ആലപ്പുഴ: ചരിത്രത്തിലാദ്യമായി സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും തുടർച്ചയായ മൂന്നാം ദിവസവും മുടങ്ങിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ധനകാര്യമന്ത്രിയും മുഖ്യമന്ത്രിയും രാജിവയ്ക്കണമെന്ന് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശമ്പളം ഇ.ടി.എസ്.ബിയിൽ ക്രെഡിറ്റ് ചെയ്തതായി കാണിച്ച് ജീവനക്കാരെ സർക്കാർ കബളിപ്പിക്കുകയായിരുന്നു. ശമ്പളവും പെൻഷനും അക്കൗണ്ടിൽ കാണാം. പക്ഷെ, കൈയിൽ കിട്ടില്ല. എന്ത് വിചിത്രമായ നടപടിയാണിത്. ട്രഷറിയിൽ നിന്ന് ബില്ല് പാസാകും.സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പണം ക്രെഡിറ്റാക്കാതിരിക്കുക. ഇതൊന്നും ആർക്കും മനസിലാകുന്നില്ലെന്നാണ് ധനകാര്യ മന്ത്രിയുടെ ധാരണ. ജീവനക്കാരെ കൊണ്ട് ജോലിചെയ്യിച്ചിട്ട് ശമ്പളം കൊടുക്കാൻ കഴിയുന്നില്ലെങ്കിൽ എന്തിനാണ് മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും ഭരിക്കുന്നത്. മൂന്നുദിവസം ശമ്പളം മുടങ്ങിയിട്ടും മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. ധനമന്ത്രി സാങ്കേതികത്വം പറഞ്ഞ് തടിതപ്പാൻ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി മുഖാമുഖം നടത്തുന്നതിന് പകരം ജീവനക്കാരുടെ ശമ്പളം കൊടുക്കാൻ നടപടി സ്വീകരിക്കുകയല്ലേ വേണ്ടത്. സർക്കാർ സർവീസിനെ മറ്റൊരു കെ.എസ്.ആർ.ടി.സിയാക്കാൻ ശ്രമിക്കുകയാണ്.ഏഴുമാസമായി ക്ഷേമപെൻഷൻ ഇല്ല.ശമ്പളം ഇല്ലാത്ത സാഹചര്യത്തിൽ നാട് പട്ടിണിയിലേക്ക് പോകുകയാണ്. ജീവനക്കാരെയും പെൻഷൻകാരെയും ആശ്രയിച്ച് ജീവിക്കുന്ന ലക്ഷകണക്കിന് കുടുംബാംഗങ്ങളുണ്ട്. അവരുടെ സ്ഥിതി ദയനീയമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സിദ്ധാർത്ഥിന്റെ മരണം
സി.ബി.ഐയ്ക്ക് വിടണം
പൂക്കോട് വേറ്ററിനറി സർവകലാശാല കാമ്പസിൽ സിദ്ധാർത്ഥനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഡീൻ നാരായണനെതിരെ കർശന നടപടി സ്വീകരിക്കണം.വി.സിയെ സസ്പെന്റ് ചെയ്ത നടപടി നൂറ് ശതമാനം ശരിയാണ്. മൂന്നുദിവസം സിദ്ധാർത്ഥനെ ഒരിറ്റുവെള്ളംപോലും നൽകാതെ അതിക്രൂരമായി മർദ്ദിച്ചുകൊന്നിട്ടും വി.സി അന്വേഷിച്ചില്ല. ഇടതുപക്ഷ അനുഭാവിയായ വൈസ് ചാൻസലറും അദ്ധ്യാപകരുംകൊലപാതകികളായ എസ്.എഫ്.ഐക്കാർക്ക് കൂട്ടുനിൽക്കുകയായിരുന്നു. എസ്.എച്ച്.ഒ സംഭവം ആത്മഹത്യയാക്കാൻ ശ്രമിച്ചു. പോസ്റ്റുമോർട്ടം കണ്ടെത്തലുകൾ ആരെയും ഞെട്ടിക്കുന്നതാണ്. ഡിവൈ.എസ്.പിയാണ് കേസേറ്റെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളായ എസ്.എഫ്.ഐക്കാരെ പാർട്ടിഓഫീസിലാണ് സംരക്ഷിച്ചത്. ഗത്യന്തരമില്ലാതെ പൊലീസ് സ്റ്റേഷനിലും കോടതിയിലും സറണ്ടർ ചെയ്യിക്കുകയായിരുന്നു. ഡിവൈ.എസ്.പി ഒഫീസിലും കോടതിയിലും കൽപ്പറ്റയിലെ മുൻ എം.എൽ.എ ശശീന്ദ്രന്റെ നേതൃത്വത്തിൽ മജിസ്ട്രേറ്റിന്റെ വസതിയിലെത്തി ബഹളമുണ്ടാക്കി. ഇപ്പോഴും പ്രതികളെ രക്ഷിക്കാൻ സി.പി.എം വയനാട് ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രമിച്ചുവരികയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |