ നടത്തിയ യു.ഡി.എഫിന്റെ എം.എൽ.എയാണ് ഇളവ് നൽകണമെന്ന അപേക്ഷ തള്ളിയ എൽ.ഡി.എഫിനെതിരെ അനാവശ്യ ആരോപണവുമായി വരുന്നതെന്നും എന്തിന് സംവാദം നടത്തണമെന്നും പോസ്റ്റിൽ രാജീവ് ചോദിക്കുന്നു.
ഭൂപരിധി ഇളവിന് മുഖ്യമന്ത്രി
നേരിട്ട് ഇടപെട്ടു: കുഴൽനാടൻ
തിരുവനന്തപുരം: സി.എം.ആർ.എല്ലിന്റെ സഹോദര സ്ഥാപനമായ കെ.ആർ.ഇ.എം.എൽ ഭൂപരിധി നിയമം ലംഘിച്ച് തോട്ടപ്പള്ളിയിൽ വാങ്ങിയ ഭൂമി കൈവശം വെയ്ക്കാൻ ഭൂപരിഷ്‌ക്കരണ നിയമത്തിൽ ഭേദഗതിക്കായി മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് യോഗം വിളിച്ചുവെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
റവന്യൂ വകുപ്പ് പരിശോധിച്ച് തീരുമാനിക്കേണ്ട വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ട് സഹായവും ചെയ്തു. ഭൂപരിഷ്‌കരണ നിയമം സംബന്ധിച്ച പാർട്ടി നയങ്ങൾ പോലും കാറ്റിൽപ്പറത്തിയാണ് മുഖ്യമന്ത്രി ഇടപെട്ടതെന്നും നൂറുകോടി രൂപയോളം പിണറായി വിജയന് പ്രതിഫലം ലഭിച്ചുവെന്നും ആരോപിച്ചു.
മന്ത്രിമാരായ പി.രാജീവിനെയും എം.ബി.രാജേഷിനേയും ഈ വിഷയത്തിൽ പരസ്യസംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |