ചെന്നൈ: വീരപ്പന്റെ മകൾ വിദ്യാറാണി ബി.ജെ.പി വിട്ട് നടനും സംവിധായകനുമായ സീമാൻ നേതൃത്വം നൽകുന്ന നാം തമിഴർകക്ഷിയിൽ ചേർന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കൃഷ്ണഗിരിയിൽ നിന്നും വിദ്യാറാണി മത്സരിക്കും. നാലുവർഷം മുമ്പാണ് വിദ്യാറാണി ബി.ജെ.പിയിൽ ചേർന്നത്. ഒരു മുന്നണിയുമായും കൂട്ടുകുടാതെ ഒറ്റയ്ക്കാണ് തീവ്രതമിഴ് പാർട്ടിയായ നാം തമിഴർ കക്ഷി ഇത്തവണയും മത്സരിക്കുന്നത്. പുതുച്ചേരി ഉൾപ്പെടെ 40 മണ്ഡലത്തിലും സീമാൻ സ്ഥാനാർത്ഥികളുടെ പേരുകൾ പ്രഖ്യാപിച്ചു. 20 പേർ സ്ത്രീകളാണ്.
പാർട്ടി നേരത്തെ ഉപയോഗിച്ചിരുന്ന കരിമ്പ് കർഷകന്റെ ചിഹ്നത്തിനു പകരം മൈക്ക് ചിഹ്നമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചത്. ഇതിനെതിരെ സീമാൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഏപ്രിൽ ഒന്നിനകം ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകണം. "എന്റെ ആളുകൾ ചിഹ്നം നോക്കില്ല, എന്റെ ചിന്തകൾ അവർ പരിഗണിക്കും. അഭിമാനിക്കുന്ന തമിഴ് വംശത്തിൽ പെട്ടവരാണ് ഞങ്ങൾ.'' സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തിക്കൊണ്ട് സീമാൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |