ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രചാരണത്തിൽ മര്യാദയും സംയമനവും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് രാഷ്‌ട്രീയ കക്ഷികൾക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ മാർഗരേഖ പുറത്തിറക്കി.
വോട്ടർമാരെ ജാതി അടിസ്ഥാനത്തിൽ അഭിസംബോധന ചെയ്യാൻ പാടില്ല. നിലവിലുള്ള ഭിന്നതകൾ വഷളാക്കുന്നതോ പരസ്പര വിദ്വേഷം സൃഷ്ടിക്കുന്നതോ വ്യത്യസ്ത ജാതികൾ/സമുദായങ്ങൾ/മത/ഭാഷാ വിഭാഗങ്ങൾക്കിടയിൽ സംഘർഷം ഉണ്ടാക്കുന്നതോ ആയ ഒരു പ്രവർത്തനവും നടത്താനും പാടില്ല.
വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികളും നേതാക്കളും തെറ്റായ പ്രസ്താവനകളും അടിസ്ഥാനമില്ലാത്ത പ്രസ്താവനകളും നടത്തരുത്. മറ്റ് പാർട്ടികൾക്കും നേതാക്കൾക്കുമെതിരെ സ്ഥിരീകരിക്കാത്ത ആരോപണങ്ങളും വിമർശനങ്ങളും ഒഴിവാക്കണം.
മറ്റ് പാർട്ടികളുടെയും നേതാക്കളുടെയും സ്വകാര്യ ജീവിതത്തെ പ്രചാരണത്തിൽ വലിച്ചിഴയ്ക്കരുത്. എതിരാളികളെ അപമാനിക്കുന്നതിനായി താഴ്ന്ന തലത്തിലുള്ള വ്യക്തിപരമായ ആക്രമണങ്ങൾ പാടില്ല. ആരാധനാലയങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാൻ പാടില്ല. വിശ്വാസികളെ പരിഹസിക്കുന്ന പരാമർശങ്ങളും പാടില്ല.
സ്ത്രീകളുടെ അന്തസ്സിനെ ബാധിക്കുന്നതും സ്ഥിരീകരിക്കാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ആരോപണങ്ങളും ഒഴിവാക്കണം. വാർത്തകളുടെ രൂപത്തിൽ പരസ്യം നൽകരുത്. എതിരാളികളെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന സമൂഹ മാദ്ധ്യമ പോസ്റ്റുകൾ പോസ്റ്റുചെയ്യാനോ പങ്കിടാനോ പാടില്ല.
മന്ത്രിമന്ദിരങ്ങളുടെ മോടിപിടിപ്പിക്കൽ 48.91 ലക്ഷം രൂപ അനുവദിച്ചു
തിരുവനന്തപുരം:ക്ലിഫ് ഹൗസ് ഉൾപ്പെടെയുള്ള മന്ത്രിമന്ദിരങ്ങൾ നവീകരിക്കാൻ 48.91 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചു. മുഖ്യമന്ത്രി മരപ്പട്ടിശല്യത്തെ പറ്റി പറയുന്നതിന് രണ്ട് ദിവസം മുമ്പ്, ഫെബ്രുവരി 26നാണ് തുക അനുവദിച്ചത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയേക്കുറിച്ച് സർക്കാർ പറയുന്ന സമയത്താണ് മന്ത്രിമന്ദിരങ്ങളുടെ മോടിപിടിപ്പിക്കാൻ ഫണ്ട് അനുവദിക്കുന്നത്. 2021നും 23നും ഇടയിൽ 1 74 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ വസതിയുടെ നവീകരണത്തിന് മാത്രം ടെണ്ടർ വിളിച്ചത്.
മലയാറ്റൂർ ഫൗണ്ടേഷൻ സാഹിത്യ അവാർഡ് :
നോവലുകൾ ക്ഷണിച്ചു
തിരുവനന്തപുരം: മലയാറ്റൂർ ഫൗണ്ടേഷൻ സാഹിത്യ അവാർഡിന് 2018 മുതൽ 2023 വരെ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച നോവലുകൾ ക്ഷണിച്ചു. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം മലയാറ്റൂരിന്റെ 97-ാമത് ജന്മവാർഷികദിനമായ മേയ് 30ന് നൽകും. പുസ്തകത്തിന്റെ മൂന്ന് പ്രതികൾ അപേക്ഷയോടൊപ്പം സെക്രട്ടറി, മലയാറ്റൂർ ഫൗണ്ടേഷൻ, ഇ-69, ശാസ്ത്രിനഗർ, കരമന, തിരുവനന്തപുരം-2 വിലാസത്തിൽ ഏപ്രിൽ 10ന് മുൻപ് അയയ്ക്കണമെന്ന് ഫൗണ്ടേഷൻ സെക്രട്ടറി പി.ആർ.ശ്രീകുമാർ അറിയിച്ചു. ഫോൺ: 9447221429.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |