രണ്ടു തവണ നിയമസഭാംഗമായ സി.കെ.പി. പത്മനാഭൻ എന്നും കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവാണ്. സി.പി.എം. സംസ്ഥാന സമിതി അംഗവും കർഷകസംഘം സംസ്ഥാന സെക്രട്ടറിയുമായിരിക്കെ പാർട്ടി നടപടികൾക്ക് വിധേയനായി സംസ്ഥാന സമിതിയിൽ നിന്ന് അഞ്ചുപടി താഴ ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരം താഴ്ത്തപ്പെട്ടുവെങ്കിലും സി.കെ.പിയുടെ ജനകീയ പ്രതിഛായക്ക് ഇടിവ് തട്ടിയിട്ടില്ല. പാർട്ടി നടപടികളെ കുറിച്ചുള്ള ചോദ്യത്തോട് പാർട്ടിക്ക് പാർട്ടിയുടേതായ രീതികളുണ്ട് എന്നുമാത്രമാണ് അന്നും ഇന്നും അദ്ദേഹത്തിന്റെ മറുപടി. ശാരീരിക അവശതകൾ മൂലം സജീവമായി പൊതുരംഗത്തില്ലാത്ത സി.കെ.പി. പത്മനാഭൻ ലോക്‌സഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ രാഷ്ട്രീയ നിരീക്ഷണങ്ങൾ പങ്കുവച്ചു.
കേരളത്തിൽ ഇടതുപക്ഷത്തിന്റെ സാധ്യതകൾ?
ഒരു ബദൽ സംസാരിക്കാനുള്ള ശേഷി ഉണ്ട് എന്നതാണ് ഇടതുപക്ഷത്തെ പ്രസക്തമാക്കുന്നത്. പക്ഷേ സംസാരിച്ചാൽ പോര ആ ബദൽ നടപ്പാക്കുന്നതിന് തയ്യാറാകണം. ബംഗാൾ, ത്രിപുര പാഠങ്ങൾ കണ്ടില്ലെന്ന് നടിക്കരുത്. പെൻഷൻ വിതരണത്തിലെ അനിശ്ചിതത്വം, വിലക്കയറ്റം തുടങ്ങിയ പ്രതികൂല ഘടകങ്ങളും ഇടതുപക്ഷത്തിന് മുന്നിൽ വെല്ലുവിളിയായുണ്ട്.
പ്രതിപക്ഷത്തിന്റെ പ്രതീക്ഷ?
പ്രതീക്ഷ നശിച്ച ഒരു സംഘമായി പ്രതിപക്ഷം മാറി. ബി.ജെ.പി. വീണ്ടും അധികാരത്തിൽവന്നു എന്ന തരത്തിലാണ് പ്രതിപക്ഷത്തിന്റെ പെരുമാറ്റം. പ്രതിപക്ഷ കക്ഷികളിലെ നേതാക്കളുടെ ചില പ്രഖ്യാപനങ്ങൾ തന്നെ അത് സൂചിപ്പിക്കുന്നു. വയനാട് മത്സരിക്കുന്ന കാര്യത്തിൽ രാഹുൽഗാന്ധിയെ പരിഹസിക്കുന്ന ഇടതു നിലപാടു പോലും ഉദാഹരണമാണ്. കോൺഗ്രസുമായി വിട്ടു വീഴ്ച ചെയ്തുകൊണ്ട് ബി.ജെ.പിക്കെതിരേ പോരാടാനുള്ള യോജിച്ച വേദി സൃഷ്ടിക്കുകയാണ് പ്രതിപക്ഷ കക്ഷികൾ ചെയ്യേണ്ടത്. അയോദ്ധ്യാ വിഷയത്തിലുൾപ്പെടെ ശക്തമായ ഒരു പ്രതിപക്ഷ സ്വരം രാജ്യത്ത് ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽഎനിക്ക് സംശയമുണ്ട്.
കേരളത്തിലെ പ്രതിപക്ഷം?
അവർക്ക് കൃത്യമായ ഒരു രാഷ്ട്രീയ സമീപനമില്ല. നിരാശയോടെയാണ് കോൺഗ്രസ് അണികൾ പോലും നോക്കി കാണുന്നത്.ജനങ്ങളെ അണിനിരത്തി സമര രംഗത്തിറങ്ങാൻ പോലും സാധിക്കാത്ത ആൾക്കൂട്ടം മാത്രമായി കോൺഗ്രസ് മാറി.
കേരളത്തിൽ ബി.ജെ.പി. അക്കൗണ്ട് തുറക്കുമോ?
സാധ്യത കാണുന്നില്ല. വിവിധ പാർട്ടികളിലും സംഘടനകളിലുമായി വിഭജിച്ചു കിടക്കുകയാണ് ഹിന്ദു വോട്ടുകൾ. ശക്തമായ ഹിന്ദു വികാരത്തിലേക്ക് ആ വോട്ടുകൾ ഏകീകരിക്കാവുന്ന സാധ്യത നിലവിലില്ല. പക്ഷേ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽവോട്ടർ മാരിലെ ആശയ കുഴപ്പം പ്രശ്‌നമാകും. മതനിരപേക്ഷ മനസ്സുകളുടെ വോട്ടുകൾ ഭിന്നിക്കാതെ ഒരുപെട്ടിയിൽ വീഴുന്ന രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കുകയാണ് പോംവഴി. കണ്ണൂരിൽ മട്ടന്നൂരിലെ തദ്ദേശ തെരഞ്ഞെടുപ്പ് രാഷ്ട്രീയ പാഠമാണ്. ഇടതുപക്ഷത്തെയും കോൺഗ്രസിനെയും തോൽപ്പിച്ച് ബി.ജെ.പി. അക്കൗണ്ട് തുറന്നു.
പ്രചരണ രംഗത്തുണ്ടാകുമോ?
ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. എന്നാലും നിർണായക തിരഞ്ഞെടുപ്പ് എന്ന നിലയിൽ രാഷ്ട്രീയ ഉത്തരവാദിത്തങ്ങൾ നിറവേറ്റും. പരിപാടികളിൽ പ്രസംഗിക്കാനായി സാംസ്‌കാരിക ക്ലബുകളും കൂട്ടായ്മകളും വിളിക്കുന്നുണ്ട്. വായനയിലാണ് ഇപ്പോൾ ശ്രദ്ധയൂന്നുന്നത്. എഴുതാൻചിലർ നിർബന്ധിക്കുന്നുണ്ട്. നോക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |