SignIn
Kerala Kaumudi Online
Sunday, 24 May 2026 12.34 PM IST

ഇഷാന്‍ കിഷന്റെ നഷ്ടം സഞ്ജുവിന്റെ നേട്ടം, വാളെടുത്ത് ബിസിസിഐ; ശ്രേയസ് അയ്യര്‍ക്കും പണികൊടുത്ത് ക്രിക്കറ്റ് ബോര്‍ഡ്

bcci

മുംബയ്: രഞ്ജി ട്രോഫി കളിക്കണമെന്ന നിര്‍ദേശം പാലിക്കാതിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഇഷാന്‍ കിഷനും ശ്രേയസ് അയ്യര്‍ക്കുമെതിരെ നടപടിയുമായി ബിസിസിഐ. ഇരുവരേയും വാര്‍ഷിക കരാറില്‍ നിന്ന് ബിസിസിഐ ഒഴിവാക്കി. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ ടീമില്‍ നിന്ന് അവധി ചോദിച്ചാണ് ഇഷാന്‍ കിഷന്‍ മടങ്ങിയത്. മാനസിക സമ്മര്‍ദ്ദത്തെ അതിജീവിക്കാനെന്ന് പറഞ്ഞാണ് താരം അവധി ചോദിച്ചത്. എന്നാല്‍ താരം ദുബായില്‍ അവധി ആഘോഷിക്കാന്‍ പോയതും ടിവി ഷോയില്‍ പങ്കെടുത്തതും ബോര്‍ഡിനെ ചൊടിപ്പിച്ചു.

അവധിക്ക് പോയ ശേഷം ദേശീയ ടീമിലേക്ക് മടങ്ങിയെത്താന്‍ രഞ്ജി ട്രോഫിയില്‍ കളിക്കണമെന്ന കോച്ച് രാഹുല്‍ ദ്രാവിഡിന്റെ നിര്‍ദേശവും കിഷന്‍ പാലിച്ചിരുന്നില്ല. ആരെയും നിര്‍ബന്ധിക്കില്ലെന്നും എന്നാല്‍ രഞ്ജി ട്രോഫി കളിക്കാതെ ദേശീയ ടീമിലേക്ക് പരിഗണിക്കില്ലെന്നും ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും പറഞ്ഞിരുന്നു. ഇതിനിടെ രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ വിസമ്മതിച്ച കിഷന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ഒപ്പം ഐപിഎല്ലിന് തയ്യാറെടുക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു.

ഇഷാന്‍ കിഷന്‍ വാര്‍ഷിക കരാറില്‍ നിന്ന് പുറത്തായെങ്കിലും മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു വി സാംസണെ ബിസിസിഐ വാര്‍ഷിക കരാറില്‍ നിലനിര്‍ത്തി. ഗ്രേഡ് സിയിലാണ് സഞ്ജു ഉള്‍പ്പെട്ടിരിക്കുന്നത്. രഞ്ജി ട്രോഫി കളിക്കാത്ത താരങ്ങള്‍ക്ക് ദേശീയ ടീമില്‍ അവസരം നല്‍കുന്നത് പുനപരിശോധിക്കുമെന്നും ആര്‍ക്കൊക്കെയാണ് കളിയോട് താത്പര്യമുള്ളതെന്ന് തങ്ങള്‍ക്ക് വ്യക്തമായി അറിയാമെന്നും റാഞ്ചി ടെസ്റ്റിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പറഞ്ഞിരുന്നു.

അതേസമയെ പുതിയ വാര്‍ഷിക കരാറില്‍ കെ.എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് ബിസിസിഐ സ്ഥാനക്കയറ്റം നല്‍കി. ബി ഗ്രേഡിലായിരുന്ന മൂന്ന് പേരെയും എ ഗ്രേഡിലേക്കാണ് ഉയര്‍ത്തിയിരിക്കുന്നത്. പരിക്ക് കാരണം വിട്ട് നില്‍ക്കുന്ന താരങ്ങള്‍ ഒഴികെ മറ്റാര്‍ക്കും ദേശീയ ടീമിന്റെ മത്സരങ്ങളില്ലാത്തപ്പോള്‍ രഞ്ജി ട്രോഫി മത്സരങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ അനുമതിയുണ്ടാകില്ലെന്നും ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ബിസിസിഐയുടെ പുതിയ വാര്‍ഷിക കരാറും വിവിധ ഗ്രേഡില്‍ ഉള്‍പ്പെട്ടിരിക്കുന്ന താരങ്ങളും

എ പ്ലസ് : രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ

എ: രവിചന്ദ്രന്‍ അശ്വിന്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കെ.എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ

ബി: സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, യശ്വസി ജയ്‌സ്‌വാള്‍

സി: റിങ്കു സിംഗ്, തിലക് വര്‍മ്മ, റുതുരാജ് ഗെയ്ക്‌വാദ്, ഷാര്‍ദ്ദുല്‍ താക്കൂര്‍, ശിവം ദൂബെ, രവി ബിഷ്‌ണോയി, ജിതേഷ് ശര്‍മ്മ, വാഷിംഗ്ടണ്‍ സുന്ദര്‍, മുകേഷ് കുമാര്‍, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിംഗ്, കെ.എസ് ഭരത്, പ്രസീദ് കൃഷ്ണ, അവേശ് ഖാന്‍, രജത് പാട്ടീദാര്‍

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, BCCI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360