കട്ടപ്പന: കൊല്ലപ്പെട്ട വിജയന്റെയും അയാളുടെ കുടുംബാംങ്ങളുടെയും അന്ധവിശ്വാസം മുതലെടുത്താണ് കട്ടപ്പന ഇരട്ടക്കൊലക്കേസിലെ പ്രധാന പ്രതിയായ നിതീഷ് വീട്ടിൽ കയറിപ്പറ്റി വിശ്വാസം നേടിയെടുത്തത്. ഇയാളുടെ വാക്കുകൾ പൂർണമായി വിശ്വസിച്ച കുടുംബം അയാളുടെ കളിപ്പാവയാവുകയായിരുന്നു. പിഞ്ചുകുഞ്ഞുൾപ്പടെ രണ്ടുപേർ മൃഗീയമായി കൊല്ലപ്പെട്ടിട്ടും പുറത്തുപറയാൻ കുടുംബത്തിലെ ആരും തയ്യാറാവാതിരുന്നതും ഇതുകൊണ്ടുതന്നെയാണ് പൊലീസ് നൽകുന്ന സൂചന. പൂജകളിലും മറ്റുമുള്ള നിതീഷിന്റെ അറിവായിരുന്നു വിശ്വാസം കൂടാൻ കാരണം. ഇയാൾ പറഞ്ഞതുപോലെ ഒന്നുരണ്ടുകാര്യങ്ങൾ സംഭവിച്ചതോടെ വിശ്വാസം ഇരട്ടിച്ചു. വിജയന്റെ മകളിൽ നിതീഷിനുണ്ടായ കുഞ്ഞിനെ കൊലപ്പെടുത്താൻ കൂട്ടുനിന്നതും ഇതുകൊണ്ടാണ്.
വിജയന്റെ മകളും കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയുമായ യുവതിയുടെ കൈയ്ക്കുള്ള ചെറിയാെരു ബുദ്ധിമുട്ട് പരിഹരിച്ചുകൊടുക്കാമെന്ന് പറഞ്ഞാണ് നിതീഷ് വീട്ടിൽ ആദ്യമായി എത്തുന്നത്. അധികം താമസിയാതെ കുടുംബത്തിന്റെ വിശ്വസ്തനായി. നിതീഷ് പറയുന്നതിനപ്പുറം അവിടെ ഒന്നും നടക്കില്ലെന്ന സ്ഥിതിയായി. ആരും എതിരഭിപ്രായം പറഞ്ഞില്ല. കുടുംബത്തിലെ അംഗങ്ങൾ എങ്ങനെ ജീവിക്കണമെന്നുപോലും നിതീഷാണ് പറഞ്ഞിരുന്നത്. വീട്ടുകാരിൽ നിന്നും നാട്ടുകാരിൽ നിന്നും അകലം പാലിക്കണമെന്നായിരുന്നു നിതീഷിന്റെ പ്രധാന നിർദ്ദേശം. അതിന് ഒരു കാരണവും ഇയാൾ കണ്ടെത്തി. വിജയന്റെ മകൾക്ക് അമാനുഷിക ശക്തിയുണ്ടെന്നും ആൾക്കാരുമായി കൂടുതൽ ഇടപഴകിയാൽ അത് ക്ഷയിച്ചുപോകുമെന്നാണ് ഇയാൾ വിശ്വസിപ്പിച്ചത്. താമസിച്ചിരുന്ന വീടും പറമ്പും വൻ തുകയ്ക്ക് വിറ്റ് കുടുംബം വാടക വീട്ടിലേക്ക് മാറാൻ കാരണമായതും ഇയാളുടെ വാക്കുകളായിരുന്നു. വീടും സ്ഥലവും വിറ്റുകിട്ടിയ പണം എന്തുചെയ്തെന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ല. പണം മുഴുവൻ ചെലവായെന്നാണ് നിതീഷ് പൊലീസിനോട് പറഞ്ഞത്.
കുടുംബവുമായി ബന്ധപ്പെടാൻ ബന്ധുക്കൾ ശ്രമിച്ചപ്പോഴൊക്കെ നിതീഷ് അവരെ അകറ്റിനിറുത്താൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തന്റെ കള്ളത്തരങ്ങൾ പൊളിയുമോ എന്ന പേടിയായിരുന്നു കാരണം. ഇടയ്ക്ക് വിജയനെയും കുടുംബത്തെയും കാണാനില്ലെന്ന് പറഞ്ഞ് പൊലീസിൽ പരാതിയും നൽകിയിരുന്നു. പിന്നീട് വിജയനെ കട്ടപ്പനയിൽ വച്ച് ഒരു ബന്ധുകണ്ടതോടെയാണ് കുടുംബം ജീവനോടെ ഉണ്ടെന്ന് ബന്ധുക്കൾക്ക് വ്യക്തമായത്.
കാഞ്ചിയാർ പുത്തൻപുരയ്ക്കൽ നിതീഷ് (രാജേഷ്- 31),കക്കാട്ടുകട നെല്ലാനിക്കൽ വിഷ്ണു എന്നിവർ മോഷണക്കേസിൽ അറസ്റ്റിലായതോടെയാണ് ഇരട്ടക്കൊല സംബന്ധിച്ച് വിവരങ്ങൾ പുറത്തുവന്നത്. വിഷ്ണുവിന്റെ പിതാവ് വിജയനെയും വിഷ്ണുവിന്റെ സഹോദരിയുടെ നവജാത ശിശുവിനെയും രണ്ടു സന്ദർഭങ്ങളിലായി കൊലപ്പെടുത്തി കുഴിച്ചുമൂടുകയായിരുന്നു.സഹോദരിയുടെ നാലുദിവസം പ്രായമായ ശിശുവിനെ 2016ൽ കട്ടപ്പനയിൽ മുമ്പ് താമസിച്ചിരുന്ന വീട്ടിലാണ് കൊലപ്പെടുത്തി കുഴിച്ചുമൂടിയത്.
കഴിഞ്ഞ രണ്ടിനായിരുന്നു മോഷണക്കേസുമായി ബന്ധപ്പെട്ട് വിഷ്ണു വിജയനെയും നിതീഷ് രാജനെയും പൊലീസ് പിടികൂടിയത്. വിഷ്ണുവിന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ വിഷ്ണുവിന്റെ മാതാവിന്റെയും സഹോദരിയുടെയും സംസാരത്തിൽ ഉണ്ടായ അസ്വാഭാവികതയും വീട്ടിലെ സാഹചര്യങ്ങളിലും സംശയം തോന്നിയ പൊലീസ് നടത്തിയ വിശദമായി അന്വേഷണമാണ് ഇരട്ട കൊലപാതക കേസിലേക്ക് എത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |