തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനാണ് ക്ളിഫ് ഹൗസിൽ വെള്ളം തുറന്നുവച്ചാൽ മരപ്പട്ടി മുള്ളുമെന്നുള്ള പ്രശ്നം തുറന്നുപറഞ്ഞ് മരപ്പട്ടി ചർച്ചയ്ക്ക് തുടക്കമിട്ടത്. ക്ലിഫ് ഹൗസിൽ മാത്രമല്ല കന്റോൺമെന്റ് ഹൗസിലും മരപ്പട്ടിശല്യമുണ്ടെന്ന് പറഞ്ഞ് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ കൂടി രംഗത്തെത്തിയതോടെ സംഭവം 'പൊളിറ്റിക്കൽ ചർച്ച"യായി മാറി.
തട്ടിൻപുറമുള്ള (മച്ച്) പഴയവീടുകളിലാണ് മരപ്പട്ടികളെ കൂടുതലായി കാണപ്പെടുന്നത്. ഒഴിഞ്ഞ കെട്ടിടങ്ങളും ആളനക്കമില്ലാത്തിടങ്ങളും ഇവയുടെ വിഹാര കേന്ദ്രങ്ങളാണ്. സൂക്ഷിച്ചില്ലെങ്കിൽ 'പണി" തരും. പിടികൂടാൻ ചെന്നാൽ കൂർത്തപല്ലുകൾ ഉപയോഗിച്ച് കടിക്കും. 60 ശതമാനത്തോളമുള്ള മരപ്പട്ടികളിലും പേവിഷബാധയുണ്ട്. അതുകൊണ്ടുതന്നെ ജനങ്ങൾ മുൻകരുതലെടുക്കണം.
രാത്രി സഞ്ചാരികളായ ഇവ പണ്ടുകാലത്ത് കാടുകളിൽ മാത്രമാണ് കണ്ടിരുന്നത്. മലബാർ സിവറ്റ് എന്ന ഇനത്തിലുള്ള മരപ്പട്ടിയാണ് സംസ്ഥാനത്ത് കാണപ്പെടുന്നത്. കറുത്ത നിറത്തിൽ കൂർത്ത രോമങ്ങളുള്ള ഇവയ്ക്ക് ഒറ്റപ്രസവത്തിൽ അഞ്ചു കുഞ്ഞുങ്ങൾ വരെയുണ്ടാകും.
വനം വകുപ്പിനെ
വിളിച്ചിട്ടും കാര്യമില്ല
മരപ്പട്ടിയെ പിടികൂടാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്താറില്ല. ഏറ്റവും കൂടുതൽ ഫോൺ വിളികൾ അവരെ തേടി എത്തുന്നതും മരപ്പട്ടിയെ പിടിക്കണമെന്നാവശ്യപ്പെട്ടാണ്. മരപ്പട്ടിയെ പിടിക്കുകയെന്നത് ശ്രമകരമായ ജോലിയാണ്. പഴയ തട്ടിൻപുറങ്ങളിൽ ഇവയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊളിഞ്ഞു വീണു വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പരിക്ക് പറ്റിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പിടികൂടി കാട്ടിലെത്തിച്ചാലും ഇവ തിരികെയെത്തും. വിഹാര കേന്ദ്രങ്ങൾ ഇല്ലാതാക്കുക മാത്രമാണ് ഇവയെ തുരത്താനുള്ള ഏകമാർഗം. ഒഴിഞ്ഞുകിടക്കുന്ന തട്ടിൻപുറങ്ങൾ അടച്ചിടുകയോ ഇവ കയറാത്ത രീതിയിൽ സജ്ജീകരിക്കുകയോ ചെയ്യണം.
സൂക്ഷിക്കണം
മരപ്പട്ടി ശല്യമുള്ള ഇടങ്ങളിലെ പറമ്പുകളിലെ പഴങ്ങളും പച്ചകറിളും ഉപയോഗിക്കുമ്പോൾ പ്രത്യേക ശ്രദ്ധവേണം. പഴങ്ങളും പച്ചകറിളുമാണ് ഇവയുടെ ആഹാരം. വീടുകളിൽ ഭക്ഷണ പദാർത്ഥങ്ങൾ, വെള്ളം എന്നിവ അടച്ച് സൂക്ഷിക്കണം. കോഴി, താറാവ് എന്നിവയെ ആക്രമിച്ച് കൊല്ലും. പക്ഷേ ഭക്ഷിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |