കാലിഫോർണിയ: ലോസ് ഏഞ്ചൽസിലെ ഡോൾബി തീയേറ്ററിൽ ലോക സിനിമാ ആരാധകർ കാത്തിരുന്ന 96ാമത് ഓസ്‌കാർ പുരസ്‌കാരങ്ങളുടെ വിതരണം ആരംഭിച്ചു. ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹെയ്‌മർ ആറ് അവാർഡുകൾ സ്വന്തമാക്കി.
മികച്ച നടനുള്ള പുരസ്‌കാരം ഓപ്പൺഹെയ്‌മറിലെ അഭിനയത്തിന് കിലിയൻ മർഫി സ്വന്തമാക്കി. മികച്ച സംവിധായകനായി ക്രിസ്റ്റഫർ നോളനെ തിരഞ്ഞെടുത്തു. മികച്ച ക്യാമറ, ചിത്രസംയോജനം, മികച്ച പശ്ചാത്തലസംഗീതം എന്നിവയുമടക്കമാണ് ഓപ്പൺഹെയ്‌മർ ആറ് പുരസ്‌കാരങ്ങൾ നേടിയത്. പുവർ തിംഗ്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിന് എമ്മ സ്റ്റോൺ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച സഹനടിയ്‌ക്കുള്ള പുരസ്‌കാരമാണ് ആദ്യമായി നൽകിയത്. 'ദ ഹോൾഡ് ഓവേഴ്‌സ്' എന്ന ചിത്രത്തിലെ അഭിനയത്തിന് ഡേ വാൻ ജോയ് റാൻഡോൾഫ് മികച്ച സഹനടിയായി. ഓപ്പൺഹെയ്‌മറിലെ അഭിനയത്തിന് റോബർട്ട് ഡൗണി ജൂനിയർ മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടു.
ക്രിസ്റ്റഫർ നോളന്റെ 'ഓപ്പൺഹെയ്‌മർ' ആണ് ഏറ്റവുമധികം നോമിനേഷനുകൾ ഇത്തവണ ലഭിച്ച ചിത്രം. 13 എണ്ണം. യോർഗോസ് ലാന്തിമോസിന്റെ പുവർ തിംഗ്‌സിന് 11 നോമിനേഷനുകളും മാർട്ടിൻ സ്‌കോർസെസിന്റെ കില്ലേർസ് ഓഫ് ദ ഫ്ളവർ മൂണിന് 10 നോമിനേഷനുകളുമാണ് ലഭിച്ചത്.
മികച്ച ഛായാഗ്രഹണത്തിന് നോളന്റെ ഓപ്പൻഹെയ്‌മർ തിരഞ്ഞെടുക്കപ്പെട്ടു. ഡച്ച്-സ്വീഡിഷ് ഛായാഗ്രാഹകൻ ഹൊയ്‌തെ വാൻ ഹൊയ്‌തേമ പുരസ്‌കാരം ഏറ്റുവാങ്ങി.ഗോഡ്‌സില്ല ഫ്രാഞ്ചൈസിക്കും ഇത്തവണ പുരസ്‌കാരം ലഭിച്ചു. ജാപ്പനീസ് ചിത്രമായ ഗോഡ്‌സില്ല മൈനസ് വൺ വിഷ്വൽ ഇഫക്‌ട്‌സിനുള്ള പുരസ്‌കാരം നേടി. ദ് ബോയ് ആന്റ് ദി ഹെറോൺ എന്ന ചിത്രം മികച്ച അനിമേഷൻ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.
ഓസ്‌കാർ നിശയിൽ ഗാസയ്‌ക്ക് ഐക്യദാർഢ്യവുമായി ചില താരങ്ങൾ എത്തിയിരുന്നു. പ്രശസ്‌ത കലാ സംവിധായകൻ നിതിൻ ചന്ദ്രകാന്ത് ദേശായിയെ അനുസ്‌മരിക്കുന്ന ചടങ്ങും ഇത്തവണ ഓസ്‌കാർ നിശയിലുണ്ടായി.വിവിധ സെഗ്‌മെന്റുകളിൽ വേർപിരിഞ്ഞ പ്രതിഭകളെ ഓർക്കുന്ന 'ഇൻ മെമ്മോറിയം' എന്ന ചടങ്ങിലാണിത്. ലഗാൻ, ഹം ദിൽ ദേ ചുകെ സനം അടക്കം ശ്രദ്ധേയമായ ചിത്രങ്ങളിലെ കലാസംവിധാനം നിതിനാണ് നിർവഹിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |