തിരുവനന്തപുരം: അരുണാചൽ പ്രദേശിലെ ഹോട്ടൽ മുറിയിൽ ദമ്പതികളെയും സുഹൃത്തിനെയും ദേഹമാസകലം മുറിവേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അന്വേഷിക്കാൻ അരുണാചൽ പൊലീസ് അഞ്ചംഗ സംഘത്തെ നിയോഗിച്ചു. മരണത്തിനു പിന്നിൽ സാത്താൻസേവ നിഗമനത്തിലാണ് അരുണാചൽ പൊലീസും. കേരള പൊലീസുമായി സഹകരിച്ചാണ് അന്വേഷണമെന്ന് ഇറ്റാനഗർ എസ്.പി കെനി ബാഗ്ര പറഞ്ഞു. നവീൻ മറ്റുള്ളവരെ ദേഹത്ത് മുറിവേൽപ്പിച്ച് കൊലപ്പെടുത്തിയ ശേഷം അതുപോലെ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക തെളിവുകളിൽനിന്ന് വ്യക്തമായത്. ആര്യയെ കാണാനില്ലെന്ന കേസ് അന്വേഷിക്കുന്ന വട്ടിയൂർക്കാവ് പൊലീസ് എസ്.ഐ രാകേഷും സംഘവും അതിനിടെ അരുണാചലിൽ എത്തിയിട്ടുണ്ട്.
പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ ബന്ധുക്കൾ ഇറ്റാനഗറിലെത്തി. മൂവരുടെയും മൃതദേഹം ഇന്ന് കേരളത്തിലെത്തിക്കും. ദേവിയുടെയും ആര്യയുടെയും മൃതദേഹം തിരുവനന്തപുരത്തും നവീൻ തോമസിന്റെ മൃതദേഹം നെടുമ്പാശ്ശേരിയിലുമാകും എത്തിക്കുക. ആര്യ തങ്ങളുടെ മകളാണെന്നു പറഞ്ഞാണ് ദേവിയും നവീനും ഹോട്ടലിൽ മുറിയെടുത്തത്. നവീൻ തോമസിന്റെ രേഖകളാണ് മുറി എടുക്കാൻ നൽകിയത്.
പെസഹ വ്യാഴ ദിനമായ മാർച്ച് 28 നായിരുന്നു അത്. പിറ്റേന്ന് ദുഃഖവെള്ളി, അതുകഴിഞ്ഞ് ശനി, അടുത്ത ദിവസം ഈസ്റ്റർ ദിനമായ ഞായർ. ഈ മൂന്നുദിവസങ്ങളിലും ഇവർ യാത്രയിലായിരുന്നു. ഈസ്റ്റർ ദിനം രാത്രിയാണ് റൂമിൽ മടങ്ങിയെത്തിയത്. ഏപ്രിൽ ഒന്നിന് ഇവരെക്കുറിച്ച് ഒരു വിവരവും ഇല്ലാതായി. മറ്റുള്ളവരുടെ ദേഹമാസകലം വരഞ്ഞു മുറിച്ച് ചോര ഒഴുക്കിവിട്ട ശേഷം നവീൻ കൈമുറിച്ച് ആത്മഹത്യചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
മരണാനന്തര ട്രാപ്പ്
നവീൻ തോമസും ദേവിയും വർഷങ്ങളായി മരണാനന്തര ജീവിതത്തെപ്പറ്റി പഠിക്കുന്നുണ്ടായിരുന്നുവെന്ന് മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച തെളിവുകളിൽ വ്യക്തമായി. മരണാനന്തര ജീവിതം, അന്യഗ്രഹ ജീവിതം എന്നിവയെക്കുറിച്ചുള്ള ആശങ്ങൾ ആദ്യം പഠിച്ചത് നവീൻ തോമസായിരുന്നു. പിന്നീട് മറ്റു രണ്ടുപേരെയും ഇതിലേക്ക് കൂട്ടികൊണ്ടുവന്നു. ആര്യയുടെ കഴുത്തിനും ദേവിയുടെയും നവീന്റെയും കൈയിലുമാണ് മുറിവുകൾ. രക്തം കട്ടപിടിക്കാതിരിക്കാനുള്ള ഗുളികകൾ ഇവർ കഴിച്ചിരുന്നു. ബാക്കി വന്നത് പൊലീസ് കണ്ടെത്തി.
പ്ലേറ്റിൽ തലമുടി, കറുത്തവളകൾ
മൂവരെയും മരിച്ചനിലയിൽ കണ്ടെത്തിയ മുറിയിൽ നിന്ന് ഒരുപ്ലേറ്റിൽ തലമുടിയും കറുത്തവളകളും കണ്ടെത്തി. ഈ തെളിവുകളും ചോര വാർന്നുപോയുള്ള മരണത്തിനായി സ്വീകരിച്ച രീതികളും കോർത്തിണക്കിയാണ് സാത്താൻസേവയാണെന്ന സംശയത്തിൽ പൊലീസ് എത്തിയത്. ഇവർ ഇതിനായി തിരഞ്ഞെടുത്ത ദിവസങ്ങളും സംശയം ബലപ്പെടുത്തുന്നു.
പെസഹവ്യാഴം, ദുഃവെള്ളി, ഈസ്റ്റർ ദിനങ്ങളുമായി ബന്ധപ്പെട്ടാണ് ഇവർ അരുണാചലിലെ ഉൾഗ്രാമമായ 'സിറോ'യിൽ എത്തുന്നത്. ഈസ്റ്റർ ദിനത്തിൽ ഇവർ സാത്താൻസേവ നടത്തിയെന്നാണ് പൊലീസിന്റെ നിഗനമം.
നവീനും ദേവിയും ഒന്നര വർഷം മുൻപും അരുണാചൽ പ്രദേശിലെ സിറോയിലേക്ക് യാത്ര ചെയ്തിരുന്നു. ഗൂഗിൾ മാപ്പ് നോക്കിയാണ് ഇവരുടെ യാത്രാവിവരം കണ്ടെത്തിയത്. പ്രദേശത്ത് സാത്താൻ സേവയോ ബ്ലാക്ക് മാജിക്കോ നടത്തുന്ന സംഘങ്ങളുണ്ടാകാമെന്നും പൊലീസ് സംശയിക്കുന്നു.
മൃതദേഹവും കാത്ത് കല്ല്യാണവീട്
വട്ടിയൂർക്കാവ് മേലത്തുമേലെ സ്വദേശിനി ആര്യ ബി.നായരുടെ കല്ല്യാണം അടുത്ത മാസം ഏഴിനായിരുന്നു. ആഭരണവും വസ്ത്രങ്ങളും വരെ എടുത്തു. കല്ല്യാണത്തിനൊരുങ്ങിയ ഈ വീട്ടിലേക്കാണ് ആര്യയുടെ മൃതദേഹം എത്തിക്കുന്നത്. ആര്യ മരിച്ച വിവരം അമ്മയെ അറിയിച്ചിട്ടില്ല.
ആര്യയെ ഭീഷണിപ്പെടുത്തി കൊണ്ടുപോയതാണെന്ന സംശയവും ബന്ധുക്കൾ ആരോപിക്കുന്നു.
27ന് രാവിലെ സ്‌കൂളിൽ ജോലിക്കു പോയ ആര്യ മടങ്ങിയെത്താത്തതിനെ തുടർന്ന് ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നു. സ്‌കൂളിൽ വിളിച്ചപ്പോൾ അവധി അപേക്ഷ നൽകിയതായി മനസിലായി. പിന്നീടാണ് വട്ടിയൂർക്കാവ് പൊലീസിൽ പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |