തിരുവനന്തപുരം: സൂര്യനെ ഉന്നംവച്ച് ഇന്ത്യയുടെ ആദിത്യ എൽ.1ന്റെ കൗണ്ട് ഡൗൺ പുരോഗമിക്കവേ അതിന്റെ തലവനായ ഐ.എസ്.ആർ.ഒ.നായകൻ എസ്.സോമനാഥിനെ തേടിയെത്തിയത് ഒട്ടും ശുഭകരമല്ലാത്ത വാർത്ത. താങ്കൾ ക്യാൻസർ ബാധിതനാണ്. പക്ഷേ, അദ്ദേഹം പതറിയില്ല. ഏറ്റെടുത്ത ദൗത്യം മുന്നിൽ നിന്നുതന്നെ നയിച്ചു. അതേ ആത്മവിശ്വാസത്തോടെ രോഗത്തെ നേരിട്ടു. ഉദരത്തിലായിരുന്നു പ്രശ്നം. അന്നു വൈകിട്ടു തന്നെ ചെന്നൈയിൽ എത്തി ചികിത്സ തേടി. കീമോതെറാപ്പി ചെയ്തു. ശസ്ത്രക്രിയയും നടത്തി.നാലു ദിവസം ആശുപത്രിയിൽ കഴിയേണ്ടിവന്നു. അഞ്ചാം ദിവസം തിരികെ ജോലിയിൽ പ്രവേശിച്ചു. തുടർ ചെക്കപ്പുകൾ നടത്തുന്നുണ്ടെങ്കിലും രോഗത്തെ അതിജീവിക്കാമെന്നതിൽ അദ്ദേഹത്തിന് യാതൊരു സംശയവുമില്ല.
ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രാജ്യത്തിന്റെ നിർണായക മുഹൂർത്തത്തിൽ വ്യക്തിപരമായി തനിക്ക് നേരിട്ട വെല്ലുവിളി വെളിപ്പെടുത്തിയത്.
''ചന്ദ്രയാൻ–3 ദൗത്യവേളയിൽ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നു. ആ ഘട്ടത്തിൽ ചികിത്സയും പരിശോധനയും ഉണ്ടായിരുന്നുവെങ്കിലും അത് കാൻസർ ആണെന്ന് ഒരു സൂചനയുമുണ്ടായിരുന്നില്ല. ആദിത്യ എൽ1 വിക്ഷേപിച്ച 2023 സെപ്തംബർ2ന് രാവിലെയാണ് സ്കാനിംഗിന് വിധേയനായത്. ഉദരത്തിൽ മുഴ വളരുന്നുവെന്നാണ് കണ്ടെത്തിയത്. കുടുംബത്തിലുള്ളവർക്കും സുഹൃത്തുക്കൾക്കും വലിയ ആഘാതമായി. ഇപ്പോൾ പൂർണമായി രോഗത്തിൽനിന്നു മുക്തി നേടിയെന്നും പരിശോധനകൾ തുടരുന്നതായും അദ്ദേഹം പറഞ്ഞു. ഇസ്രോ ചെയർമാൻ എന്ന നിലയിൽ തന്റെ ചുമതലകളിൽ പൂർണമായും മുഴുകുകയാണ് സോമനാഥ്. ചികിത്സയ്ക്ക്ശേഷം പലതവണ കേരളത്തിൽ വന്നെങ്കിലും അടുത്ത സുഹൃത്തുക്കൾക്കല്ലാതെ ആർക്കും ഇതേകുറിച്ച് അറിവുണ്ടായിരുന്നില്ല.ഇതിന്ശേഷം നവംബറിലാണ് ആത്മകഥ പുറത്തിറങ്ങിയത്.
ഗഗൻയാൻ ദൗത്യത്തിന് രാജ്യവും ഐ.എസ്.ആർ.ഒ.യും ഒരുങ്ങുമ്പോൾ പൂർണ്ണവിശ്വാസം അർപ്പിക്കുന്നത് സോമനാഥിന്റെ നായകത്വത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |