കൊച്ചി:സംഗീതം രക്തത്തിൽ അലിഞ്ഞ ഗായകനാണ് പി. ജയചന്ദ്രൻ. ശാസ്ത്രീയമായി പഠിക്കാതെ ജന്മസിദ്ധമായ കഴിവുകൊണ്ട് അദ്ദേഹം പതിറ്റാണ്ടുകളായി ഈ രംഗത്ത് നിറഞ്ഞുനിൽക്കുന്നു. പ്രീഡിഗ്രികാലം മുതൽ അടുത്തറിയുന്നവരാണ് ഞങ്ങൾ. ആ സ്നേഹത്തിന് ഇന്നും സൗന്ദര്യമാണ്.
എല്ലാ നവഗായകരും യേശുദാസിനെ അനുകരിക്കാൻ ശ്രമിച്ച കാലത്ത് വ്യത്യസ്തമായ സ്വന്തം ശബ്ദത്തെമാത്രം ആശ്രയിച്ച് സംഗീതലോകത്ത് സ്വന്തം സിംഹാസനം സൃഷ്ടിച്ചയാളാണ് ജയേട്ടൻ.
വർഷങ്ങൾക്കുമുമ്പ് ആറാട്ടുപുഴ പൂരത്തിന് വന്നപ്പോൾ എന്റെ വീട്ടിലിരുന്ന് സംഗീതസദസ് തന്നെ നടത്തി. മലയാളം, ഹിന്ദി, തമിഴ് ഗാനങ്ങൾ മണിക്കൂറുകൾ പാടിത്തിമിർത്തപ്പോൾ വലിയസദസ് വീട്ടുമുറ്റത്ത് കൂടി. വലിപ്പച്ചെറുപ്പമൊന്നും ജയേട്ടനില്ല. ആരോടും ഇണങ്ങും. നൂറുശതമാനം ആത്മാർത്ഥതയോടെയാണ് എല്ലാ ഗാനങ്ങളും ആലപിച്ചത്.
ഞാൻകൂടി ഉൾപ്പെടുന്ന, ഇരിങ്ങാലക്കുടയിലെ നട്ടുവൻ പരമശിവൻ മാസ്റ്ററുടെ ബാലെ റിഹേഴ്സലിൽ രണ്ടുമൂന്നു മാസം രാത്രി വൈകുംവരെ സംഗീതപരിശീലനം ശ്രദ്ധയോടെ കേട്ടിരിക്കുന്ന ജയേട്ടൻ ഇന്നും കൺമുന്നിലുണ്ട്. അക്കാലത്തെ കലോത്സവവേദികളിൽ മൃദംഗത്തിൽ ജയേട്ടനും സംഗീതത്തിൽ യേശുദാസും ഒന്നിച്ച് പങ്കെടുക്കാറുണ്ട്. സിനിമാ പ്രവേശനത്തിനായി ജയേട്ടൻ മദ്രാസിൽ താമസിക്കുമ്പോൾ യേശുദാസ് സഹായിച്ചു. അവസരങ്ങൾ വാങ്ങി നൽകിയിട്ടുണ്ട്.
പലഭാഷകളിലായി ആയിരക്കണക്കിന് പാട്ടുകൾ ഹിറ്റാക്കിയ ഗായകന്റെ ശബ്ദസൗകുമാര്യത്തിന് പ്രായം ഒരുകുറവും വരുത്തിയിട്ടില്ല. ഒരാഴ്ച മുമ്പും എന്റെ ഒരു പാട്ട് ജയേട്ടൻ പാടി. ഹിറ്റുകളായ നൂറുകണക്കിന് ഭക്തിഗാനങ്ങളും നാടകഗാനങ്ങളും ഞാൻ അദ്ദേഹത്തെക്കൊണ്ടു പാടിച്ചെങ്കിലും സിനിമയിൽ വലിയൊരു ഹിറ്റ്ചെയ്യാൻ കഴിഞ്ഞില്ലെന്ന സങ്കടം അവശേഷിക്കുന്നു.
ഇന്ന് തൃശൂരിൽ നടക്കുന്ന ജന്മദിനാഘോഷത്തിൽ 80 ഗാനങ്ങൾ ആലപിക്കും. ആഘോഷം രാത്രിവരെ നീളും. അതിൽ ഞാൻ, ഒൗസേപ്പച്ചൻ, മോഹൻ സിത്താര തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. ഈ ദിനം അവിസ്മരണീയമാക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. സംഗീത വിസ്മയമായ ഭാവഗായകന് ജന്മദിനാശംസകൾ. ആയുരാരോഗ്യസൗഖ്യവും നേരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |