പുതുക്കാട്: വെള്ളിക്കുളക്കര ശാസ്തംപൂവം ആദിവാസി കോളനിയിലെ അരുൺ (8), സജിക്കുട്ടൻ (15) എന്നിവർ മരത്തിൽനിന്നു വീണ് മരിച്ചതാകാമെന്ന് നിഗമനം. ശാസ്താംപൂവം ആദിവാസി കോളനിയിലെ പരേതനായ രാജശേഖരന്റെയും പുഷ്പയുടെയും മകനാണ് അരുൺ. പരേതരായ സുബ്രന്റെയും ജൈനമ്മയുടെയും മകനാണ് സജിക്കുട്ടൻ. 50 അടിയിലേറെ ഉയരമുള്ള ചീനിമരത്തിൽ നിന്നു തേനെടുക്കാനുള്ള ശ്രമത്തിനിടെ തേനീച്ചകളുടെ കുത്തേറ്റ് ഒരാൾ ചാടിയതും രണ്ടാമൻ വീണതുമാകാം മരണത്തിന് ഇടയാക്കിയതെന്ന നിഗമനത്തിലാണ് പോസ്റ്റുമോർട്ടം നടത്തിയ പൊലീസ് സർജൻ.
ഇരുവരുടെയും ശരീരത്തിൽ തേനീച്ചകളുടെ കുത്തേറ്റ ലക്ഷണങ്ങളുണ്ട്. എട്ട് വയസുകാരൻ അരുൺ കടന്നൽ കുത്തേറ്റപ്പോൾ താഴേക്ക് ചാടിയിരിക്കാം. അരുണിന്റെ രണ്ടു കാലുകളുടെയും അസ്ഥികൾ തകർന്ന നിലയിലാണ്. സജിക്കുട്ടന്റെ കാലുകൾക്കും നട്ടെല്ലിനും പരിക്കുണ്ട്. അരുൺ കുമാർ രണ്ടാം തീയതി തന്നെ മരിച്ചിട്ടുണ്ടാകാമെന്നാണ് നിഗമനം. സജിക്കുട്ടന്റെ മരണം മൂന്നു ദിവസം കഴിഞ്ഞിട്ടാണ് നടന്നതെന്നാണ് നിഗമനം.
സജിക്കുട്ടന്റെ മൃതദേഹം 100 മീറ്ററോളം മാറിയാണ് കണ്ടത്. നിരങ്ങി നീങ്ങിയതിന്റെ ലക്ഷണങ്ങളുമുണ്ട്. ശനിയാഴ്ച വൈകിട്ട് ഇൻക്വസ്റ്റിനു ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം നടത്തി. തുടർന്ന് ഇന്നലെ വൈകിട്ട് മൂന്നോടെ ശാസ്താം പൂവം കോളനിയിൽ എത്തിച്ചു.
മന്ത്രി കെ. രാജൻ, കെ.കെ. രാമചന്ദ്രൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത് തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |