ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിക്കു പുറമെ മറ്റേതെങ്കിലും മണ്ഡലത്തിൽ മത്സരിക്കുമോ എന്നറിയാൻ ബി.ജെ.പി സ്ഥാനാർത്ഥി പട്ടികയ്‌ക്കായി കാത്തിരിപ്പ് തുടരുന്നു. ദക്ഷിണേന്ത്യയിൽ ബി.ജെ.പിക്ക് വേരോട്ടം ലക്ഷ്യമിടുന്നതിന്റെ ഭാഗമായി തമിഴ്നാട്ടിലെ രാമനാഥപുരത്തു നിന്ന് മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുമുണ്ട്.
പുതിയ പാർലമെന്റ് മന്ദിരത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള ചെങ്കോൽ സ്ഥാപിച്ചതടക്കം അടുത്തകാലത്ത് തമിഴ്നാടുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരും ബി.ജെ.പിയും നൽകുന്ന പരിഗണന മോദിയുടെ സ്ഥാനാർത്ഥിത്വം മുന്നിൽക്കണ്ടാണെന്ന് പറയപ്പെടുന്നു. ജനുവരിയിലെ തിരുച്ചിറപ്പള്ളി സന്ദർശനത്തോടെ അഭ്യൂഹങ്ങൾ ശക്തമായി. ഒരു മാസത്തിനിടെ മൂന്നു തവണ മോദി സംസ്ഥാനത്തെത്തി. സിറ്റിംഗ് സീറ്റായ വാരാണസിയും തമിഴ്നാടും തമ്മിലുള്ള സാംസ്‌കാരിക ബന്ധം വിശദീകരിക്കുന്ന 'തമിഴ്-കാശി സംഗമം" പരിപാടികൾ സംഘടിപ്പിച്ചതും തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്ന് വിലയിരുത്തപ്പെട്ടു.
അതേസമയം 20 വർഷത്തിനിടെ സംസ്ഥാനത്ത് ഒരു സീറ്റ് മാത്രം ലഭിച്ച (2014ൽ) തമിഴ്നാട് മോദിക്ക് സുരക്ഷിതമല്ലെന്ന വിലയിരുത്തലുമുണ്ട്. ഡി.എം.കെ, കോൺഗ്രസ് അടക്കം 'ഇന്ത്യ"കക്ഷികൾ ശക്തവുമാണ്.
മോദിയെ നിർദ്ദേശിച്ചത് തമിഴ്നാട് ഘടകം
മോദിക്കായി ബി.ജെ.പി തമിഴ്നാട് ഘടകമാണ് പാർട്ടിക്ക് അടിത്തറയുള്ള രാമനാഥപുരം നിർദ്ദേശിച്ചത്. ഒപ്പം 2014ൽ ജയിച്ച കന്യാകുമാരിയും കോയമ്പത്തൂരും പരിഗണനയിലുണ്ട്. രാമനാഥപുരത്തെ ജനസംഖ്യയിൽ 77 ശതമനവും ഹിന്ദുക്കളാണ്. ക്ഷേത്ര നഗരവും പ്രധാന തീർത്ഥാടന കേന്ദ്രവുമായ രാമേശ്വരവും മണ്ഡലത്തിലുൾപ്പെടുന്നു. അതേസമയം മുസ്ളിം പ്രാതിനിദ്ധ്യവും കൂടുതലാണ്. 2019ലെ തിരഞ്ഞെടുപ്പിൽ മുസ്ളിംലീഗ് സ്ഥാനാർത്ഥി നവാസ് കനിയാണ് ജയിച്ചത് (44 ശതമാനം വോട്ട്). ബി.ജെ.പി രണ്ടാംസ്ഥാനത്ത് എത്തിയിരുന്നു (32ശതമാനം വോട്ട്).
മോദി മത്സരിച്ചാൽ പാർട്ടിക്ക് ഉപരിയായി എല്ലാവരും വോട്ടു ചെയ്യുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. മോദി മത്സരിച്ചാൽ പ്രവർത്തകരുടെ ആത്മവീര്യം വർദ്ധിക്കുമെന്നാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈ ചൂണ്ടിക്കാട്ടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |