കോഴിക്കോട്: ആനയെ അപകടകരമായ രീതിയിൽ പാളം കടത്തിയ സംഭവത്തിൽ കേസെടുത്ത് ആർപിഎഫ്. പുതിയങ്ങാടിയിൽ ഉത്സവത്തിനെത്തിച്ച ആനയെയാണ് ട്രെയിൻ കടന്ന് പോവുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് പാളം കടത്തിയത്.
മുകളിൽ വൈദ്യുതി ലൈൻ, വലിയ ഹോൺ മുഴക്കി ട്രെയിൻ. രണ്ടിനും ഇടയിലൂടെയാണ് തിടമ്പേറ്റിയ ആനയെ പാപ്പാന്‍റെ നേതൃത്വത്തിൽ റെയിൽപാളം കടത്തിയത്. നിമിഷങ്ങൾക്കുള്ളിൽ അതിവേഗം ട്രെയിൻ കടന്നു പോയി. വൻ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ റെയിൽവേ സ്വമേധയാ കേസെടുത്തു. പാളത്തിൽ അപകടകരമായ രീതിയിൽ അതിക്രമിച്ച് കയറിയതിനാണ് ആനയുടെ ഉടമയ്ക്കെതിരെയാണ് കേസ്.
പുതുവത്സരദിനത്തിൽ ബൈക്കിൽ റെയിൽപാളം മുറിച്ചുകടന്ന യുവാവ് ട്രെയിൻ ഇടിച്ചുമരിച്ചതിനെ തുടർന്ന് റെയിൽ പാളങ്ങളിലേക്കുള്ള വഴികൾ കെട്ടിയടക്കുന്ന തിരക്കിലാണ് റെയിൽവേ ഉദ്യോഗസ്ഥർ. ആളുകേറിയുള്ള അപകടമൊഴിവാക്കാൻ ഇങ്ങനെ കരുതലെടുക്കുന്നതിനിടെയാണിങ്ങനെ ഒരാനയെത്തന്നെ പാളത്തിൽ കയറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |