തൊടുപുഴ: ഇടുക്കിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് എം.പിയെയും മുൻ എം.പിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ജെ. കുര്യനെയും അധിക്ഷേപിച്ച് എം.എം. മണി എം.എൽ.എ. ഡീൻ കുര്യാക്കോസ് ഷണ്ഡനാണെന്നും പി.ജെ. കുര്യൻ പെണ്ണു പിടിയനാണെന്നുമാണ് മണി പ്രസംഗിച്ചത്.
'ഇപ്പോ ദേ പൗഡറൊക്കെ പൂശിയൊരു ആളുടെ ഫോട്ടോ വച്ചിട്ടുണ്ട്, ഡീൻ. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും. അതല്ലേ. ശബ്ദിച്ചിട്ടുണ്ടോ ഈ കേരളത്തിന് വേണ്ടി. ചുമ്മാതെ വന്നിരിക്കുവാ. ബ്യൂട്ടി പാർലറിൽ കേറി വെള്ള പൂശിയിട്ട് പടവുമെടുത്ത്. ജനങ്ങളോട് ഒപ്പം നിൽക്കാതെ, ജനങ്ങൾക്ക് വേണ്ടി ശബ്ദിക്കാതെ വർത്താനം പറയാതെ, ഷണ്ഡൻ. വോട്ട് ചെയ്തവർ അനുഭവിച്ചോ. വീണ്ടും വന്നിരിക്കുവാ. ഞാൻ ഇപ്പം ഉണ്ടാക്കാം ഒലത്താം ഒലത്താമെന്ന് പറഞ്ഞോണ്ട്. നന്നായി ഒലത്തിക്കോളും. നന്നാക്കും ഇപ്പം. അതുകൊണ്ടുണ്ടല്ലോ കെട്ടിവെച്ച കാശ് കൊടുക്കാൻ പാടില്ല, നീതിബോധം ഉള്ളവരാണേൽ. ജോയ്‌സ് ജോർജ് ഇവിടെ എം.പി.യായിരുന്നല്ലോ.ഒരു എം.പിയുണ്ടെന്ന് തോന്നുന്നത് അന്നല്ലേ. ഇതിന് മുമ്പ് ലോറൻസ് എം.പിയായിരുന്നപ്പോൾ തോന്നി. അതിന് മുമ്പുണ്ട് പി.ജെ. കുര്യൻ. വേറെ പണിയായിരുന്നു, പെണ്ണുപിടി. എന്തെല്ലാം കേസായിരുന്നു ഉണ്ടായത്. അതെല്ലാം നമ്മൾ മറന്നോ.
പണ്ടു മുതലേ വിദേശികളെ ചുമക്കലാ നമ്മുടെ പണി. ആകെ സ്വദേശി ജോയ്‌സാ. വയ്യാവേലി അഞ്ച് വർഷം കേറി പിടിച്ചു. എങ്ങും കൊള്ളാത്ത പരുവവുമായി. വീണ്ടും ഈ വയ്യാവേലി ചുമക്കാനുള്ള വിധിയാണോ ഇടുക്കിക്കാർക്കുള്ളത്."- . തൂക്കുപാലത്ത് നടന്ന അനീഷ് രാജൻ അനുസ്മരണ യോഗത്തിൽ എം.എം. മണി ചോദിച്ചു.
തെറിയ്ക്കുത്തരം മുറിപ്പത്തലല്ല: ഡീൻ
തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സി.പി.എം ആഗ്രഹിക്കുന്നതെങ്കിൽ തന്റെ ഭാഷാ ശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ് എം.പി. മണി നടത്തിയത് തെറിയഭിഷേകമാണ്. നേരത്തെയും തനിക്കെതിരെ ഇത്തരത്തിൽ പദപ്രയോഗങ്ങൾ നടത്തിയിട്ടുണ്ട്. ഇതിന് ലൈസൻസ് കിട്ടിയിട്ടുണ്ടെന്ന തെറ്റിദ്ധാരണയിലാണ് മണി. ഇതൊന്നും നാടൻ പ്രയോഗമായി കരുതാനാവില്ല. മണി മന്ത്രിയായിരുന്നപ്പോഴാണ് ബഫർ സോൺ ഉത്തരവും നിർമ്മാണ നിരോധനവും കൊണ്ടുവന്നത്. എന്തുകൊണ്ട് അതിനെ എതിർത്തില്ലെന്ന് മണി വ്യക്തമാക്കണം. തെറിയഭിഷേകം നടത്തി ശ്രദ്ധ തിരിച്ചുവിടാമെന്നാണ് മണി ആഗ്രഹിക്കുന്നതെങ്കിൽ നടക്കില്ലെന്നും ഡീൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |