
വീട്ടിൽ നിന്ന് പാമ്പിനെ പിടികൂടുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കിടപ്പുമുറിയിലോ അടുക്കളയിലോ ഇവയെ കാണുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ തരിച്ചുനിന്നുപോകുന്നവർ ഒരുപാടുണ്ട്. ശാന്തത പാലിക്കുക എന്നതാണ് ഏറ്റവും പ്രധാനം.
പാമ്പുകൾ പൊതുവെ ആക്രമണകാരികളല്ലെന്നാണ് പറയപ്പെടുന്നത്. തങ്ങൾക്ക് ഭീഷണിയാണെന്ന് തോന്നുന്ന സാഹചര്യങ്ങളിലാണ് അവ ആക്രമിക്കുക. പാമ്പിനെ കണ്ടയുടൻ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുകയോ മറ്റോ ചെയ്യുന്നത് അതിനെ പ്രകോപിപ്പിക്കും.
ആദ്യം തന്നെ ദീർഘനിശ്വാസമെടുക്കുക. അകലം പാലിക്കുക. പാമ്പിൽ നിന്ന് കുറഞ്ഞത് ആറ് മുതൽ എട്ട് അടി വരെ അകലം നിലനിർത്തുക. വളർത്തുമൃഗങ്ങളോ ചെറിയ കുട്ടികളോ ഉണ്ടെങ്കിൽ പെട്ടെന്നുതന്നെ അവരെ ആ മുറിയിൽ നിന്ന് പുറത്തിറക്കി സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുക. പാമ്പുമായി ഇടപഴകാനോ ഫോട്ടോ എടുക്കാനോ ശ്രമിക്കുന്നത് ഒഴിവാക്കുക.
കിടപ്പുമുറി, അടുക്കള തുടങ്ങിയ സ്ഥലത്താണ് പാമ്പ് ഉള്ളതെങ്കിൽ, വീടിന്റെ മറ്റ് ഭാഗങ്ങളിലേക്ക് അത് നീങ്ങുന്നത് തടയാൻ വാതിൽ അടയ്ക്കുക. ഒരു ടവലോ മറ്റോ ഉപയോഗിച്ച് വാതിലിന്റെ അടിയിലുള്ള വിടവ് അടയ്ക്കുക. ശേഷം അടുത്തുള്ള പാമ്പ് പിടിത്തക്കാരെ വിവരമറിയിക്കുക. പറ്റുമെങ്കിൽ പാമ്പ് എവിടേക്കാണ് പോകുന്നതെന്നും മറ്റും ദൂരെ നിന്ന് നിരീക്ഷിക്കുക.
പാമ്പിനെ എങ്ങനെ തുരത്താം
എലി, തവള തുടങ്ങിയ ജീവികളെ പിടികൂടാനായാണ് പാമ്പ് പ്രധാനമായും എത്തുന്നത്. ഈ ജീവികളെ തുരത്തുകയാണ് പ്രധാനമായും വേണ്ടത്. അതുവഴി പാമ്പിനെയും അകറ്റാം.
പൂമുഖത്തെ വാതിലിന് താഴെയും ജനാലകൾക്ക് ചുറ്റുമുള്ള വിടവുകൾ തുണിയോ മറ്റോ ഉപയോഗിച്ച് അടയ്ക്കുക.
പാമ്പുകൾ ഒളിച്ചിരിക്കാൻ സാദ്ധ്യതയുള്ള പൂന്തോട്ടങ്ങൾ വൃത്തിയാക്കുക. മുറ്റത്തോ പറമ്പിലോ എലിയുടെയോ മറ്റോ മാളമുണ്ടോയെന്ന് ശ്രദ്ധിക്കുക. ഉണ്ടെങ്കിൽ അത് അടയ്ക്കുക.
പാമ്പുകൾ ഇരുണ്ടതും ശാന്തവുമായ സ്ഥലങ്ങളാണ് ഇഷ്ടപ്പെടുന്നത് എന്നതിനാൽ വൈകുന്നേരങ്ങളിൽ പുറത്തെ ലൈറ്റുകൾ ഓണാക്കുക.
വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലത്തും പാമ്പ് എത്താൻ സാദ്ധ്യതയുണ്ട്. ചോർന്നൊലിക്കുന്ന ടാപ്പുകളും മറ്റുമുണ്ടെങ്കിൽ നന്നാക്കുക. പൂന്തോട്ടത്തിൽ ചെറിയ താമരക്കുളമോ മറ്റോ ഉണ്ടെങ്കിൽ എപ്പോഴും ശ്രദ്ധവേണം.
ക്ലവ് ഓയിൽ (clove oil) മണം പാമ്പിന് അസഹനീയമാണ്. ക്ലവ് ഓയിൽ കുറച്ച് വീടിന് ചുറ്റും തളിച്ചുകൊടുക്കുന്നത് പാമ്പിനെ അകറ്റാൻ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. ഇത് എത്രത്തോളം ശരിയാണെന്ന് വ്യക്തമല്ല.
ഇഞ്ചിപ്പുല്ല് വീടിന്റെ മുറ്റത്ത് നട്ടാൽ പാമ്പുകൾ വരാൻ സാദ്ധ്യത കുറവാണത്രേ. വീട്ടുപരിസരത്ത് ചപ്പുചവറുകൾ കൂട്ടിയിടരുത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |