കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലാണ് ആം ആദ്മി പാർട്ടി കേരള ഘടകം. തീരുമാനം ദേശീയനേതൃത്വത്തിന് വിടാമെന്ന നിലപാടിലാണ് നേതാക്കൾ. ഡൽഹി, പഞ്ചാബ്, ഹരിയാന, ഗോവ, ഗുജറാത്ത് സംസ്ഥാനങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പാർട്ടി മുന്നേറുമ്പോഴാണ് കേരളത്തിലെ അനിശ്ചിതാവസ്ഥ.
സംസ്ഥാനത്ത് പുതിയനേതൃത്വം ചുമതലയേറ്റിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളു. പി.സി. സിറിയക് പ്രസിഡന്റായിരുന്ന നേതൃത്വത്തെ മാറ്റി പ്രസിഡന്റായി വിനോദ് മാത്യു വിൽസൺ, സെക്രട്ടറിയായി അരുൺ എ.ആർ എന്നിവരെ നിയോഗിച്ചിരുന്നു. മത്സരം, കേരളത്തിൽ സ്വീകരിക്കേണ്ട നിലപാട് എന്നിവയിൽ ധാരണയായില്ലെന്ന് നേതാക്കൾ പറഞ്ഞു. ചർച്ചകൾ ആരംഭിച്ചിട്ടില്ല. ബി.ജെ.പി വിരുദ്ധ നിലപാടിൽ ഉറച്ചുനിൽക്കും. മത്സരിക്കുന്നില്ലെങ്കിൽ ആരെ പിന്തുണയ്‌ക്കണമെന്നതിലും വ്യക്തതയില്ല. ദേശീയതലത്തിൽ കോൺഗ്രസുമായാണ് സഖ്യം. എൽ.ഡി.എഫിനൊപ്പം നിൽക്കണമെന്ന അഭിപ്രായം ഒരുവിഭാഗത്തിനുണ്ട്.
2014ൽ കരുത്തുകാട്ടി
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ എൽ.ഡി.എഫിനെ പിന്തുണച്ചു. 2014ൽ 11 സീറ്റുകളിൽ മത്സരിച്ച ആം ആദ്മി പാർട്ടി ശ്രദ്ധ നേടിയിരുന്നു. എറണാകുളത്ത് മാദ്ധ്യമപ്രവർത്തക അനിത പ്രതാപാണ് ഏറ്റവുമധികം വോട്ട് നേടിയത്- 51,517. തൃശൂരിൽ എഴുത്തുകാരി സാറാ ജോസഫ് 44,638 ഉം ചാലക്കുടിയിൽ കെ.എം. നുറുദ്ദീൻ 35,189ഉം വോട്ട് നേടിയിരുന്നു.
ട്വന്റി 20 ബന്ധം തകർന്നു
കിഴക്കമ്പലം ട്വന്റി20യുമായി ചേർന്ന് ആപ്പ് രൂപീകരിച്ച പീപ്പിൾസ് വെൽഫെയർ അലയൻസ് കഴിഞ്ഞ ഡിസംബർ ഏഴിന് പിരിച്ചുവിട്ടു. 2022 മേയ് 15ന് അരവിന്ദ് കെജ്‌രിവാൾ പങ്കെടുത്ത സമ്മേളനത്തിൽ പ്രഖ്യാപിച്ച സഖ്യമാണ് ഇല്ലാതായത്.
'കേരളത്തിൽ സ്വീകരിക്കേണ്ട നിലപാട് കേന്ദ്രനേതൃത്വവുമായി ചർച്ചചെയ്ത് അടുത്തയാഴ്ച തീരുമാനിക്കും".
- വിനോദ് മാത്യു വിൽസൺ, സംസ്ഥാന പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |