SignIn
Kerala Kaumudi Online
Sunday, 28 April 2024 9.51 AM IST

വെറുക്കപ്പെടേണ്ട പേരല്ല കലാമണ്ഡലം സത്യഭാമ, ആ സ്ഥാപനത്തിന് എന്നും അഭിമാനമായ ടീച്ചറെ കുറിച്ചറിയാം

kalamandalam-sathyabhama

ഭരതനാട്യത്തിന് ലഭിച്ചതുപോലെ സാ‌ർവത്രികമായ സ്വീകാര്യത മോഹിനിയാട്ടത്തിന് അതിന്റെ ഉൽപത്തിയിൽ തുടങ്ങി ഇന്നുവരെയും ലഭിച്ചിട്ടില്ല. അമ്പലവാസികളായിരുന്ന ദേവദാസികളിൽ നിന്നും ഉരുത്തിരിഞ്ഞ മോഹിനിയാട്ടം പിന്നീട് അവർക്ക് കൽപ്പിക്കപ്പെട്ട ഭ്രഷ്‌ടിൽ തിരസ്‌കരിക്കപ്പെടുകയായിരുന്നു. സ്വാതി തിരുനാളിന്റെ കാലഘട്ടത്തിന് ശേഷം രാജാവായ ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ തിരുവിതാംകൂറിൽ മോഹിനിയാട്ടം നിരോധിച്ചതും മറ്റൊരു കാരണമായി.

കേരളത്തിൽ മോഹിനിയാട്ടത്തിന്റെ വളർച്ചയ‌്ക്ക് വള്ളത്തോൾ നാരായണ മേനോൻ ശ്രമിച്ചതിന്റെ ഫലമായാണ് ചിന്നമ്മു അമ്മയെ അദ്ദേഹം കലാമണ്ഡലത്തിലേക്ക് കൊണ്ടുവന്നത്. പാലക്കാട് സ്വദേശിയായിരുന്നു തോട്ടശ്ശേരി ചിന്നമ്മു അമ്മ. സ്വാതി തിരുനാളിന്റെ രാജ്യസഭയിലുണ്ടായിരുന്ന പരമേശ്വര ഭാഗവതരുടെ നേതൃത്വത്തിൽ പാലക്കാട്ടെ നായർ വീടുകളിൽ നൃത്തം പഠിപ്പിച്ചിരുന്നു. അങ്ങനെ പഠിച്ച ഒരു നായർത്തറവാടിൽ നിന്നുള്ള അംഗമായിരുന്നു ചിന്നമ്മു അമ്മ. പിൽക്കാലത്ത് മോഹിനിയാട്ടത്തിന്റെ നവോത്ഥാനത്തിന് ചിന്നമ്മു അമ്മ മുൻകൈ എടുക്കുകയായിരുന്നു.

12 വയസുള്ളപ്പോഴാണ് സത്യഭാമ കലാമണ്ഡലത്തിൽ എത്തുന്നത്. 1940കളുടെ അവസാനകാലഘട്ടമായിരുന്നു അത്. ചിന്നമ്മു അമ്മയുടെ അരുമ ശിഷ്യയായി അധികം വൈകാതെ സത്യഭാമ മാറി. മോഹിനിയാട്ടത്തിന് പുറമെ ഭരതനാട്യം, കഥകളി, കൈകൊട്ടിക്കളി എന്നിവയിലും സത്യഭാമ പ്രാഗത്ഭ്യം നേടി. 19ാം വയസിൽ കലാമണ്ഡത്തിൽ അദ്ധ്യാപികയായ സത്യഭാമ അസംഖ്യം ശിഷ്യരുടെ 'കലാമണ്ഡലം സത്യഭാമ' ടീച്ചറായി മാറുകയായിരുന്നു.

kalamandalam-sathyabhama

കേരളീയ സംസ്‌കാരം മോഹിനിയാട്ടത്തിൽ കാണാൻ സാധിക്കും എന്ന വിശ്വാസം സത്യഭാമ ടീച്ചർക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് കൂടുതൽ അറിവ് നേടുന്നതിനായി തെക്കൻ കേരളത്തിലെത്തിയത്. തിരുവനന്തപുരത്ത് എത്തി കല്യാണിക്കുട്ടിയമ്മ ടീച്ചറുടെ ശിഷ്യത്വം സ്വീകരിച്ചു.

കലാമണ്ഡലത്തിൽ തിരിച്ചെത്തിയിട്ടും ഭരതനാട്യത്തിന് ഉള്ളതുപോലെ ഒരു സിലബസ് ഇല്ല എന്ന് സത്യഭാമ ടീച്ചർ മനസിലാക്കുന്നത്. മാത്രമല്ല കൂടുതൽ പദങ്ങളോ മുദ്രകളോ അക്കാലത്ത് മോഹിനിയാട്ടത്തിന് ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സ്വന്തമായി ഒരു സിലബസ് സത്യഭാമ ചിട്ടപ്പെടുത്തുകയായിരുന്നു. മോഹിനിയാട്ടം പെർമോഫർ എന്നതിലുപരിയായി സത്യഭാമ ടീച്ചർ എക്കാലവും ഗവേഷണതൽപരയായിരുന്നു. തന്റെ ശിഷ്യർക്കായി പകർന്നു നൽകാൻ താൻ തന്നെ ചിട്ടപ്പെടുത്തിയ മുദ്രകൾ അവർ അവതരിപ്പിച്ചു.

പ്രശസ്‌തനായ കഥകളി ആചാര്യൻ കലാമണ്ഡലം പദ്‌മനാഭൻ നായർ ആയിരുന്നു സത്യഭാമയുടെ ഭർത്താവ്. മാത്രമല്ല കഥകളി അഭ്യസിച്ചിട്ടുള്ളതുകൊണ്ടുതന്നെ അവരുടെ മുദ്രകളിൽ പലതിലും കഥകളിയുടെ സ്വാധീനം പ്രകടമായിരുന്നു. എന്നാൽ അതുമാത്രം പോരാ, മോഹിനിയാട്ടം എന്ന കലയുടെ പരിപോഷണത്തിനായി കൂടുതൽ മുദ്രകൾ സൃഷ്‌ടിക്കുകയായിരുന്നു കലാമണ്ഡലം സത്യഭാമ ടീച്ചർ.

ആദ്യകാലങ്ങളിൽ മോഹിനിയാട്ടത്തിലെ പല അടവുകളിലും അൽപം അശ്ലീലത കലർന്നിരുന്നു എന്ന ആക്ഷേപം ഉണ്ടായിരുന്നു. ദേവദാസി സമ്പ്രദായത്തിൽ നിന്നും ഉത്ഭവിച്ചതിന്റെ ഛായയാകാം അത്. സത്യഭാമ ടീച്ചറാണ് ഈ അപാകതകളെല്ലാം നീക്കി മോഹിനിയാട്ടത്തെ നവീകരിച്ചത്. നൃത്തരൂപത്തിൽ മലയാളത്തനിമ തന്നെ വേണമെന്ന നിർബന്ധം സത്യഭാമ ടീച്ചർക്കുണ്ടായിരുന്നു. മലയാളിമങ്കമാരുടെ നടപ്പും ഇരിപ്പും പ്രതിഫലിപ്പിച്ചുകൊണ്ടാണ് മോഹിനിയാട്ടത്തിലെ ചുവടുകൾ ടീച്ചർ പാകപ്പെടുത്തിയത്. ഭരതനാട്യത്തിൽ നിന്നും കഥകളിയിൽ നിന്നുമൊക്കെയുള്ള സ്വാശീംകരണം ടീച്ചറെ ചില വിമർശനങ്ങൾക്ക് വിധേയയാക്കിയിരുന്നു. മോഹിനിയാട്ടത്തെ നാടകരൂപത്തിൽ ആദ്യമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത് സത്യഭാമയായിരുന്നു. അതുവരെ ഭരതനാട്യത്തിലും, കുറുവഞ്ചി നാടകത്തിലുമൊക്കെ കണ്ടത് മോഹിനിയിൽ സമന്വയിപ്പിച്ചപ്പോൾ അത് കാഴ്‌ചക്കാർക്ക് നവ്യാനുഭവമേകി. കൂടാതെ കച്ചേരി സമ്പ്രദായത്തിലേക്കും കലയെ പാകപ്പെടുത്തി. സ്വാതിതിരുനാളിന്റെയടക്കമുള്ള പദങ്ങൾ മോഹിനിയാട്ടത്തിലേക്ക് സ്വാംശീകരിക്കാനും ടീച്ചർക്ക് കഴിഞ്ഞു. കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം സരസ്വതി, കലാമണ്ഡലം ലീലാമ്മ തുടങ്ങിയ പ്രശസ്ത നർത്തകിമാർ സത്യഭാമയുടെ ശിഷ്യരാണ്.

ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്‌ത 'ഗാനം'', 'ബന്ധുക്കൾ ശത്രുക്കൾ' എന്നീ ചിത്രങ്ങളിൽ നൃത്തസംവിധാനം നിർവഹിച്ചത് കലാമണ്ഡലം സത്യഭാമയാണ്. 'മലയാളിപ്പെണ്ണേ നിന്റെ മനസ്സ്' എന്ന ഗാനരംഗം ഇന്നും മലയാളിക്ക് മറക്കാൻ കഴിയാത്തതാണ്.

(വിവരങ്ങൾക്ക് കടപ്പാട്- വിപിൻദാസ്)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KALAMANDALAM SATHYABHAMA, REAL KALAMANDALAM SATHYABHAMA, SATHYABHAMA TEACHER
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.