തിരുവനന്തപുരം: കഷ്ടപ്പാട് നിറഞ്ഞ ജീവിതത്തോട് പടവെട്ടി ഡാനി ടി.ജോർജ് എന്ന ഭിന്നശേഷിക്കാരൻ കൈയെത്തി പിടിക്കുന്നത് കോളേജ് അദ്ധ്യാപക ജോലി. ജന്മനാ അരയ്ക്കുതാഴെ ചലനശേഷിയില്ല. പൊലീസ് കോൺസ്റ്റബിളായിരുന്ന അച്ഛൻ 15 കൊല്ലം മുമ്പ് പക്ഷാഘാതം വന്ന് കിടപ്പിലായി. കഷ്ടപ്പാട് നിറഞ്ഞ നാളുകളിലും തളരാതെ വാശിയോടെ പഠിച്ചാണ് പൗഡിക്കോണം സ്വദേശിയായ ഈ 32കാരന്റെ സ്വപ്ന സാഫല്യം.
ടൂറിസത്തിൽ പി.ജിക്കുശേഷം നെറ്റും ജെ.ആർ.എഫും പാസായി. കോളേജ് അദ്ധ്യാപക തസ്തികയ്ക്കുള്ള പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഇടംനേടി. കഴിഞ്ഞമാസം അഡ്വൈസ് മെമ്മോ ലഭിച്ചു. വൈകാതെ നിയമന ഉത്തരവ് ലഭിക്കുന്നതോടെ അസിസ്റ്റന്റ് പ്രൊഫസറാകും. നിയമന ഉത്തരവ് ലഭിക്കുമ്പോഴേ ഏത് കോളേജിലാണെന്നത് വ്യക്തമാകൂ. ടൂറിസം മുൻനിറുത്തി ഇപ്പോൾ കേരള സർവ്വകലാശാലയിൽ പിഎച്ച്.ഡി ചെയ്യുന്നു.
വീൽചെയർ വാങ്ങാൻ പണമില്ലാത്തതിനാൽ കുട്ടിക്കാലത്ത് ഇരുന്നും നിരങ്ങിയുമായിരുന്നു യാത്ര. എങ്കിലും നല്ല മാർക്കോടെ സ്കൂൾ പഠനം പൂർത്തിയാക്കി. മാർ ഇവാനിയോസ് കോളേജിൽ ബികോം ബിരുദത്തിനും ടൂറിസത്തിൽ പി.ജിക്കും പഠിച്ചത് ഹോസ്റ്റലിൽ നിന്ന്. അവിടെ വിൽചെയർ ലഭ്യമായിരുന്നെങ്കിലും വീട്ടിൽ കൊണ്ടുപോകാനാവില്ല.
അച്ഛൻ ജോർജും അമ്മ എസ്തറും മകന് കഴിയുന്നത്ര ചികിത്സ നൽകിയെങ്കിലും ഫലവത്തായില്ല. ആർമിയിൽ ജോലിയുള്ള അനുജൻ മാത്യുവിന് കിഡ്നിക്ക് അസുഖം ബാധിച്ചതോടെ ചികിത്സയ്ക്കായി വായ്പയെടുക്കേണ്ടിവന്നു. അതോടെ കഴിഞ്ഞവർഷം പിഎച്ച്.ഡി പഠനം മുടങ്ങിയിരുന്നു. സഹോദരി ഗ്രേസൺ.
യാത്രകൾ ഏറെയിഷ്ടം
യാത്രകളാണ് ഡാനിക്ക് ഏറെയിഷ്ടം. അതിനാലാണ് ടൂറിസത്തിൽ പി.ജി ചെയ്തതും. സന്തോഷ് ജോർജ് കുളങ്ങരയുടെ ആരാധകനാണ്. 2019ൽ നഗരസഭ സൗജന്യമായി നൽകിയ വീൽചെയറും അതിനുമുമ്പ് ആരോ സമ്മാനിച്ച പഴയ ഇലക്ട്രിക് വീൽചെയറും കേടായതോടെ യാത്രകൾ ബുദ്ധിമുട്ടിലായി.
''പരിമിതികളെപ്പറ്റി പരാതി പറഞ്ഞിട്ട് കാര്യമില്ല. വിദ്യാർത്ഥികൾക്ക് എന്റെ ജീവിതം പ്രചോദനമാകണം
-ഡാനി ടി.ജോർജ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |