SignIn
Kerala Kaumudi Online
Saturday, 27 July 2024 1.10 PM IST

ഒരു ഫോട്ടോ പോലും അവശേഷിക്കുന്നില്ല, വീട് പണിക്കുവരെ ഉപയോഗിച്ചു; ഇന്ത്യയിലെ ചരിത്ര സ്മാരകങ്ങൾ കാണാതാകുന്നു

taj-mahal

ഇന്ത്യയുടെ ചരിത്രത്തെ വിളിച്ച് കാണിക്കുന്ന ഒന്നാണ് സ്മാരകങ്ങൾ. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ചരിത്ര സ്മാരകങ്ങൾ പല സ്ഥലങ്ങളിലും ഇന്ന് സംരക്ഷിക്കപ്പെടുന്നുണ്ട്. ഇന്ത്യ എന്ന രാജ്യം മുൻപ് എങ്ങനെയായിരുന്നുവെന്ന് ഇവ കാണിച്ചുതരുന്നു. ഇത്തരം സ്മാരകങ്ങൾ സർക്കാർ സംരക്ഷണത്തിലാണ് സൂക്ഷിക്കുന്നത്. എന്നാൽ ഇന്ന് നമ്മൾ പിറകിലേക്ക് നോക്കിയാൽ കാണാം. ഒരു ഫോട്ടോ പോലും അവശേഷിക്കാത്ത തരത്തിൽ പലതും നഷ്ടമായിരിക്കുന്നു.

1658 മുതൽ മുഗൾ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്നു ഔറംഗസേബിനെക്കുറിച്ച് ചരിത്രത്തിൽ നാം വായിച്ചിട്ടുണ്ട്. ഷാജഹാന്റെ മകനാണ് ഔറംഗസേബ്. എന്നാൽ അദ്ദേഹത്തിന്റെ സഹോദരനായ ദാരാ ഷിക്കോയെക്കുറിച്ച് അധികം ആർക്കും അറിയില്ല. ഒരു പക്ഷേ ഔറംഗസേബ് ഇല്ലായിരുന്നെങ്കിൽ ദാരാ ഷിക്കോയായിരുന്നു മുഗൾ സാമ്രാജ്യം ഭരിക്കേണ്ടിരുന്നത്.

monuments

അധികാരത്തിലേറിയതിന് പിന്നാലെ ഔറംഗസേബ് ദാരാ ഷിക്കോയെ വധിച്ചതായാണ് ചരിത്രത്തിൽ പറയുന്നത്. ദാരാ ഷിക്കോയുടെ ഓർമ്മ പോലെ തന്നെ അദ്ദേഹത്തെ മറവ് ചെയ്ത സ്ഥലവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ (SDMC) എഞ്ചിനീയറായ സഞ്ജീവ് കുമാർ സിംഗിന്റെ സംഘം 2020ൽ ഷാജഹാന്റെ അനന്താരാവകാശികളുടെ ശവകുടീരം കണ്ടെത്തി.

എന്നാൽ സഞ്ജീവ് കുമാർ നാല് വർഷത്തോളം പരിശ്രമിച്ചെങ്കിലും ദാരാ ഷിക്കോയുടെ ശവകുടീരം കണ്ടെത്താൻ കഴിഞ്ഞില്ല. ഇത്തരത്തിൽ നിരവധി ഇന്ത്യൻ സ്മാരകങ്ങൾ അവയുടെ ഭൗതിക അസ്ഥിത്വത്തിൽ നിന്ന് എന്നെന്നേക്കുമായി നഷ്ടപ്പെട്ടത്. അവയുടെ ചിത്രങ്ങൾ പോലും അവശേഷിക്കുന്നില്ലയെന്നതും നമ്മെ അമ്പരപ്പിക്കുന്നു. ചില സ്മാരകങ്ങൾ മനപൂർവം ഒഴിവാക്കിയിട്ടുണ്ട്.

barakhamba

തുടച്ചു നീക്കപ്പെട്ടവ

ഒരിക്കൽ ഇന്ത്യയുടെ ചരിത്ര സ്മാരകങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരുന്ന നിരവധി സ്മാരകങ്ങൾ പിന്നീട് ഒഴിവാക്കി. ഈ പട്ടികയിൽ ഉൾപ്പെടുന്ന സ്മാരകങ്ങൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) സംരക്ഷണത്തിലായിരുന്നു. പട്ടികയിൽ നിന്ന് ഒഴിവാക്കിയാൽ പിന്നെ അതിന്റെ സംരക്ഷണം, പരിപാലനം എന്നിവ എഎസ്ഐ നടത്തില്ല. കൂടാതെ സ്മാരകത്തിന് ചുറ്റുമുള്ള നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ നീക്കും.

ഡൽഹിയിലെ ബരാംഖംബ സെമിത്തേരി, ഹരിയാനയിലെ ഫരീദാബാദിലെ മുജേസർ ഗ്രാമത്തിലെ കോസ് മിനാർ, ത്സാൻസിയിലെ ഗണ്ണർ ബർക്കിലിന്റെ ശവകുടീരം, ലക്നൗവിലെ ഗൗഘാട്ടിലെ സെമിത്തേരി, വാരണാസിയിലെ തെലിയ നള ബുദ്ധ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം. എന്നിവ ദേശീയ പ്രാധാന്യമുള്ള സ്മാരകങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവ ദേശീയ പ്രാധാന്യത്തിന് പിന്നിലാണെന്ന് കാണിച്ചായിരുന്നു നടപടി.

-kos-minar-

നിലവിൽ 50ഓളം സ്മാരകങ്ങൾ കാണാതായിട്ടുണ്ട്. അതിൽ 14 എണ്ണം ദ്രുതഗതിയിലുള്ള നഗരവൽക്കരണം മൂലം നഷ്ടമായവയാണ്. 12 എണ്ണം അണക്കെട്ടുകളോ മറ്റോ കാരണം മുങ്ങി പോയി. ബാക്കി 24 എണ്ണത്തിനെക്കുറിച്ച് ഒരു വിവരവും എഎസ്ഐയ്ക്ക് ലഭിച്ചിട്ടില്ല. ചില സ്മാരകങ്ങളുടെ സ്ഥാനമോ ഇപ്പോഴാത്തെ അവസ്ഥയോ അറിയില്ലെന്നും എഎസ്ഐ അറിയിച്ചു.

ഉത്തർപ്രദേശിലെ വാരണാസിയിലെ നള ബുദ്ധ അവശിഷ്ടങ്ങളുടെ ഒരു ചിത്രം പോലും ലഭിച്ചിട്ടില്ല. 2022ലെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട് പ്രകാരം ചരിത്ര പ്രാധാന്യമുള്ള പല സ്ഥലങ്ങളിലും വീടുകളും മറ്റും നിർമ്മിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു.

monuments

ചരിത്ര സ്മാരകങ്ങൾ നശിപ്പിച്ച് ജനങ്ങൾ

വീടു നിർമ്മാണത്തിനും മറ്റും ചരിത്ര സ്മാരകങ്ങളിലെ സാമഗ്രികൾ ജനങ്ങൾ എടുത്തുകൊണ്ടുപോയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉത്തരാഖണ്ഡിലെ അൽമോറയിലും സമാനമായ സംഭവം നടന്നിട്ടുണ്ട്. 1915ൽ അവിടെത്തെ കുടുംബരി ക്ഷേത്രം എഎസ്ഐ സംരക്ഷണത്തിൻ കീഴിലാക്കി. എന്നാൽ കാലക്രമേണ ക്ഷേത്രം നശിക്കാൻ തുടങ്ങി.

monuments

അതിന്റെ ചില അവശിഷ്ടങ്ങൾ മാത്രമാണ് പിന്നെ കണ്ടെത്താൻ കഴിഞ്ഞത്. എന്നാൽ 2000 ഓടെ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ പോലും കണ്ടെത്താനായില്ല. തുടർന്ന് 2018ൽ ക്ഷേത്രം കണ്ടെത്താനാവാത്ത ചരിത്ര സ്മാരകങ്ങളുടെ പട്ടികയിൽ ചേർത്തു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ഗ്രാമവാസികൾ വീട് പണിയാൻ എടുത്തുകൊണ്ടുപോയതായി എഎസ്ഐ കണ്ടെത്തി. ഇത്തരത്തിലുള്ള സംഭവങ്ങൾ കുറയ്ക്കാൻ ബോധവൽക്കരണ കാമ്പെയ്‌നുകളും സംഘടിപ്പിച്ചിരുന്നു.

monuments

ഇനിയും നഷ്ടങ്ങൾ

ദാരാ ഷിക്കോയുടെ ശവകുടീരം പോയത് പോലെ പല സ്മാരകങ്ങളും ഇന്ന് നാശത്തിലേക്ക് നീങ്ങുകയാണ്. ബിസി അഞ്ചാം നൂറ്റാണ്ടിലെ മയൂരാധ രാജവംശം സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന തംലുക്ക് രാജ്ബാരി (കൊട്ടാരം) നശിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ സ്വതന്ത്ര്യസമര സമയത്ത് സേനാനികളുടെ അഭയകേന്ദ്രമായിരുന്നു രാജ്ബാരി. ചരിത്രത്തിൽ മഹാഭാരത്തിലെ ദ്രൗപതി രാജ്ഞിയുടെ സ്വയംവര സഭയുമായി ഈ സ്ഥലത്തിന് ബന്ധമുണ്ടെന്ന് പറയുന്നു. 1938ൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെയും മറ്റ് വിപ്ലവകാരികളുടെയും ഒരു യോഗത്തിനായി ഇവിടത്തെ ഒരു മാമ്പഴത്തോട്ടം മുഴുവൻ വെട്ടിമാറ്റിയെന്നും റിപ്പോർട്ട് ഉണ്ട്. ഇത്തരത്തിൽ അറിഞ്ഞു അറിയാതെയും നിരവധി സ്മാരകങ്ങൾ നശിക്കപ്പെടുന്നുണ്ട്.

monuments

എന്തുകൊണ്ട് ചരിത്ര സമാരകങ്ങൾ നഷ്ടമാകുന്നു

ജനങ്ങൾക്ക് ഇന്ത്യയുടെ പെെതൃകത്തെയും സംസ്കാരത്തെയും കുറിച്ചുള്ള പൊതു അവബോധത്തിന്റെ അഭാവമാണ് ഇന്ത്യയിലെ സ്മാരകങ്ങളുടെയും ചരിത്ര സ്ഥലങ്ങളുടെയും അപചയത്തിന് പ്രധാന കാരണം. ഹരിയാനയിലെ നൂഹ് ജില്ലയിലെ ഒരു ഗ്രാമത്തിൽ ശവകുടീരത്തിൽ വിലപിടിപ്പുള്ള വസ്തുക്കൾ ഉണ്ടെന്ന് കരുതി ഗ്രാമവാസികൾ അത് കുഴിച്ചു നോക്കിയതായി കണ്ടെത്തിയിരുന്നു.

ചരിത്ര സ്മാരകങ്ങളുടെ സ്ഥാനം അറിയാതെ അത് പരിശോധിക്കാനോ അതിന്റെ അവസ്ഥ വിലയിരുത്താനോ സംരക്ഷിക്കാനോ എഎസ്ഐക്ക് കഴിയുന്നില്ല. നഗരവൽക്കരണം, കെെയേറ്റങ്ങൾ, അണക്കെട്ടുകളുടെ നിർമ്മാണം തുടങ്ങിയവ കാരണമാണ് ഭൂരിഭാഗം ചരിത്ര സ്മാരകങ്ങളും നശിച്ചത്. പ്രത്യേകിച്ച് ചെറുതും അറിയാപ്പെടാത്തതുമായവ. കാലക്രമേണ അവ ഈ ഭൂമിയിൽ നിന്ന് തന്നെ മറഞ്ഞു.

കണ്ടെത്താനുള്ള ബുദ്ധിമുട്ട്

അപര്യാപതമായ ഡോക്യുമെന്റേഷൻ, ചരിത്രരേഖകളുടെ അഭാവം, ഭൂപ്രകൃതിയിലെ മാറ്റങ്ങൾ എന്നിവ സ്മാരകങ്ങൾ കണ്ടെത്തുന്നതിന് വെല്ലുവിളി ഉയർത്തുന്നു.

monuments

ലോകത്ത് ഏറ്റവും പഴക്കമേറിയ നാഗരികതകളിലൊന്നാണ് ഇന്ത്യ. ചരിത്രപരമായ സംഭവങ്ങളാൽ സമ്പന്നമായ ഇന്ത്യയിൽ അതിന്റെ തെളിവുകൾ ഇന്നും അവശേഷിക്കുന്നു. ഇത് സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ കാലക്രമേണ അവ നഷ്ടപ്പെട്ടേക്കാം. ഇതിന് ഫലപ്രദമായ നടപടികൾ അതാത് ഗവൺമെന്റുകൾ സ്വീകരിക്കണം. ഇല്ലെങ്കിൽ വരും തലമുറയ്ക്ക് നമ്മുടെ ചരിത്രത്തെക്കുറിച്ച് അറിയാൻ കഴിയാതെ വരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HISTORIC MONUMENTS, CLOSING, LOSING
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.