ഗാസയിൽ നടന്നുകൊണ്ടിരിക്കുന്നത് ഏകപക്ഷീയമായ ഒരു യുദ്ധമാണ്. ഇസ്രയേൽ മാത്രമാണ് അവിടെ യുദ്ധം ചെയ്യുന്നത്. പാലസ്‌തീൻ ജനത അത് ഏറ്റുവാങ്ങുകയും ചെയ്യുന്നു. യുദ്ധത്തിനു കാരണമായത് ഹമാസിന്റെ ഇസ്രയേൽ അതിർത്തി കടന്നുള്ള ആക്രമണമാണ്. അതിനുള്ള തിരിച്ചടിയുടെ നൂറിരട്ടി ഇസ്രയേൽ നൽകിക്കഴിഞ്ഞു. 32,000 പാലസ്തീനികൾ മരിച്ചുവീണു. ഏതാണ്ട് 23 ലക്ഷം ജനങ്ങൾ കൊടുംപട്ടിണിയുടെ പിടിയിലാണ്. നിരപരാധികളായ നിരവധി കുഞ്ഞുങ്ങളും സ്‌ത്രീകളും വൃദ്ധജനങ്ങളും പരലോകം പൂകിയിട്ടും യുദ്ധം നിറുത്താതെ തുടരുന്നത് ആർക്കും ന്യായീകരിക്കാനാവില്ല. ഗാസയിൽ നടന്ന ജീവഹാനിക്കു പുറമെ 75,000-ത്തോളം പേർ പരിക്കേറ്റ് ചികിത്സയിലാണ്. അവർക്ക് ചികിത്സ നൽകേണ്ട ആശുപത്രികളിൽ ഭൂരിപക്ഷവും നശിപ്പിക്കപ്പെട്ടുകഴിഞ്ഞു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന ഹമാസ് ആക്രമണത്തിനു പിന്നാലെ ഏതാണ്ട് ആറുമാസമായി ഇസ്രയേൽ യുദ്ധം തുടരുകയാണ്. ഈ ആക്രമണം ഒരിക്കലും മറക്കാനാവാത്തതായിരിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു തുടക്കത്തിൽ പറഞ്ഞെങ്കിലും അതിത്രയും ക്രൂരമായിരിക്കുമെന്ന് ലോകം അന്നു കരുതിയില്ല. ലോകം മുഴുവൻ യുദ്ധം നിറുത്തണമെന്ന മുറവിളിയാണ് ഉയരുന്നത്. ഇത് ഉൾക്കൊണ്ടുകൊണ്ടാവാം ഗാസയിൽ ശേഷിക്കുന്ന റംസാൻ ദിവസങ്ങളിൽ യുദ്ധം നിറുത്തണമെന്ന പ്രമേയം യു.എൻ രക്ഷാസമിതി യോഗം എതിർപ്പില്ലാതെ പാസാക്കിയിരിക്കുന്നത്. 15 അംഗ രാജ്യങ്ങളാണ് സമിതിയിലുള്ളത്. അമേരിക്ക വിട്ടുനിന്നു. 14 രാജ്യങ്ങളും പ്രമേയത്തെ പിന്താങ്ങി. നേരത്തേ വെടിനിറുത്തൽ പ്രമേയത്തെ വീറ്റോ ചെയ്ത അമേരിക്ക ഇത്തവണ അതിനു മുതിരാതെ വിട്ടുനിന്നത് ആ രാജ്യത്തെ ജനങ്ങളും ഈ ഏകപക്ഷീയമായ യുദ്ധത്തെ അംഗീകരിക്കുന്നില്ല എന്നതിന്റെ തെളിവ് കൂടിയാണ്.
മുമ്പ് മൂന്നുതവണ കൊണ്ടുവന്ന വെടിനിറുത്തൽ പ്രമേയങ്ങളും അമേരിക്ക വീറ്റോ ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച അമേരിക്ക മുൻകൈയെടുത്തു കൊണ്ടുവന്ന പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തതിനാൽ പാസാക്കാനുമായില്ല.
നീണ്ടതും സ്ഥിരവുമായ വെടിനിറുത്തലിലേക്ക് താത്‌കാലിക വെടിനിറുത്തൽ നയിക്കണമെന്നാണ് പ്രമേയം ആഹ്വാനം ചെയ്യുന്നത്. ബന്ദികളെയെല്ലാം വിട്ടയയ്ക്കണമെന്ന് ഹമാസിനോട് പ്രമേയം ആവശ്യപ്പെടുന്നുമുണ്ട്. ''പാലസ്‌തീൻകാർ ഏറെ അനുഭവിച്ചുകഴിഞ്ഞു. ഈ രക്തച്ചൊരിച്ചിൽ ഏറെ നീണ്ടുപോയിരിക്കുന്നു. ഇനിയും വൈകും മുമ്പ് ഇതവസാനിപ്പിക്കണമെന്നത് നമ്മുടെ കടമയാണ്." വോട്ടെടുപ്പിനുശേഷം, പ്രമേയം അവതരിപ്പിച്ച അൾജീരിയയുടെ സ്ഥാനപതി അമർ ബെന്ദ്യാമ പറഞ്ഞ ഈ വാക്കുകൾ ലോക ജനതയുടെ മൊത്തത്തിലുള്ള ആഗ്രഹമാണ് പ്രതിഫലിപ്പിക്കുന്നത്.
ഗാസ ക്ഷാമത്തിലേക്കു നീങ്ങുകയും ലക്ഷക്കണക്കിനുപേർ അഭയാർത്ഥികളായി കഴിയുന്ന റാഫയിൽ ഇസ്രയേൽ കരയുദ്ധത്തിനിറങ്ങാൻ നിശ്ചയിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് രക്ഷാസമിതി പുതിയ പ്രമേയം പാസാക്കിയിരിക്കുന്നത്. യുദ്ധത്തിനു കാരണം സൃഷ്ടിച്ച ഹമാസും ചില വിട്ടുവീഴ്ചകൾക്ക് തയ്യാറാകണം. 130-ലേറെ ബന്ദികളെ അവർ ഇനിയും മോചിപ്പിക്കാനുണ്ടെന്നാണ് ഇസ്രയേൽ പറയുന്നത്. ഇക്കാര്യത്തിൽ ഹമാസിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന അറബ് രാജ്യങ്ങളും അടിയന്തരമായി ഇടപെടേണ്ടതാണ്. ഏതുവിധേനയും യുദ്ധവിരാമം ഉണ്ടാകണം. അതിനുള്ള ശ്രമങ്ങളാണ് ഇന്ത്യ ഉൾപ്പെടെയുള്ള ലോക രാജ്യങ്ങളിൽ നിന്ന് ഒരു നിമിഷം പോലും പാഴാകാതെ ഉണ്ടാകേണ്ടത്. ഗാസയ്ക്ക് പൊഴിക്കാൻ ഇനി കണ്ണുനീർ ബാക്കിയില്ല. ഇനിയും യുദ്ധം തുടരുന്നത് കാട്ടുനീതിക്കും അപ്പുറമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |