തിരുവനന്തപുരം: അനുവദിച്ച ഗ്രാന്റ് സർക്കാർ മറ്റാവശ്യങ്ങൾക്ക് മാറ്റിയതോടെ പ്രതിസന്ധിയിലായ ശമ്പള, പെൻഷൻ വിതരണം സർവകലാശാലകളിൽ തുടങ്ങി. കേരളയിലും കണ്ണൂരിലും പൂർത്തിയായി. വകമാറ്റിയതിൽ 90 കോടി രൂപ ബുധനാഴ്ച സർവകലാശാലകൾക്ക് ധനവകുപ്പ് ലഭ്യമാക്കിയതാണ് രക്ഷയായത്.
സർക്കാർ,എയ്ഡഡ് കോളേജുകളിലും ശമ്പളവിതരണം തുടങ്ങി. ഗവേഷക വിദ്യാർത്ഥികൾക്കുള്ള ഫെലോഷിപ്പും നൽകിത്തുടങ്ങി.
സർവകലാശാലകളിലെ ശമ്പളവും പെൻഷനും ഗ്രാന്റ് ഉപയോഗിച്ച് അവരും സർക്കാർ,എയ്ഡഡ് കോളേജുകളിൽ സർക്കാർ നേരിട്ടുമാണ് നൽകുന്നത്. എല്ലാ സർവകലാശാലകളുടെയും ശമ്പളവും പെൻഷനും ഒന്നിച്ചു മുടങ്ങുന്നത് ഇത് ആദ്യമാണ്.
ഫണ്ട് ഒന്നാകെ ട്രഷറിയിലേക്ക്
രണ്ട് വർഷമായി കുസാറ്റ് ഒഴികെയുള്ള സർവകലാശാലകളിൽ ട്രഷറി വഴിയാണ് ശമ്പളവും പെൻഷനും നൽകുന്നത്. സർവകലാശാലയുടെ പദ്ധതി, പദ്ധതിയേതര ഫണ്ട് കഴിഞ്ഞവർഷം മുതൽ ട്രഷറിയിലേക്ക് മാറ്റിയിരുന്നു. ഇത് സർക്കാർ മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിച്ചു. പെൻഷൻ ഫണ്ടിനു വേണ്ടി കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കേരള സർവകലാശാല നീക്കിവച്ചിരുന്ന 500 കോടി രൂപയും കഴിഞ്ഞവർഷം ട്രഷറിയിലേക്ക് മാറ്റിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |