തിരുവനന്തപുരം: ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം, തൃശൂർ ജില്ലകളിലുണ്ടായ രൂക്ഷമായ കടലാക്രമണത്തെ തുടർന്ന് സംസ്ഥാനത്ത് സുരക്ഷാമുന്നറിയിപ്പ് പ്രഖ്യാപിച്ചു. നാലു ജില്ലകളിലായി 500 വീടുകളിൽ വെള്ളംകയറി.100ഓളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. മത്സ്യബന്ധനവും കടലിൽ ഇറങ്ങുന്നതും വിലക്കി. അപ്രതീക്ഷിതമായുണ്ടായ കടലേറ്റം സുനാമി വരുന്നതിന്റെ ഭീതിയാണ് കടലോരവാസികളിൽ ആദ്യം ഉളവാക്കിയത്. ഇതാണ് വ്യാപകമായ ഭീതിക്ക് ഇടയാക്കിയത്.
ഇന്നലെ ഉച്ചകഴിഞ്ഞാണ് അതിശക്തമായ തിരമാലകൾ തീരത്തേക്ക് അടിച്ചുകയറിയത്. വേനൽക്കാലത്തെ 'കള്ളക്കടൽ' പ്രതിഭാസമാണിത്. മൂന്നുദിവസം വരെ നീണ്ടുനിൽക്കും.
തിരുവനന്തപുരം പുത്തൻതോപ്പ്, അടിമലത്തുറ, പൊഴിയൂർ, പൂന്തുറ ഭാഗങ്ങളിൽ കടൽകയറി. വീടുകളുടെ മുറ്റത്തും റോഡിലും വെള്ളക്കെട്ടായി. വള്ളങ്ങൾ കൂട്ടിയിടിച്ച് കേടായി. കോവളത്ത് തിര ശക്തമായി. സഞ്ചാരികൾ കടലിൽ ഇറങ്ങുന്നത് വിലക്കി. പൊഴിയൂരിൽ 10 കുടുംബങ്ങളെ ഒഴിപ്പിച്ചു. ഓഖി പാർക്ക് തകർന്നു. കൊല്ലംകോട് - നീരോടി ഭാഗത്തെ 50 വീടുകളിൽ വെള്ളം കയറി.
കൊല്ലത്ത് ആലപ്പാട് വെള്ളനാതുരുത്ത്, ചെറിയഴീക്കൽ, അഴീക്കൽ ബീച്ച്,കൊല്ലം ബീച്ച് എന്നിവിടങ്ങളിൽ 40 വീടുകൾ വെള്ളത്തിലായി. ആലപ്പുഴയിൽ പുറക്കാട്, വളഞ്ഞവഴി, പള്ളിത്തോട് കടലാക്രമണം രൂക്ഷമായി. പുറക്കാട് തീരത്ത് രാവിലെ 30 മീറ്ററോളം കടൽ ഉൾവലിഞ്ഞിരുന്നു. ഉച്ചയ്ക്കുശേഷം കടൽഭിത്തി കഴിഞ്ഞ് കരയിലേക്കു കടൽ കയറി. മാർച്ച് 19നും കടൽ ഉൾവലിഞ്ഞിരുന്നു. സുനാമി പോലെയാണ് തിരയെന്നാണ് തീരവാസികൾ പറയുന്നത്. തൃശൂരിൽ പെരിഞ്ഞനത്ത് കടലേറ്റമുണ്ടായി. വലകൾ കേടായി.
ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകാത്തതിൽ പ്രതിഷേധം ഉയർന്നു.
കള്ളക്കടൽ പ്രതിഭാസം
ഇന്ത്യൻ മഹാസമുദ്രത്തിലെ ശക്തമായ കാറ്റാണ് കള്ളക്കടൽ അഥവാ സ്വെൽ വേവ്സ് പ്രതിഭാസത്തിന് കാരണം. 4000- 5000 കിലോമീറ്റർ അകലെ പുറംകടലിൽ ശക്തമായ കാറ്റുമൂലം ഉണ്ടാകുന്ന തിരമാലകൾ കടലിലൂടെ പ്രവഹിക്കുമ്പോൾ വൻതിരകളായി മാറുന്നു. ശക്തമായ കാറ്റിൽ തിരമാലകളുടെ ഊർജംകൂടി തീരത്ത് ആഞ്ഞടിക്കും. ആയിരക്കണക്കിന് കിലോമീറ്ററുകൾ നീളുന്ന സഞ്ചാരത്തിനിടെ തിരകളുടെ ഉയരവും പ്രഹരശേഷിയും കൂടും. വേലിയേറ്റത്തിനൊപ്പം കള്ളക്കടൽ തിരകൾ എത്തുമ്പോൾ കടലാക്രമണം ശക്തമാകും. അപ്രതീക്ഷിതമായി തീരം കവരുന്നതിനാലാണ് 'കള്ളക്കടൽ' എന്ന് പേരിട്ടത്.
രണ്ടുദിവസം ജാഗ്രത
കേരള,തമിഴ്‌നാട് തീരങ്ങളിൽ കടലാക്രമണ സാദ്ധ്യത
മത്സ്യത്തൊഴിലാളികളും തീരവാസികളും ശ്രദ്ധിക്കണം
അപകട മേഖലകളിൽ നിന്ന് മാറി താമസിക്കണം
യാനങ്ങൾ സുരക്ഷിതമായി കെട്ടിയിടണം
ബീച്ച്, കടൽ വിനോദങ്ങൾ ഒഴിവാക്കുക
''ശക്തമായ അടിയൊഴുക്കിന് സാദ്ധ്യത. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാം. മൂന്നുദിവസം വരെ തുടർച്ചയായി വീശുന്ന കാറ്റിന്റെ ഫലമായി 15 മീറ്ററോളം ഉയരത്തിൽ തിരമാലകൾ ഉണ്ടാകും. ഈ പ്രതിഭാസം ഇന്ന് രാത്രിവരെ തുടരും.
ഡോ. ബാലകൃഷ്ണൻ,
ദേശീയ സമുദ്ര മുന്നറിയിപ്പ്
സേവന കേന്ദ്രം ഗ്രൂപ്പ് ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |