തൃശൂർ:പത്തുവർഷം ഓഫീസ് കയറിയിറങ്ങിയിട്ടും പി.എഫ്. തുക കിട്ടാത്തതിന്റെ മനോവിഷമത്തിൽ ജീവനൊടുക്കിയ
പേരാമ്പ്ര തേശ്ശേരി പണിക്കവളപ്പിൽ പി.കെ. ശിവരാമന് അവകാശപ്പെട്ട തുക ഒടുവിൽ ഭാര്യ ഓമനയുടെ അക്കൗണ്ടിലേക്ക് ഇട്ടുകൊടുത്തു.
പലിശയടക്കം 94,000 രൂപയാണ് കൈമാറിയത്. ഏകദേശം 80,000 രൂപ പി.എഫിലുണ്ടായിരുന്നുവെന്നാണ് വിവരം. 14,000 രൂപയാകാം പലിശ.
. ഫെബ്രുവരി ഏഴിനാണ് വിഷം കഴിച്ചതിനെത്തുടർന്ന് ശിവരാമൻ മരിച്ചത്. പിന്നീട് ഭാര്യയിൽ നിന്ന് അപേക്ഷ വാങ്ങിയശേഷമാണ് 16ന് തുക കൈമാറിയത്.
ആധാറിലെ ജനനത്തീയതിയും ജോലി ചെയ്തിരുന്ന അപ്പോളോ ടയേഴ്‌സിലെ ജനനത്തീയതിയും തമ്മിൽ വ്യത്യാസമുണ്ടായിരുന്നു. ഇത് തിരുത്താനാകാത്തതിന്റെ പേരിലാണ് തുക പിടിച്ചുവച്ചത്. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ശിവരാമന് സ്‌കൂളിൽ നിന്ന് പഴയ രേഖകൾ ഹാജരാക്കാനായില്ല.പക്ഷേ, സത്യവാങ്മൂലം നൽകിയിരുന്നു. ക്യാൻസർ രോഗിയായിരുന്നു. ഭൂമി പാട്ടത്തിനെടുത്തു കൃഷി ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. ഭാര്യ തൊഴിലുറപ്പു തൊഴിലാളിയാണ്.
അപ്പോളോ ടയേഴ്‌സിൽ പുറംകരാർ തൊഴിലാളിയായിരുന്ന ശിവരാമൻ 30 കൊല്ലം ജോലി ചെയ്‌തെങ്കിലും എട്ട് വർഷമാണ് പി.എഫ് അടച്ചത്. പി.എഫ് പെൻഷനിലേക്കും തുക അടച്ചിരുന്നു.
ഉദ്യോഗസ്ഥൻ കാണാമറയത്ത്
ഉദ്യോഗസ്ഥന്റെ പേര് സൂചിപ്പിച്ചുള്ള ശിവരാമന്റെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ മക്കൾ നൽകിയ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. ആ പേരിലുള്ള ഉദ്യോഗസ്ഥൻ ഓഫീസിലില്ലെന്നാണ് പൊലീസ് പറയുന്നത്. ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്തരുതെന്നും നിർദ്ദേശമുണ്ട്. ഉദ്യോഗസ്ഥൻ സ്ഥലംമാറ്റം വാങ്ങിയിരിക്കാനാണ് സാദ്ധ്യത. കൊലക്കുറ്റത്തിനു കേസെടുക്കാൻ മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങുകയാണ് ബന്ധുക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |