കൊച്ചി: മസാല ബോണ്ട് അന്വേഷണവുമായി ബന്ധപ്പെട്ട് കിഫ്ബി ഡെപ്യൂട്ടി ജനറൽ മാനേജർ അജോഷ് കൃഷ്ണൻ, ഉദ്യോഗസ്ഥൻ ഹേമന്ത് എന്നിവർ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിൽ ചോദ്യം ചെയ്യലിന് ഹാജരായി. ബോണ്ടുവഴി സമാഹരിച്ച തുക വിനിയോഗിച്ചതു സംബന്ധിച്ച് ഇരുവരും വിശദീകരണം നൽകി.
രാവിലെ ആരംഭിച്ച ചോദ്യം ചെയ്യൽ മണിക്കൂറുകൾ നീണ്ടു. ഇന്നും മൊഴിയെടുക്കൽ തുടരും. കിഫ്ബി സി.ഇ.ഒയെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇ.ഡി തീരുമാനമെടുക്കും.
വിദേശത്തുനിന്ന് മസാല ബോണ്ടിലൂടെ ശേഖരിച്ച 2,150 കോടി രൂപയുടെ വിനിയോഗത്തിൽ വിദേശനാണ്യ വിനിമനയ നിയമം (ഫെമ) ലംഘിക്കപ്പെട്ടെന്ന പരാതിയാണ് ഇ.ഡി അന്വേഷിക്കുന്നത്.
ഇ.ഡി നൽകിയ സമൻസുകൾക്കെതിരെ കിഫ്ബിയും മുൻധനമന്ത്രി ഡോ.തോമസ് ഐസക്കും നൽകിയ ഹർജികളിൽ ഒന്നരവർഷത്തിന് ശേഷമാണ് ഉദ്യോഗസ്ഥർ ഇ.ഡിക്ക് മുമ്പിൽ ഹാജരായത്.
ഇ.ഡി മനപ്പൂർവ്വം ദ്രോഹിക്കുകയാണെന്നാണ് കിഫ്ബിയും തോമസ് ഐസക്കും നൽകിയ ഹർജികളിൽ പറയുന്നത്. സമൻസുകൾക്കെതിരായ ഹർജികൾ കഴിഞ്ഞയാഴ്ച പരിഗണിച്ചപ്പോഴും തോമസ് ഐസക്കും കിഫ്ബി ഉദ്യോഗസ്ഥരും ഹാജരാകണമെന്ന നിലപാട് ഇ.ഡി. ആവർത്തിച്ചു. ഹാജരാകാൻ നിയമപരമായി തനിക്ക് ബാദ്ധ്യതയില്ലെന്ന നിലപാടാണ് തോമസ് ഐസക്ക് സ്വീകരിച്ചത്. സി.ഇ.ഒയ്ക്ക് പകരം ഡി.ജി.എം ഹാജരായി വിശദീകരണം നൽകാമെന്ന് കിഫ്ബിയും അറിയിച്ചു. തുടർന്നാണ് ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചത്.
സമൻസിനെതിരായ തോമസ് ഐസക്കിന്റെ ഹർജിയും കിഫ്ബിയുടെ ഹർജിയിലെ തുടർനടപടികളും മാർച്ച് ഏഴിന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |